

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ബഹിഷ്കരണം പിന്‍വലിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി മുൻ നായകൻ ഷാഹിദ് അഫ്രീദി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ സമ്മർദങ്ങള്‍ക്ക് വഴങ്ങി പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കീഴിൽ വെച്ചുവെന്ന് ഒരു ചാനൽ ചർച്ചയ്ക്കിടയിൽ അഫ്രീദി പ്രതികരിച്ചു. നേരത്തെ ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിൽ മണിക്കൂറുകളോളം നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് പിസിബി ബഹിഷ്കരാണം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 15ന് കൊളംബോയിൽ വെച്ചാണ് ഇന്ത്യ–പാക്ക് പോരാട്ടം.
പിസിബി ഇങ്ങനെ നാണം കെടുന്നത് എന്തിനാണെന്നും നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കുക ഇല്ലെങ്കിൽ ഉപേക്ഷിക്കുക, നിങ്ങളിപ്പോൾ പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചിരിക്കുകയാണ്, അഫ്രീദി വിമർശിച്ചു. പണത്തിനായി പാകിസ്ഥാന്റെ അഭിമാനമാണ് പണയം വെച്ചത്, രാജ്യാന്തരതലത്തിൽ തന്നെ ഇതൊരു നാണക്കേടായി മാറിയെന്നും ഷാഹിദ് അഫ്രീദി കുറ്റപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകുന്നത് നാലു ഗുജറാത്തികൾ ചേർന്നാണെന്നും അഫ്രീദി ആരോപിച്ചു.
ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയായിരുന്നു ബഹിഷ്കരണ തീരുമാനത്തിൽ നിന്നു പിന്മാറുന്നതായി പാക് സർക്കാർ അറിയിച്ചത്. ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നതയാണ് വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
ബഹിഷ്കരണ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മേധാവി അമിനുൽ ഇസ്‌ലാം പിസിബിക്ക് കത്ത് അയച്ചിരുന്നു. ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഇതേ ആവശ്യം ഉന്നയിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോൺ വഴി സംസാരിച്ചു. നിലവിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കണമെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ്, പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
English Summary: Former Pakistan captain Shahid Afridi criticised the Pakistan Cricket Board for agreeing to play India in the T20 World Cup, accusing it of sacrificing national pride for financial reasons.