റയലിൽ പൊട്ടിത്തെറി, കയ്യാങ്കളിക്കുശേഷം പരസ്പരം മിണ്ടാതെ താരങ്ങൾ; ക്ലബിന്റെ ഭാവി തൃശങ്കുവിൽ

സീസണില്‍ ഒരു കിരീടംപോലും നേടാനാകാതെ സമ്മര്‍ദത്തിലായ റയല്‍ മാഡ്രിഡിന്റെ ഡ്രസിങ്‌റൂമില്‍നിന്ന് ഉയര്‍ന്നുവരുന്നത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍
റയലിൽ പൊട്ടിത്തെറി, കയ്യാങ്കളിക്കുശേഷം പരസ്പരം മിണ്ടാതെ താരങ്ങൾ; ക്ലബിന്റെ ഭാവി തൃശങ്കുവിൽ
Published on

സീസണില്‍ ഒരു കിരീടംപോലും നേടാനാകാതെ സമ്മര്‍ദത്തിലായ റയല്‍ മാഡ്രിഡിന്റെ ഡ്രസിങ്‌റൂമില്‍നിന്ന് ഉയര്‍ന്നുവരുന്നത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍. നിലവിലെ കിരീടക്ഷാമത്തിന് പരിഹാരംതേടി പ്രസിഡണ്ട് പെരസ് കോച്ചുമാരെ തിരഞ്ഞെടുക്കുന്നതിലും ക്ലബിലെ മറ്റുമാറ്റങ്ങളിലും മുഴുകിയിരിക്കുമ്പോഴാണ് അത്ര സുഖകരമല്ലാത്ത വാര്‍ത്തകള്‍ ബെര്‍ണബ്യൂവില്‍നിന്ന് ഉയരുന്നത്.

ചില താരങ്ങള്‍ പരസ്പരം സംസാരിക്കുന്നില്ലെന്നും രണ്ട് താരങ്ങള്‍തമ്മിലുള്ള വാഗ്വാദം കയ്യാങ്കളിയില്‍ അവസാനിച്ച വാര്‍ത്തകളുമാണ് കായികലോകം കേള്‍ക്കുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് ഡ്രസിങ് റൂമില്‍ വാല്‍വെര്‍ഡെയും ചൗമേനിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ ട്രയിനിങ് ഗ്രൗണ്ടില്‍ നടന്ന ഏറ്റുമുട്ടൽ കയ്യാങ്കളിയിലാണ് അവസാനിച്ചത്. സംഭവത്തെതുടർന്ന് വാല്‍വെര്‍ഡയുടെ തല പൊട്ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെഡെയെ വീൽചെയറിണ് ഡിസ്ചാർജ് ചെയ്തത്.

സംഭവത്തെതുടർന്ന് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് റയല്‍മാഡ്രിഡ് ഔദ്യോഗികമായി പ്രസ്താവനയിറക്കി. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും 14 ദിവസം വിശ്രമം വേണമെന്ന് റയല്‍മാഡ്രിഡ് അറിയിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് അന്റോണിയോ റൂഡിഗറും അല്‍വാരോ കരേരസും ട്രസിങ് റൂമില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു. മറ്റൊരു സൂപ്പർതാരമായ എംബാപെക്കെതിരെയും പെരുമാറ്റദൂഷ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീം ഒഫീഷ്യല്‍സിനോട് തട്ടിക്കയറി സംസാരിച്ചെന്നാണ് എംബാപെക്കെതിരെയുള്ള ആരോപണം. താരം സ്വന്തം ഇമേജില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ടീം സ്പിരിറ്റിലേക്ക് വരുന്നില്ലെന്നും ടീമംഗങ്ങള്‍ക്കിടിയില്‍ സംസാരമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

റയലിൽ പൊട്ടിത്തെറി, കയ്യാങ്കളിക്കുശേഷം പരസ്പരം മിണ്ടാതെ താരങ്ങൾ; ക്ലബിന്റെ ഭാവി തൃശങ്കുവിൽ
എംബാപെയെ പുറത്താക്കാൻ മാസ്സ് പെറ്റിഷനുമായി റയൽ ആരാധകർ; ക്ലബിലെ ഭാവി തുലാസിലാകുമോ?

ഇതിനിടയില്‍ ഒരു കിരീടവും നേടാന്‍ കഴിയാതെ ക്ലബ് നട്ടംതിരിയുമ്പോള്‍ പരിക്കിനിടയിലുള്ള വിശ്രമ സമയം താരം കാമുകിയുമോടൊത്ത് വിനോദയാത്രയിലാണെന്ന ഫോട്ടോ ആരാധകരെ ചൊടുപ്പിച്ചിരുന്നു. എംബാപെയെ പുറത്താക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പ്രസിഡിണ്ട് പെരസിന് ആരാധകര്‍ മാസ് പെറ്റിഷനുമായി രംഗത്തെത്തി. 3 കോടി പേരാണ് ഇതുവരെ പെറ്റിഷനില്‍ ഒപ്പുവെച്ചത്.

അതിനിടെ കോച്ചും മുതിര്‍ന്ന താരങ്ങളുംതമ്മില്‍ മാനസികമായി അകല്‍ച്ചയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർവഹാൾ ഉൾപ്പെടെയുള്ള താരങ്ങളും കോച്ച് അൽവാരോ ആർബെലോവയുംതമ്മിൽ സുഖത്തിലല്ലെന്നാണ് ടീം അം​ഗങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നത്. താരങ്ങളില്‍ സ്വാധീനമില്ലെന്നായിരുന്നു മുന്‍ കോച്ചായിരുന്ന സാബി അലോണ്‍സക്കെതിരെയും ഉയര്‍ന്ന പരാതികൾ. വിനീഷ്യസ് ജൂനിയര്‍, എംബാപെ തുടങ്ങിയ താരങ്ങള്‍ അലോണ്‍സയോട് കയര്‍ക്കുന്ന വീഡിയോകള്‍ പുറത്തായിരുന്നു.

അതേസമയം വാല്‍വെര്‍ഡെക്കും ചൗമേനിക്കുമെതിരെ കടുത്ത അച്ചടക്ക നടപടികള്‍ റയല്‍മാഡ്രിഡ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 11 മത്സരങ്ങളുടെ സാലറി തടഞ്ഞുവെക്കുന്നതായിരിക്കും ആദ്യഘട്ട നടപടി. ഗൗരവകരമായ കുറ്റകൃത്യമാണെങ്കില്‍ ഇത് 20 മത്സരങ്ങളുടെ സാലറിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി വാല്‍വര്‍ഡെ രംഗത്തുവന്നു. പരസ്പരം ഉണ്ടായത് സാധാരണ ട്രസിങ് റൂമില്‍ സംഭവിക്കുന്നതാണെന്നും ചൗമേനിയോ താനോ പരസ്പരം അക്രമിച്ചിട്ടില്ലെന്നും ഡസ്‌കില്‍ തട്ടിയാണ് തലപൊട്ടിയതെന്നും താരം അറിയിച്ചു.

English Summary: Real Madrid is facing a severe internal crisis and dressing room tension after failing to win any trophies this season. A heated dispute between Federico Valverde and Aurélien Tchouameni escalated into a physical fight at the training ground. Valverde sustained a head injury requiring hospitalization and 14 days of rest, while the club has initiated disciplinary action against both players.

Madism Digital
madismdigital.com