കൊൽക്കത്തയിലെ മൈതാനത്തിൽ ബ്രസീലിന് അതൃപ്തി; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനത്തിനായി ധാക്കയെ പരിഗണിക്കുന്നു

ഓസ്‌ട്രേലിയയിലെ മത്സരങ്ങൾക്കും ഇന്ത്യയുമായുള്ള സൗഹൃദ മത്സരത്തിനും ഇടയിലുള്ള ഒരു മികച്ച ഇടത്താവളവും പരിശീലന വേദിയുമായി ധാക്കയെ മാറ്റാനാണ് ബ്രസീൽ ആലോചിക്കുന്നത്.
കൊൽക്കത്തയിലെ മൈതാനത്തിൽ ബ്രസീലിന് അതൃപ്തി; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനത്തിനായി ധാക്കയെ പരിഗണിക്കുന്നു
Published on

ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ പരിശീലന ക്യാമ്പ് ഒരുക്കുന്നതിനുള്ള സാധ്യതകൾ ബ്രസീൽ ദേശീയ ടീം പരിശോധിക്കുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളാണ് പരിശീലനത്തിനായി മറ്റൊരു വേദി തേടാൻ ബ്രസീലിനെ പ്രേരിപ്പിച്ചത്. അടുത്തിടെ ബ്രസീലിയൻ പ്രതിനിധി സംഘം നടത്തിയ സന്ദർശനത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തതായി ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

ബ്രസീലിന്റെ ഏഷ്യൻ പര്യടനത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാ​ഗമായി ഓ​ഗസ്റ്റ് 23നാണ് അഞ്ചം​ഗ പ്രതിനിധി സംഘം ധാക്കയിലെത്തിയത്. ധാക്കയിലെ നാഷണൽ സ്റ്റേഡിയം, ബസുന്ധര കിങ്സ് അരീന എന്നിവയ്ക്ക് പുറമെ വിവിധ ഹോട്ടലുകളിലെ സൗകര്യങ്ങളും സംഘം നേരിട്ട് പരിശോധിച്ച് വിലയിരുത്തി. പരിശീലന ക്യാമ്പിനൊപ്പം ബം​ഗ്ലാദേശുമായി ഒരു സൗഹൃദ മത്സരം കളിക്കുന്ന കാര്യവും ചർച്ചയിലുണ്ടെന്ന് ദി ഡെയ്‍ലി സ്റ്റാറിനോട് സംസാരിക്കവെ ബിഎഫ്എഫ് പ്രസിഡന്റ് താബിത് അവൽ വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരത്തിന് മുൻപോ ശേഷമോ ബ്രസീൽ ധാക്കയിൽ പരിശീലനം നടത്തുകയോ ബംഗ്ലാദേശിനെതിരെ കളിക്കുകയോ ചെയ്യുമോ എന്ന ചോദ്യത്തിന് "അതെ, സാധ്യമായ എല്ലാ വഴികളും ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്" എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കളിക്കളങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും അവസ്ഥ വിലയിരുത്തിയ സംഘം അടിസ്ഥാന സൗകര്യ വികസനം, പിച്ച് നിർമ്മാണം, കോച്ചിങ്, സ്പോർട്സ് സയൻസ്, സൗഹൃദ മത്സരങ്ങൾ എന്നിവയിൽ ഇരു ഫെഡറേഷനുകളും തമ്മിലുള്ള സഹകരണ സാധ്യതകളും ചർച്ച ചെയ്തു.

കൊൽക്കത്തയിലെ മൈതാനത്തിൽ ബ്രസീലിന് അതൃപ്തി; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനത്തിനായി ധാക്കയെ പരിഗണിക്കുന്നു
'ഇനി കളിക്കുന്നതിൽ അർത്ഥമില്ല, യുവതാരങ്ങൾക്ക് വഴിമാറുന്നു'; വിരമിക്കൽ പ്രഖ്യാപിച്ച് കരൺ ശർമ്മ

എന്തുകൊണ്ട് ബ്രസീൽ ബംഗ്ലാദേശിൽ പരിശീലനം നടത്താൻ ആഗ്രഹിക്കുന്നു?

ഓസ്‌ട്രേലിയയിലെ മത്സരങ്ങൾക്കും ഇന്ത്യയുമായുള്ള സൗഹൃദ മത്സരത്തിനും ഇടയിലുള്ള ഒരു മികച്ച ഇടത്താവളവും പരിശീലന വേദിയുമായി ധാക്കയെ മാറ്റാനാണ് ബ്രസീൽ ആലോചിക്കുന്നത്. ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ 25, 29 തീയതികളിൽ ടൗൺസ്‌വില്ലെയിലും ബ്രിസ്‌ബെയ്‌നിലും ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും ടീം ദക്ഷിണേഷ്യയിലേക്ക് വരിക. നിലവിലെ ചർച്ചകൾ പ്രകാരം ധാക്ക പരിശീലന വേദിയാകുമെന്ന് ഉറപ്പായിട്ടില്ലെങ്കിലും ബ്രസീലിന് മുന്നിലുള്ള മികച്ചൊരു ഓപ്ഷനാണിത്.

"നാഷണൽ സ്റ്റേഡിയത്തിലെയും ബസുന്ധര കിങ്സ് അരീനയിലെയും പിച്ചുകളും സമീപ പ്രദേശങ്ങളും ബ്രസീൽ ദേശീയ ടീമിന് പരിശീലിക്കാൻ പര്യാപ്തമായ നിലവാരത്തിലുള്ളതാണെന്ന് സംഘം കണ്ടെത്തി. എങ്കിലും ഡ്രസ്സിങ് റൂമുകൾ, സാങ്കേതിക ജീവനക്കാർക്കുള്ള സൗകര്യങ്ങൾ, ഗേറ്റുകളിലെ സുരക്ഷ എന്നിവയുൾപ്പെടെയുള്ള അധിക അടിസ്ഥാന സൗകര്യങ്ങളിൽ ചില മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്," അവൽ വ്യക്തമാക്കി.

ഒക്ടോബർ 5 അല്ലെങ്കിൽ 6 തീയതികളിൽ ബംഗ്ലാദേശിനെതിരെ ബ്രസീൽ ഒരു സൗഹൃദ മത്സരം കളിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 4 വരെ ഇന്തോനേഷ്യയിൽ നടക്കുന്ന ഫിഫ ആസിയാൻ കപ്പിൽ ബംഗ്ലാദേശ് ടീം പങ്കെടുക്കുന്നതിനാൽ ഈ സൗഹൃദ മത്സരത്തിന്റെ സാധ്യതകൾ മങ്ങുകയാണ്.

കൊൽക്കത്തയിലെ ​ഗ്രൗണ്ടിനെച്ചൊല്ലി ആശങ്ക

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മൈതാനത്ത് പുല്ലിന്റെ കുറവുള്ളതും പ്രതലം സമമല്ലാതെ കിടക്കുന്നതും ​ഗ്രൗണ്ട് പരിപാലനത്തിലെ വീഴ്ചകളുമാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വിനീഷ്യസ് ജൂനിയറിനെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കളിക്കാനിറങ്ങുമ്പോൾ മൈതാനത്തിന്റെ ഈ മോശം അവസ്ഥ അവർക്ക് പരിക്കേൽക്കാൻ കാരണമാകുമെന്ന വലിയ ആശങ്ക ബ്രസീൽ മാനേജ്മെന്റിനുണ്ട്. അതിനാൽ മത്സരത്തിന് മുൻപായി ഗ്രൗണ്ടിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്ന് അവർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊൽക്കത്തയിലെ മൈതാനത്തിൽ ബ്രസീലിന് അതൃപ്തി; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനത്തിനായി ധാക്കയെ പരിഗണിക്കുന്നു
യുദ്ധത്തെ അതിജീവിച്ച് കബഡി മാറ്റിൽ; ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിലേക്ക് കണ്ണുംനട്ട് ഇറാൻ വനിതാ ടീം ഇന്ത്യയിൽ

ഇന്ത്യ - ബ്രസീൽ മത്സരത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം

വൻ തുക മുടക്കി നടത്തുന്ന ഇന്ത്യ-ബ്രസീൽ മത്സരത്തിനെതിരെ ഇതിനോടകം രാജ്യത്തിനകത്ത് തന്നെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. ബ്രസീൽ ടീമിനെ കൊൽക്കത്തയിൽ എത്തിക്കുന്നതിനായി 50 മുതൽ 70 കോടി വരെ ചെലവാക്കുന്നതിനെതിരെ മുൻ ഇന്ത്യൻ നായകൻ ബൈചുങ് ബൂട്ടിയ പരസ്യമായി രംഗത്തെത്തിയിരുന്നുപ. ഇത്രയും ഭീമമായ തുക ബംഗാളിലെ പ്രാദേശിക ഫുട്ബോളിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കുന്നതായിരുന്നു കൂടുതൽ ഗുണകരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ 2026-ലെ ഫിഫ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ അപ്രതീക്ഷിതമായി പിന്മാറിയതിൽ പ്രതിഷേധിച്ച് ഈ സൗഹൃദ മത്സരം പൂർണ്ണമായും ബഹിഷ്കരിക്കാൻ ബൂട്ടിയ ആരാധകരോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏതായാലും ബ്രസീൽ ഇതിനുമുൻപ് ബംഗ്ലാദേശിൽ കളിച്ചിട്ടില്ലാത്തതിനാൽ അവരുടെ സന്ദർശന വാർത്ത ബംഗ്ലാദേശിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ ബ്രസീലിന്റെ പരിശീലന വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും ധാക്കയിലെ സാധ്യതകൾ അവർ സജീവമായി പരിഗണിക്കുന്നുണ്ട്.

Summary

The Brazilian national football team is considering Dhaka, Bangladesh, as a potential training base ahead of their friendly match against India in Kolkata on October 3. A Brazilian delegation recently inspected facilities in Dhaka, including the National Stadium and Bashundhara Kings Arena, and held talks with the Bangladesh Football Federation. This development follows concerns raised by the Brazilian Football Confederation regarding the poor pitch conditions at Kolkata's Salt Lake Stadium, which they fear could cause injuries to players like Vinicius Jr. Additionally, the India-Brazil match is facing boycott calls led by former Indian captain Bhaichung Bhutia, who criticized the massive expenditure of Rs 50-70 crore for the friendly, urging that the funds be used for grassroots football development instead.

Madism Digital
madismdigital.com