

മുംബൈ: കിവീസിനെതിരായ പരമ്പരയില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ പ്രതീക്ഷിച്ച ഫോമിലല്ല മുന്നോട്ടുപോകുന്നത്. നാല് മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ആകെ നേടാനായത് വെറും 40 റണ്‍സ് മാത്രമാണ്. ഒരു ഗോള്‍ഡണ്‍ ഡെക്കായി കൂടാരം കയറേണ്ടിവരികയും ചെയ്തു. കഴിഞ്ഞ 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. പവര്‍ പ്ലേകളില്‍ സഞ്ജുവിനെ ഉപയോഗിക്കാന്‍ ടീമിന് കഴിയാതിരിക്കുമോയെന്ന ആശങ്കയും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ കളി അവസാനിച്ചെന്ന് വിലയിരുത്താനും വയ്യ.
ആദ്യ പന്ത് മുതല്‍ ബാക്ക് ഫൂട്ടിലേക്ക് ഇറങ്ങിയും ക്രീസിന് പുറത്തു നിന്നും ബൗണ്ടറിയിലേക്ക് ബോള്‍ എത്തിക്കാനാണ് സഞ്ജു ശ്രമിക്കാറ്. എന്നാല്‍ ഈ രീതി മിക്ക സമയത്തും പരാജയപ്പെടും. സ്ഥിരതയുള്ള പ്രകടനത്തിലേക്കുള്ള ഇന്നിങ്‌സ് നയിക്കാന്‍ ഈ ശൈലി തടസ്സമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സമാന പ്രതിസന്ധി നേരിട്ട മറ്റൊരു താരമാണ് സൂര്യകുമാര്‍ യാദവ്. വെടിക്കെട്ട് ശൈലി മിക്കപ്പോഴും പരാജയപ്പെട്ടപ്പോള്‍ സ്ഥിരത കൈവരിക്കാന്‍ വേണ്ടി ഗൗതം ഗംഭീറും ടീം സെലക്ടര്‍മാരും സൂര്യകുമാര്‍ യാദവിന് ആവശ്യമായ അവസരങ്ങളും സമയവും നല്‍കിയിരുന്നു, ഇതേ പിന്തുണയാണ് സഞ്ജുവിന് നിലവില്‍ ആവശ്യം.
ഐപിഎല്ലില്‍ ആവശ്യത്തിന് അവസരങ്ങള്‍ കിട്ടിയപ്പോള്‍ സഞ്ജു നേടിയ റെക്കോര്‍ഡുകള്‍ ചെറുതല്ല. ആറ് സെഞ്ച്വറികളും 51 അര്‍ധ സെഞ്ച്വറികളുമാണ് ഇതുവരെ വിവിധ സീസണുകളിലായി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇത്തവണ ചെന്നൈയിലേക്ക് കൂടുമാറുമ്പോള്‍, സമാനരീതിയിലുള്ള പ്രകടനം സഞ്ജുവില്‍ നിന്ന് ധോണിയും സംഘവും പ്രതീക്ഷിക്കുന്നുണ്ട്. കിവീസിനെതിരായ പരമ്പരയിലെ അവസാന മത്സരം സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ കാര്യവട്ടത്താണ് നടക്കുന്നത്. ഇവിടെ തിളങ്ങാനായാല്‍ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് ലഭിക്കുമെന്നതില്‍ സംശയമില്ല.
English Summary: Sanju Samson is struggling for form in the ongoing T20I series against New Zealand, managing only 40 runs across four matches as opener, including a golden duck. Despite his aggressive powerplay approach leading to inconsistency, bowling coach Moin Morkel and the team management believe he needs the same patience and opportunities once given to Suryakumar Yadav to regain rhythm.