

സാക്ഷാല്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ കപ്പിത്താന്‍ സ്ഥാനത്തുനിന്നുള്ള പടിയിറക്കത്തിന് മറുപടിയായി 'യെല്ലോ ആര്‍മി' നിസ്സംശയം ചൂണ്ടിക്കാട്ടിയ പോരായിരുന്നു ഋതുരാജ് ഗെയ്ക്വാദ്. ചുരുങ്ങിയ കാലഘട്ടത്തില്‍ത്തന്നെ ചെന്നൈ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ ഋതുരാജിനെ നോക്കി "ഇതാ... ഞങ്ങളുടെ ഭാവി" എന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ധോണിയുടെ കാല്‍പ്പാടുകളുടെ വിടവ് അത്ര എളുപ്പത്തില്‍ നികത്താവുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി. ഗെയ്ക്വാദ് നയിച്ച 20 കളികളില്‍ 12 എണ്ണത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റു. നിര്‍ണയിക്കാന്‍ വളരെ നേരത്തെയാണെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് ഗെയ്ക്വാഗിന്റെ ഭാവി നിലവില്‍ അത്ര സുരക്ഷിതമല്ല.
ഗെയ്ക്വാദ് ചെന്നൈ ആരാധകര്‍ക്ക് 'ഋതു' ആയതെങ്ങനെ?
മഹാരാഷ്ട്രയിലെ പുണെയില്‍ ജനിച്ച 29 കാരനായ ഗെയ്ക്വാദ് മഹാരാഷ്ട്ര സംസ്ഥാനത്തിനു വേണ്ടി പല പ്രായവിഭാഗങ്ങളിലും കളിച്ചുകൊണ്ടായിരുന്നു തുടക്കം. 2016-17 സീസണില്‍ മഹാരാഷ്ട്രക്കായി രഞ്ജി ട്രോഫി അരങ്ങേറ്റം നടത്തി. അതേവര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ 444 റണ്‍സ് നേടി മൂന്നാനത്തെ മികച്ച റണ്‍ നേട്ടക്കാരനായി മാറി. പിന്നീട് ഇന്ത്യ-എ, ഇന്ത്യ അണ്ടര്‍-23 ഒടുവില്‍ ഐപിഎല്ലിലേക്കുമുള്ള ചുവടുവെപ്പായി ഇത് മാറി. 2019 ലെ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയെങ്കിലും 2020 ലാണ് കഴിവുതെളിയിക്കാന്‍ അവസരം ലഭിച്ചത്.
2021 ല്‍ 635 റണ്‍സോടുകൂടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗെയ്ക്വാദ് ചെന്നൈക്കുവേണ്ടി ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. 2021 ലും 2023 ലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ചെന്നൈക്കുവേണ്ടി 71 ഇന്നിങ്‌സുകളിലായി 2508 റണ്‍സും ഗെയ്ക്വാദ് നേടി. എം.എസ്. ധോണിയുടെ പകരക്കാരനായി ഫ്രാഞ്ചൈസ് വളര്‍ത്തിക്കൊണ്ടുവന്ന ഒരാള്‍ തന്നെ വേണമെന്ന് ഫാന്‍സും മാനേജ്‌മെന്റും ശാഠ്യം പിടിച്ചതോടെ ഉത്തരവാദിത്തങ്ങളുടെ താക്കോല്‍ ഋതുവിലേക്ക് നീണ്ടു. എന്നാല്‍ ക്യാപ്റ്റന്‍ പദവിയില്‍ തിളങ്ങാനാവാതെ പഴി കേള്‍ക്കുകയാണ് ഗെയ്ക്വാദ്.
ഗെയ്ക്വാദ് മാത്രമാണോ പ്രശ്‌നം?
ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന ഫ്രാഞ്ചൈസില്‍ അടിമുടി മാറ്റമാണ് കഴിഞ്ഞ രണ്ട് കൊല്ലങ്ങളിലായി നടന്നുവരുന്നത്. 2023 ചാമ്പ്യന്‍സ് ആയ ചെന്നൈ ടീമിലെ കളിക്കാരില്‍ ഇന്ന് ധോണിയും ഗെയ്ക്വാദും ദുബെയും മാത്രമാണുള്ളത്. അനുഭവസമ്പത്തുള്ള ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവം ചെന്നൈയുടെ നട്ടെല്ലായിരുന്ന മിഡില്‍ ഓര്‍ഡര്‍ നിര്‍ജീവമാക്കി. കോണ്‍വേ-രചിന്‍ രവീന്ദ്ര സഖ്യം നല്‍കിയിരുന്ന സ്‌ഫോടനാത്മകമായ തുടക്കം പവര്‍പ്ലേ ബൗളര്‍മാര്‍ക്ക് ദുഃസ്സഹമാക്കിയിരുന്നു. എന്നാല്‍, കോണ്‍വേയ്ക്ക് പകരം ഗെയ്ക്വാദ് ഓപ്പണര്‍ ആയത് ടീമിന്റേയും ഗെയ്ക്വാദിന്റെയും കളിരീതിയെ ബാധിച്ചു. വേഗത്തിലുള്ള സ്‌കോറിങ് സാധ്യമാവാതെ മോഡേണ്‍ ടി-ട്വന്റിയില്‍ നിന്നും ചെന്നൈ അന്യംനിന്നുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി കണ്ടത്.
ക്രീസില്‍ പതിയെ നിലയുറപ്പിച്ചശേഷം ആക്രമിച്ച് കളിക്കുന്ന രീതിയാണ് ഗെയ്ക്വാദിന്റേത്. ഒരു വണ്‍-ഡൗണ്‍ ബാറ്റര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതി. ബൗളിങ് വിഭാഗത്തിലേക്ക് വരുമ്പോളാണ് എം.എസ്.ധോണി എന്ന ചാണക്യനെ ചെന്നൈ ഓര്‍ത്തുപോവുന്നത്. പരിചയസമ്പത്ത് തീരെയില്ലാത്ത തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാണ തുടങ്ങിയ പേസര്‍മാരെ വച്ച് 2023 ഐപിഎല്‍ കിരീടം ചൂടിയത് ലോകക്രിക്കറ്റിനെ പിടിച്ചു കുലുക്കിയതാണ്.
ലൈനിലും ലെങ്ത്തിലും ശ്രദ്ധകേന്ദ്രീകരിക്കാതെ 'അണ്‍ ഓര്‍ത്തഡോക്‌സ്' ബൗളിങ് രീതിയാണ് ധോണിയുടെ പേസര്‍മാരുടേത്. ഡ്വയ്ന്‍ ബ്രാവോയും മോഹിത് ശര്‍മയും ധോണിക്ക് കീഴില്‍ തകര്‍ത്താടിയതും ഇതേ രീതി ഉപയോഗിച്ചാണ്. ഇത്തരം 'മീഡിയം ഫാസ്റ്റ്' പേസര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഗെയ്ക്വാദ് പരാജയപ്പെട്ടെന്ന് വ്യക്തം.
പരിഹാരക്രിയകള്‍ എന്തെല്ലാം?
ബാറ്റര്‍മാരുടെ കളിയായി ടി-ട്വന്റി മാറിയ ഈ സാഹചര്യത്തില്‍ ടീമിന്റെ ബാറ്റിങ് കരുത്ത് പരമാവധി ഉപകാരപ്പെടുത്തുക എന്നതാണ് ആദ്യ ജോലി. ആക്രമോത്സുക സ്വഭാവമുള്ള യുവതാരം ആയുഷ് മഹാത്രെയും സഞ്ജു സാംസണും ഓപ്പണേഴ്‌സ് ആവുന്നത് ടീമിന്റെ റണ്‍റേറ്റ് കൂട്ടും. വണ്‍ ഡൗണായി ഇറങ്ങുന്ന ഗെയ്ക്വാദിന് സ്വതന്തമായി കളിക്കാനും ഇത് സഹായിക്കും. ടോപ് ഓര്‍ഡര്‍ തകര്‍ന്നില്ലെങ്കില്‍ അവസാന ഓവറുകളില്‍ ടീമിന്റെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്താന്‍ കെല്‍പ്പുള്ള ശിവം ദുബെ പോലുള്ള 'ബിഗ് ഹിറ്റേഴ്‌സും' ടീമിലുണ്ട്.
ബൗളിങ് വിഭാഗത്തില്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് വലിയൊരു മുതല്‍ക്കൂട്ടാണ്. നേതന്‍ എല്ലിസിനെ പോലുള്ള ബൗളേഴ്‌സ് ചെന്നൈയുടെ പേസ് ബൗളിങ്ങ് സംസ്‌കാരത്തിന് വളരെയധികം യോജിച്ച കളിക്കാരനാണ്. എന്നാല്‍, പേശീവലിവ് മൂലം എല്ലിസിന് സീസണ്‍ നഷ്ടമാവുകയായിരുന്നു. എല്ലിസിന്റെ അഭാവത്തില്‍ പരിചയസമ്പന്നരായ ജെയ്മി ഓവര്‍ട്ടണെയും മാറ്റ് ഹെന്റിയെയും ഗെയ്ക്വാദ് എങ്ങനെ ഉപയോഗിക്കും എന്നതിനെ അനുസരിച്ചാകും ചെന്നൈയുടെ കിരീടസാധ്യതകള്‍.
English Summary: Ruturaj Gaikwad is facing growing pressure as captain of Chennai Super Kings after losing 12 of his first 20 matches in charge. While he has been a key player and fan favourite since succeeding MS Dhoni, his captaincy has not yet delivered expected results