

ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ കണക്കിനു പരിഹസിച്ച് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്‌മാൻ ഗിൽ. അഹമ്മദബാദിൽ നടന്ന ചെന്നൈ-ഗുജറാത്ത് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഗുജറാത്ത് 89 റൺസിനു ജയിച്ചു. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ 140 നു ചെന്നൈ ഓൾഔട്ടായി. ഗുജറാത്തിനായി നായകൻ ഗില്ലിന്റെ അർധ സെഞ്ചുറി. ഫീൽഡിങ്ങിലും ഗിൽ തിളങ്ങി. ചെന്നൈ താരം ശിവം ദുബെയെ പുറത്താക്കിയതിനു പിന്നാലെ ഗിൽ നടത്തിയ ആഘോഷപ്രകടനം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു.
ചെന്നൈ ഇന്നിങ്‌സിന്റെ 11-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. റാഷിദ് ഖാനായിരുന്നു ബൗളർ. റാഷിദിനെ എക്‌സ്ട്രാ കവറിൽ ബൗണ്ടറി അടിക്കാൻ ശ്രമിച്ചതാണ് ദുബെ. എന്നാൽ അത് ക്യാച്ചിനുള്ള സാധ്യതയായി. മികച്ച ഫീൽഡിങ്ങിലൂടെ ഗുജറാത്ത് നായകൻ ശുഭ്‌മാൻ ഗിൽ ആ ക്യാച്ചെടുത്തു. തൊട്ടുപിന്നാലെ ഗാലറിയിൽ ഇരിക്കുന്ന ചെന്നൈ ആരാധകരെ നോക്കി 'വായ അടയ്ക്കൂ, വീട്ടിലേക്ക് പോകൂ' എന്ന തരത്തിൽ ഗിൽ ആംഗ്യം കാണിച്ചു. സൺറൈസേഴ്‌സ് ഹൈദരബാദ് താരം ഇഷാൻ കിഷനും കഴിഞ്ഞ കളിയിൽ ചെന്നൈയെ തോൽപ്പിച്ച ശേഷം ഇതേ രീതിയിൽ ആഹ്ളാദപ്രകടനം നടത്തിയിരുന്നു.
കളിക്കളത്തിൽനിന്ന് ഡ്രസിങ് റൂമിലേക്ക് എത്തിയിട്ടും ചെന്നൈയെ ട്രോളുന്നത് ഗിൽ നിർത്തിയില്ല. സമൂഹമാധ്യമങ്ങളിൽ ഈ ക്യാച്ചിന്റെ ചിത്രവും വീഡിയോയും താരം പങ്കുവെച്ചു. മാത്രമല്ല ഡ്രസിങ് റൂമിൽ വെച്ച് മുഹമ്മദ് സിറാജിനും ജോസ് ബട്‌ലറിനും ഒപ്പം 'വായ അടയ്ക്കൂ' ആംഗ്യം കാണിച്ചുകൊണ്ട് ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുമുണ്ട് താരം. ഈ ചിത്രവും ഗിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
English summary:
Shubman Gill led Gujarat Titans to a dominant 89-run win over Chennai Super Kings, ending Chennai’s playoff hopes. After taking a stunning catch to dismiss Shivam Dube, Gill gestured toward CSK fans to “stay quiet” and “go home.” He later shared celebration photos and videos on social media, continuing the banter after the match. Gill also scored a half-century and impressed with his all-round performance in Ahmedabad. The celebration quickly went viral, drawing mixed reactions from cricket fans online.