സ്പാനിഷ് ഫുട്ബോൾ ടീമിന്റെയും ചെൽസിയുടെയും പ്രതിരോധ നിരയിലെ മിന്നും താരം മാർക് കുക്കുറെയയെ ഫുട്ബോൾ ആരാധകർക്ക് പെട്ടെന്ന് മനസിലാകും. മികച്ച പ്രകടനം കൊണ്ടുമാത്രമല്ല, കാറ്റിൽ പാറിപ്പറക്കുന്ന അദ്ദേഹത്തിന്റെ ആ വലിയ ചുരുളൻ മുടികൊണ്ടുകൂടിയാണ് കുക്കുറെയ ശ്രദ്ധേയനാകുന്നത്.
യൂറോ കപ്പിലായാലും ക്ലബ്ബ് മത്സരങ്ങളിലായാലും എത്ര വലിയ പോരാട്ടങ്ങൾക്കിടയിലും കുക്കുറെയ തന്റെ മുടി കെട്ടിവെക്കാറില്ല. അതൊരു 'സ്റ്റൈൽ സ്റ്റേറ്റ്മെന്റ്' ആണെന്നാകും പലരും കരുതിയിട്ടുണ്ടാകുക. എന്നാൽ ആ ചുരുളൻ മുടിക്ക് പിന്നിൽ ആരുടേയും കണ്ണ് നനയിക്കുന്ന ഒരച്ഛന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും കഥയുണ്ട്.
കുക്കുറെയയുടെ മൂത്ത മകൻ മാത്യുവിന് ഓട്ടിസം ബാധിച്ചിട്ടുണ്ട്. കാഴ്ചകളുടെയും ശബ്ദങ്ങളുടെയും ലോകത്ത് ആളുകളെയും സാഹചര്യങ്ങളെയും വേർതിരിച്ചറിയാൻ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. തിങ്ങിനിറഞ്ഞ വലിയ സ്റ്റേഡിയത്തിൽ, ഒരുപാട് കളിക്കാർക്കിടയിൽ നിന്ന് മാത്യുവിന് തന്റെ അച്ഛനെ വേഗത്തിൽ തിരിച്ചറിയുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഇതിനൊരു പരിഹാരമായാണ് കുക്കുറെയ തന്റെ മുടി കളിക്കളത്തിൽ എപ്പോഴും അഴിച്ചിടാൻ തീരുമാനിച്ചത്. ആ വലിയ ചുരുളൻ മുടി ദൂരെ നിന്ന് കാണുമ്പോൾ തന്നെ മാത്യുവിന് തന്റെ അച്ഛനെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.
'മാരിഡ് ടു ദി ഗെയിം' (Married to the Game) എന്ന ഡോക്യുമെന്ററിയിൽ കുക്കുറെയയും ഭാര്യ ക്ലോഡിയ റോഡ്രിഗസും മകന്റെ ഓട്ടിസം രോഗനിർണയത്തിന് ശേഷമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഒരു കുഞ്ഞിനെ വളർത്തുന്നതിലെ വെല്ലുവിളികളും, പ്രത്യേകിച്ചും ഓട്ടിസം ബാധിച്ച ഒരു കുഞ്ഞിന്റെ ആവശ്യങ്ങൾ മനസിലാക്കാൻ തങ്ങൾ നടത്തിയ ശ്രമങ്ങളും അവർ പങ്കുവെച്ചു. "ആരും നമ്മളെ ഇതൊന്നും പഠിപ്പിക്കുന്നില്ല, അവനെ മനസിലാക്കാൻ നമ്മൾ തന്നെ പഠിക്കണം," അന്ന് വികാരഭരിതനായി കുക്കുറെയ പറഞ്ഞു.
മകൻ ബുദ്ധിമുട്ടുന്നത് കാണുമ്പോഴും അവനുവേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർക്കുന്നത് കുക്കുറെയയെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനിപ്പിക്കുന്ന ഒന്നായിരുന്നു. മാത്യുവിനെ ഒരു സാധാരണ സ്കൂളിൽ അയച്ചപ്പോഴാണ് ഈ വെല്ലുവിളികൾ കൂടുതൽ പ്രകടമായത്. പലപ്പോഴും അവൻ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയിരുന്നത്. ചില ദിവസങ്ങളിൽ സ്കൂളിലാക്കി മണിക്കൂറുകൾക്ക് ശേഷം തന്നെ അവനെ കൂട്ടിക്കൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും കുക്കുറെയ പറയുന്നു.
ആ നിമിഷങ്ങൾ മാതാപിതാക്കളെന്ന നിലയിൽ തങ്ങൾക്ക് എത്രമാത്രം വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കി എന്ന് പങ്കാളിയായ ക്ലോഡിയ റോഡ്രിഗസ് ഓർത്തെടുക്കുന്നു. രാവിലെ മാത്യുവിനെ സ്കൂളിലാക്കി, അവന്റെ സങ്കടം കണ്ട് കണ്ണീരോടെയാണ് പലപ്പോഴും അവർ വീട്ടിലേക്ക് മടങ്ങിയിരുന്നത്. മാത്യുവിന്റെ രോഗവിവരമറിഞ്ഞ സമയത്ത് തങ്ങൾക്ക് പുറത്തുനിന്ന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ലെന്നും, ഓട്ടിസത്തെക്കുറിച്ചും മകന്റെ ആവശ്യങ്ങളെക്കുറിച്ചും ഏതാണ്ട് പൂർണ്ണമായും സ്വയം പഠിച്ചെടുക്കുകയായിരുന്നുവെന്നും ക്ലോഡിയ പറയുന്നു.
കാലക്രമേണ, ജീവിതത്തിലെ ചെറിയ മാറ്റങ്ങൾ പോലും അവനെ എങ്ങനെ ബാധിക്കുമെന്ന് അവർക്ക് ശ്രദ്ധിക്കേണ്ടി വന്നു. സ്ഥലം മാറ്റങ്ങൾ, ദിനചര്യകൾ, സമയം, ഭക്ഷണം, സ്കൂൾ, തെറാപ്പി എന്നിവയിലെ മാറ്റങ്ങളെല്ലാം അവർ വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, കുടുംബവുമൊത്തുള്ള അവധിദിനങ്ങളും യാത്രകളും പോലും ഇപ്പോൾ കൃത്യമായ ആസൂത്രണത്തോടെ മാത്രമേ അവർ ചെയ്യാറുള്ളൂ.
തങ്ങളുടെ ഏത് തീരുമാനവും മകനെ എങ്ങനെ ബാധിക്കുമെന്ന് അവർ എപ്പോഴും ചിന്തിക്കാറുണ്ടെന്ന് ക്ലോഡിയ വ്യക്തമാക്കി. ചില കാര്യങ്ങളിൽ പങ്കെടുക്കാൻ അവർക്ക് അതിയായ ആഗ്രഹമുണ്ടാകാമെങ്കിലും, അത് മാത്യുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നോ അവന് അനുയോജ്യമല്ലെന്നോ തോന്നിയാൽ ആ ആഗ്രഹങ്ങളെല്ലാം അവർ സന്തോഷത്തോടെ മാറ്റിവെക്കും.
കളിക്കളത്തിൽ ഈ നീണ്ട മുടി പലപ്പോഴും കുക്കുറെയക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. മുടിയിൽ പിടിച്ച് വലിച്ചു താഴെയിടുന്ന എതിരാളികളെ നമ്മൾ മുൻപ് കണ്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അതൊന്നും വകവെക്കാറില്ല. കാരണം അദ്ദേഹത്തിന് ആ മുടി വെറുമൊരു കേശാലങ്കാരമല്ല, മറിച്ച് ഗാലറിയിലിരിക്കുന്ന തന്റെ പ്രിയപ്പെട്ട മകനുമായുള്ള വൈകാരികമായ ഒരു ബന്ധമാണ്.
ഈ കഥ പുറത്തുവന്നതോടെ കുക്കുറെയ എന്ന ഫുട്ബോൾ താരത്തോടൊപ്പം ആ അച്ഛനും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം നേടുകയാണ്. ഫുട്ബോൾ വെറുമൊരു കളി മാത്രമല്ല, അതിനുമപ്പുറം ചില വൈകാരിക ബന്ധങ്ങൾ കൂടിയാണെന്ന് ഈ അച്ഛനും മകനും ലോകത്തിന് കാണിച്ചുതരുന്നു.
Spanish footballer Marc Cucurella’s iconic loose curls are far more than just a signature style—they are a loving beacon for his autistic son, Mateo. To help Mateo easily spot him amidst noisy, crowded stadiums, Cucurella purposefully keeps his hair untied during matches. The family has openly shared their deeply emotional journey, reflecting on Mateo's struggles in mainstream school, the lack of support following his diagnosis, and how they learned to navigate autism on their own.