

അഹമ്മദാബാദ്: ട്വന്റി ട്വന്റി ലോകകപ്പിനായി അഹമ്മദാബാദിലൊരുങ്ങുന്നത് ബാറ്റിങ് പിച്ചെന്ന് റിപ്പോര്‍ട്ട്. 2023ലെ ലോകകപ്പില്‍ ഓസീസിനോടേറ്റ തോല്‍വിയുടെ കയ്പ്പുനീരുമായി കളത്തിലിറങ്ങുന്ന ഇന്ത്യ അതീവ ജാഗ്രതയിലാണ് പിച്ചിന്റെ സ്വഭാവം നിരീക്ഷിക്കുന്നത്. ഇത്തവണത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോറ്റതും നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. നാളെ രാത്രി 7നാണ് മത്സരം.
പുല്ലിന്റെ അംശം നിലനിര്‍ത്തി കറുത്ത മണ്ണിട്ടാണ് പിച്ച് നിര്‍മ്മിച്ചിരിക്കുന്നത്. പേസ് ബൗളര്‍മാര്‍ക്ക് ഇത്തരം പിച്ചുകളില്‍ മുന്‍തൂക്ക സാധ്യത കുറവാണ്. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും പോലുള്ള ബാറ്റര്‍മാര്‍ക്ക് ഇത്തരം പിച്ചുകളെ മുതലെടുക്കാനാവുമെന്ന പ്രതീക്ഷയും ടീം മാനേജ്‌മെന്റിനുണ്ട്. എന്നാല്‍ അപ്രതീക്ഷിത ബൗണ്‍സറുകള്‍ക്ക് തടയിട്ടാല്‍ മാത്രം ഇന്ത്യയ്ക്ക് കിരീട നേട്ടം സാധ്യമാകില്ല. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരുടെ ബൗളിങ് പ്രകടനവും നിര്‍ണായകമായിരിക്കും.
മിന്നും ഫോമിലുള്ള ഫിന്‍ അലന്‍, ടിം സീഫേര്‍ട്ട് തുടങ്ങിയ കിവീസ് താരങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 289 റണ്‍സാണ് ഫിന്‍ അലന്‍ നേടിയിരിക്കുന്നത്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് താരം. ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ മാത്രമാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ള ഏക താരം. 232 റണ്‍സുമായി സഞ്ജു സാംസണ്‍ പട്ടികയില്‍ 11-ാം സ്ഥാനത്താണ്.
ഇന്ത്യ സാധ്യത ഇലവന്‍: സഞ്ജു വി സാംസണ്‍(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യെ, ശിവം ദുംബെ, അക്സര്‍ പട്ടേല്‍, അര്‍ഷദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.
English Summary: A batting-friendly pitch is expected at Ahmedabad for the T20 World Cup final. India will rely on batters like Sanju Samson while bowlers Jasprit Bumrah and Varun Chakravarthy could play crucial roles against a strong New Zealand lineup