ഞാന്‍ കയ്യൊപ്പിട്ട നല്‍കിയ ജേഴ്സി അന്നവന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തലുമായി യുവി

ക്യാൻസറിനോടുള്ള പോരാട്ടം. മരണത്തെ മുഖാമുഖം കണ്ട നാളുകൾ. മനസ്സ് തുറന്ന് യുവരാജ് സിംഗ്
ഞാന്‍ കയ്യൊപ്പിട്ട നല്‍കിയ ജേഴ്സി അന്നവന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു; വെളിപ്പെടുത്തലുമായി യുവി
Published on

2007-ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ആറ് സിക്സറുകൾ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളിലൊന്നാണ്. കേവലം 12 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച് റെക്കോർഡ് ഇട്ട മത്സരത്തിൽ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന്റെ ഓവറിലായിരുന്നു യുവിയുടെ ചരിത്രനേട്ടം. മത്സരത്തിന് ശേഷം ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡ്, തന്റെ മകനെ ആശ്വസിപ്പിക്കാനായി യുവരാജിന്റെ ഒപ്പിട്ട ഒരു ഇന്ത്യൻ ജേഴ്സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ഏറെ സ്നേഹത്തോടെ നൽകിയ ആ ജേഴ്സി ബ്രോഡ് ദേഷ്യപ്പെട്ട് ചവറ്റുകുട്ടയിൽ എറിഞ്ഞതായി യുവരാജ് സിംഗ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.

തന്നെ അടിച്ചൊതുക്കിയ ബാറ്റ്‌സ്മാനോടുള്ള കടുത്ത നിരാശയും ദേഷ്യവും കാരണമാണ് അന്ന് ബ്രോഡ് അങ്ങനെ ചെയ്തതെന്ന് യുവി പറയുന്നു. "സ്റ്റുവർട്ട് ബ്രോഡിന് അന്താരാഷ്ട്ര തലത്തിൽ അനുഭവസമ്പത്ത് കുറവായിരുന്നു. അത്തരമൊരു പ്രഹരം ഏതൊരു ബൗളറെയും തളർത്തുന്നതാണ്. എന്നാൽ ആ വലിയ ആഘാതത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിന്നീട് 600-ലധികം ടെസ്റ്റ് വിക്കറ്റുകൾ നേടി ലോകത്തിലെ മികച്ച ബൗളർമാരിൽ ഒരാളായി ബ്രോഡ് മാറി, അന്ന് ജേഴ്സിയിൽ അഞ്ച് സിക്സറുകൾ വഴങ്ങിയ അനുഭവം എനിക്കുമുണ്ട്, നീ മികച്ച രീതിയിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു" എന്ന കുറിപ്പാണ് താൻ നൽകിയിരുന്നതെന്ന് യുവി പറഞ്ഞു.

ക്രിക്കറ്റ് ജീവിതത്തിന് പുറമെ തന്റെ അർബുദ ബാധയെക്കുറിച്ചും യുവി വികാരാധീനനായി സംസാരിച്ചു. കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് രോഗം തന്നെ പിടികൂടിയത്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ടെസ്റ്റ് ടീമിലെ സ്ഥാനം ലഭിച്ച സമയമായിരുന്നു അത്. എന്നാൽ മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയിലായിരുന്നു തന്റെ ആരോഗ്യനിലയെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നതായി യുവി വ്യക്തമാക്കി.

തന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ് ട്യൂമർ കണ്ടെത്തിയതെന്ന് ഡോക്ടർ നിതേഷ് റോത്തഗി തന്നോട് വെളിപ്പെടുത്തിയതെന്നും അടിയന്തിരമായി കീമോതെറാപ്പി ചെയ്തില്ലെങ്കിൽ മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന നിർദ്ദേശവുമാണ് തനിക്ക് ലഭിച്ചതെന്നും പറഞ്ഞു. ക്രിക്കറ്റിനെ സ്നേഹിച്ച തനിക്ക് അത് അംഗീകരിക്കാൻ പ്രയാസമായിരുന്നെങ്കിലും, ജീവിതത്തിലേക്ക് മടങ്ങിവരാൻ ചികിത്സ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് യുവി വ്യക്തമാക്കി.

English Summary: Yuvraj Singh revealed that Stuart Broad threw away the signed India jersey he gifted after the famous six-sixes match in the 2007 ICC World Twenty20. Yuvraj also spoke emotionally about his battle with cancer and how doctors warned he had only months to live without immediate treatment

Related Stories

No stories found.
Madism Digital
madismdigital.com