സ്മൃതി മന്ദാന ചരിതം 2.0; രണ്ടാം ഐപിഎല്ലില്‍ കിരീടം ചൂടി ആർസിബി

41 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി
സ്മൃതി മന്ദാന ചരിതം 2.0; രണ്ടാം ഐപിഎല്ലില്‍ കിരീടം ചൂടി ആർസിബി
Published on

വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം കിരീടം ചൂടി ബെംഗുളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഡല്‍ഹി ക്യാപ്റ്റല്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം 19.4 പന്തില്‍ സ്മൃതി മന്ദാനയും സംഘവും മറികടന്നു. 41 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി. മന്ദാനയും ജോര്‍ജ്ജിയ വോളും(54 പന്തില്‍ 79 റണ്‍സ്) ചേര്‍ന്ന് ഉയര്‍ത്തിയ 164 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം മിന്നുമണി 18-ാം ഓവറില്‍ നഷ്ടമാക്കിയ ക്യാച്ചും ആവേശപ്പോരില്‍ നിര്‍ണായകമായി.

ടോസ് നേടിയ ബെംഗുളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹിയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചില്‍ പ്രവചനങ്ങള്‍ പ്രതിഫലിക്കുന്ന പ്രകടനമാണ് ജമീമ റോഡ്രിഗസിന്റെ സ്‌ക്വാഡ് പുറത്തെടുത്തത്. പവര്‍ പ്ലേയുടെ അവസാനം വെടിക്കെട്ട് ബാറ്റര്‍ ഷിഫാലി (13 പന്തില്‍ 20 റണ്‍സ്) ഡല്‍ഹിക്ക് നഷ്ടമായെങ്കിലും വണ്‍ഡൗണെത്തിയ ലോറ വൂള്‍വര്‍ഡാട്ട് സ്‌കോറിങിന് വേഗം കൂട്ടി. 30 പന്തില്‍ 37 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലീസേല്‍ ലീയും കരുത്തുകാട്ടിയതോടെ ഡല്‍ഹിയുടെ സ്‌കോര്‍ അനായാസം 150 റണ്‍സ് കടന്നു. ലീക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജമീമ 37 പന്തില്‍ 57 റണ്‍സുമായി തിളങ്ങി. ജമീമ തന്നെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ലോറ 45 റണ്‍സെടുത്തു പുറത്തായി. ഡെത്ത് ഓവറില്‍ തകര്‍ത്തടിച്ച കരീബിയന്‍ കരുത്ത് ചിന്‍ലി ഹെന്‍ട്രി (15 പന്തില്‍ 35 റണ്‍സ്) സ്‌കോര്‍ 203ലെത്തിച്ചു.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആർസിബി അനായസമാണ് മുന്നേറിയത്. രണ്ടാം ഓവറില്‍ ഗ്രേസ് ഹാരിസിനെ നഷ്ടമായെങ്കിലും പിന്നീട് സ്മൃതി മന്ദാനയും ജോര്‍ജ്ജിയ വോളും ചേര്‍ന്ന് നടത്തിയ ആധികാരിക പ്രകടനം സ്‌കോര്‍ അനായാസം ചലിപ്പിച്ചു. എന്നാല്‍ 17-ാം ഓവറില്‍ ജോര്‍ജ്ജിയ പുറത്തായതിന് പിന്നാലെ ആര്‍സിബിയുടെ നില പരുങ്ങലിലായി. പിന്നാലെയെത്തിയ റിച്ചാ ഗോഷും പുറത്തായതോടെ ഡല്‍ഹി മത്സരത്തിലേക്ക് തിരികെയെത്തുമെന്ന് തോന്നിച്ചു. തൊട്ടടുത്ത ഓവറില്‍ സ്മൃതി മന്ദാനയെയും കൂടാരം കയറ്റി വിജയത്തിലേക്ക് ഒരുപടി കൂടി അടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ച് പന്തില്‍ 12 റണ്‍സ് അടിച്ചെടുത്ത രാധാ യാദവ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. രാധാ യാദവിനെ പുറത്താക്കാന്‍ 19-ാം ഓവറില്‍ ലഭിച്ച അവസരം മലയാളി താരം മിന്നു മണി കളഞ്ഞതും ഡല്‍ഹിക്ക് തിരിച്ചടിയായി. ഇത് തുടര്‍ച്ചായ രണ്ടാം തവണയാണ് ഡല്‍ഹി ഫൈനലില്‍ പരാജയപ്പെടുന്നത്.

English Summary: Smriti Mandhana scripts history 2.0! Royal Challengers Bengaluru (RCB) clinch their maiden Women's Premier League (WPL) title in the second season, with captain Smriti Mandhana leading from the front in a thrilling finale.

Related Stories

No stories found.
Madism Digital
madismdigital.com