

ബെനോനി: മിന്നും പ്രകടനം ആവർത്തിച്ച് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് അതിവേഗ അർധസെഞ്ച്വറിയുമായി താരം തിളങ്ങിയത്. വെറും 24 പന്തുകള്‍ നേരിട്ട വൈഭവ് 10 സിക്‌സും ഒരു ഫോറും ഉൾപ്പെടെ 68 റണ്‍സ് അടിച്ചെടുത്തു.
വൈഭവ് ഓടിയെടുത്തത് വെറും 4 റൺസ് മാത്രമാണെന്നതും ഇന്നിങ്സിന്റെ പ്രത്യേകതയാണ്. മനോഹരമായ ഒരു സിക്സറോടു കൂടിയായിരുന്നു താരത്തിന്റെ ഇന്നിങ്സ് ആരംഭിച്ചത്. പിന്നീടെത്തിയ എല്ലാ ബൗളർമാരെയും കണക്കിന് പെരുമാറിയ കൌമാരക്കാരന്‍ അതിവേഗം അർധസെഞ്ച്വറി പൂർത്തിയാക്കി. വെടിക്കെട്ട് ഇന്നിങ്സ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കൻ കൗമാരം 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിന് മുൻപ് മഴയെത്തിയതോടെ വിജയലക്ഷ്യം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു. വൈഭവിനെ കൂടാതെ വേദാന്ത് ത്രിവേദി (31*), അഭിഗ്യാന്‍ കുണ്ടു (48*) എന്നിവരുടെ പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മലയാളി താരം ആരോണ്‍ ജോര്‍ജ് (20) കാര്യമായ സംഭാവന നൽകാനായില്ല.
ലോകക്രിക്കറ്റ് തന്നെ സമീപകാലത്ത് ഏറ്റവും കൂടുതൽ ആഘോഷ കൗമാര ക്രിക്കറ്ററാണ് വൈഭവ്. രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തുന്നത്. പിന്നീട് സ്ഥിരതയോടെ അണ്ടര്‍ 19 മത്സരങ്ങളിൽ മിന്നും പ്രകടനം നടത്താൻ താരത്തിന് സാധിച്ചു. കഴിഞ്ഞ അണ്ടർ 19 ഏഷ്യക്കപ്പിൽ വൈഭവായിരുന്നു പ്രധാന ശ്രദ്ധാ കേന്ദ്രം.
English Summary India U19 batter Vaibhav Suryavanshi smashed a blistering 68 off just 28 balls (4 singles, 1 four, 10 sixes) in the second ODI against South Africa U19, powering his team to a comfortable victory