തോൽവിയിലും സ്റ്റൈലിൽ തിളങ്ങി ഒസാക്ക; യുഎസ് ഓപ്പൺ കോർട്ട് കീഴടക്കിയ ഫാഷൻ വിസ്മയം

ഹോളിവുഡ് താരം സെൻഡായയുടെ പ്രശസ്ത സ്റ്റൈലിസ്റ്റായ ലോ റോച്ച് ആണ് ഒസാക്കയുടെ ഈ ലുക്ക് ഒരുക്കിയത്.
തോൽവിയിലും സ്റ്റൈലിൽ തിളങ്ങി ഒസാക്ക; യുഎസ് ഓപ്പൺ കോർട്ട് കീഴടക്കിയ ഫാഷൻ വിസ്മയം
Published on

യുഎസ് ഓപ്പണിൽ നിന്ന് നവോമി ഒസാക്ക മടങ്ങുകയാണ്. നാലാം റൗണ്ടിൽ എലീന റൈബാക്കിനയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടായിരുന്നു ഈ മുൻ ചാമ്പ്യന്റെ മടക്കം. അക്കിലിസ് ഇഞ്ചുറി കാരണം ബുദ്ധിമുട്ടിയ ഒസാക്കയ്ക്ക് 6-1, 6-4 എന്ന സ്കോറിനാണ് റൈബാക്കിനയോട് അടിയറവ് പറയേണ്ടി വന്നത്. എന്നാൽ ടെന്നിസ് കോർട്ടിലെ തോൽവിക്കപ്പുറം, ഫാഷൻ ലോകത്ത് വലിയൊരു വിജയവുമായാണ് നാല് തവണ ഗ്രാൻഡ് സ്ലാം ജേതാവായ ഒസാക്ക ആർതർ ആഷെ സ്റ്റേഡിയത്തിൽ നിന്ന് പടിയിറങ്ങുന്നത്. അവസാന മത്സരത്തിലേക്കുള്ള താരത്തിന്റെ എൻട്രി അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫാഷൻ സ്റ്റേറ്റ്‌മെന്റുകളിൽ ഒന്നായിരുന്നു.

ആ സ്വാഗ് എൻട്രി

റൈബാക്കിനയ്ക്കെതിരായ മത്സരത്തിനായി ഫർ ട്രിം ചെയ്ത ഒരു പാച്ച്വർക്ക് ക്ലോക്ക് ധരിച്ചാണ് ഒസാക്ക എത്തിയത്. ബ്രൂക്ലിൻ ആസ്ഥാനമായുള്ള സ്ട്രീറ്റ്‍വെയർ ലേബലായ കിഡ്സൂപ്പർ രൂപകൽപ്പന ചെയ്ത പല നിറങ്ങളിലുള്ള കോട്ട് ആയിരുന്നു അത്. കിഡ്‌സൂപ്പർ സ്ഥാപകൻ കോം ഡില്ലൻ ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. എൻബിഎ ലോഗോയിൽ നിന്ന് പ്രചോദനമുൾക്കൊണ് ഒരു ഹെഡ്‌ബാൻഡും ഒസാക്ക ഇതിനൊപ്പം ധരിച്ചിരുന്നു. എന്നാൽ സാധാരണ ബാസ്കറ്റ്ബോൾ കളിക്കാരന് പകരം ടെന്നീസ് റാക്കറ്റ് പിടിച്ചുനിൽക്കുന്ന ഒരു താരത്തിന്റെ ചിത്രമായിരുന്നു ആ ലോഗോയിലുണ്ടായിരുന്നത്.

ഹോളിവുഡ് താരം സെൻഡായയുടെ പ്രശസ്ത സ്റ്റൈലിസ്റ്റായ ലോ റോച്ച് ആണ് ഒസാക്കയുടെ ഈ ലുക്ക് ഒരുക്കിയത്. "ഇതണിഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു സ്വാഗ് തോന്നി, ന്യൂയോർക്കിന്റെ സ്റ്റൈൽ മുഴുവൻ ആ വസ്ത്രത്തിലുണ്ടായിരുന്നു," മത്സര ശേഷം ഒസാക്ക പ്രതികരിച്ചു. ടൂർണമെന്റിൽ നിന്ന് പുറത്തായതിൽ നിരാശയുണ്ടോ എന്ന ചോദ്യത്തിന്, " ഇനിയുള്ള റൗണ്ടുകളിൽ ഒരുപക്ഷേ പുതിയ ലുക്കുകൾ കാണാൻ കഴിയുമായിരുന്നു. എങ്കിലും ഫാഷൻ എനിക്ക് എപ്പോഴും ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്," എന്നായിരുന്നു ഒസാക്കയുടെ മറുപടി.

അവസാന മത്സരത്തിലെ കിഡ്‍സൂപ്പർ ക്ലോക്ക് ഒരു ആകസ്മികതയായിരുന്നില്ല. ടൂർണമെന്റിലുടനീളം ഓരോ റൗണ്ടിലും വ്യത്യസ്തമായ ഡിസൈനുകളിലൂടെ ലോ റോച്ചും ഒസാക്കയും ചേർന്ന് ഒരു വലിയ ഫാഷൻ ചരിത്രം തന്നെയാണ് സൃഷ്ടിച്ചത്. തന്റെ സ്പോൺസറായ നൈക്കി(Nike), ന്യൂയോർക്ക് നിക്സിന്റെ ചാമ്പ്യൻഷിപ്പ് സീസണിന് നൽകുന്ന ആദരവിന്റെ ഭാഗമായി ബാസ്കറ്റ്ബോൾ തീമിലായിരുന്നു ഒസാക്കയുടെ വസ്ത്രങ്ങളെല്ലാം ഒരുക്കിയിരുന്നത്.

എൻബിഎ ലെജൻഡ് അലൻ ഐവർസണ് ആദരമർപ്പിച്ചായിരുന്നു ആദ്യ എൻട്രി. ന്യൂയോർക്ക് ബ്രാൻഡായ ഹു ഡിസൈഡ്സ് വാർ ഒരുക്കിയ വെള്ള നിറത്തിലുള്ള ട്യൂൾ സ്കേർട്ടും ചാര നിറത്തിലുള്ള ഹുഡഡ് റോബും ധരിച്ചാണ് ഒസാക്ക എത്തിയത്. ഹുഡ് മാറ്റിയപ്പോൾ ഐവർസന്റെ പ്രശസ്തമായ ഹെഡ്‌ബാൻഡ് സ്റ്റൈലും കോൺറോ ഹെയർസ്റ്റൈലും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

തോം ബ്രൗണിന്റെ ഡിസൈനായിരുന്നു രണ്ടാം റൗണ്ടിൽ. ബാസ്കറ്റ് ബോൾ നെറ്റിനെ അനുസ്മരിപ്പിക്കുന്ന മെഷ് സ്കേർട്ടിന് മുകളിലായി ക്രോസ് ചെയ്ത ടെന്നീസ് റാക്കറ്റുകൾ തുന്നിച്ചേർത്ത മനോഹരമായ വെള്ള ജാക്കറ്റാണ് ഒസാക്ക ധരിച്ചത്.

മൂന്നാം റൗണ്ടിൽ, മോൺസെ ഒരുക്കിയ വ്യത്യസ്തമായ വസ്ത്രത്തിലാണ് താരം കോർട്ടിലിറങ്ങിയത്. ​ഗ്രേ സ്യൂട്ട് ജാക്കറ്റും ഹുഡിയും ചേർന്ന ഓവർസൈസ്ഡ് ലുക്കിനൊപ്പം അയഞ്ഞ ​ഗ്രേ ഫ്ലീസ് പാന്റ്സും ധരിച്ച് കോർട്ടിലെ കംഫർട്ടും ബോർഡ്‌റൂം സ്റ്റൈലും ഒസാക്ക സമന്വയിപ്പിച്ചു.

അമ്മയായ ശേഷമുള്ള മാറ്റങ്ങൾ

മൂന്ന് വർഷം മുൻപ് ഷായ്ക്ക് ജന്മം നൽകിയ ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ഒസാക്ക, വിജയപരാജയങ്ങളെ മുൻപത്തെക്കാൾ വ്യത്യസ്തമായാണ് ഇപ്പോൾ നോക്കിക്കാണുന്നത്. "എനിക്ക് ഒരു കുഞ്ഞുണ്ടായി. അതിനുശേഷം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ഇനിയൊരു ഗ്രാൻഡ് സ്ലാം കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും എനിക്ക് സങ്കടമില്ല. എന്റെ മകൾ ആരോഗ്യവതിയാണ്, കുടുംബത്തിലുള്ള എല്ലാവരും സന്തോഷമായിരിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ കളിച്ചു, അതുമതി എനിക്ക്," ഒസാക്ക പറയുന്നു.

Summary

Naomi Osaka exited the US Open following a fourth-round loss to Elena Rybakina, struggling with an Achilles issue. Despite the defeat, Osaka captured the spotlight with her bold, basketball-themed fashion statements throughout the tournament. Styled by Law Roach, her outfits featured designs from KidSuper, Thom Browne, Monse, and Who Decides War. Osaka also reflected on how motherhood has shifted her perspective, noting that while she still aims for success, a Grand Slam title wouldn't change her life as it once did.

Madism Digital
madismdigital.com