തെരുവ് മൈതാനങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്; ജെസ്യൂസ് ഡി മിഗ്വേലിന് കളിക്കളത്തില്‍ ദാരുണാന്ത്യം

സ്‌പെയിനിന്റെ മൂന്നാം ഡിവിഷന്‍ ക്ലബുകളായ ലെഗാനസ് ബി, ഇന്റര്‍ മാഡ്രിഡ്, ഫുന്‍ലാബ്രഡ, നവല്‍കാര്‍നെറോ, യൂണിയനിസ്റ്റാസ് ഡി സലമാങ്ക, കാസ്റ്റെലോണ്‍ തുടങ്ങിയ വിവിധ ടീമുകള്‍ക്കായി കളിച്ചാണ് ഡി മിഗ്വേല്‍ തന്റെ കരിയര്‍ വളര്‍ത്തിയത്
തെരുവ് മൈതാനങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്; ജെസ്യൂസ് ഡി മിഗ്വേലിന് കളിക്കളത്തില്‍ ദാരുണാന്ത്യം
Published on: 

പ്രൊഫഷണല്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയ സ്പാനിഷ് മുന്നേറ്റനിര താരം ജെസ്യൂസ് ഡി മിഗ്വേല്‍ ഇനി ഓര്‍മ്മ. സ്‌പെയിന്‍ രണ്ടാം ഡിവിഷനില്‍ സിഡി ടെനറിഫെയും എഫ്സി അന്‍ഡോറയും തമ്മിലുള്ള മത്സരത്തിനിടെ എതിര്‍താരവുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിലാണ് മുപ്പതുകാരനായ മിഗ്വേല്‍ മരണപ്പെട്ടത്. പന്തിനായുള്ള തീവ്രശ്രമത്തിനിടെ അന്‍ഡോറ ഗോള്‍കീപ്പര്‍ ജെസ്യൂസ് ഒവോനോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തീവ്രമഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് 24 മണിക്കൂര്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. 2-2 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കെ, കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സംഭവം. ടെനറിഫെ ബോക്‌സില്‍ നിന്ന് മുന്നിലേക്ക് ഉയര്‍ന്നുവന്ന ലോംഗ് ബോള്‍ പിടിച്ചെടുക്കാന്‍ ഓടിയ ഡി മിഗ്വേലിനു നേര്‍ക്ക്, ഗോള്‍പോസ്റ്റില്‍ നിന്ന് ഏറെ ദൂരം മുന്നില്‍ നിന്നു ഓവോനോ ചാടിവീണു. സെന്റര്‍ സര്‍ക്കിളിനുള്ളില്‍ വെച്ച് ഓവോനോയുടെ കാല്‍മുട്ട് ഡി മിഗ്വേലിന്റെ നെഞ്ചിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരം മൈതാനത്തുവീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടിയിടിച്ചതിന് പിന്നാലെ താരത്തിന് ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം.

കൂട്ടിയിടിക്ക് പിന്നാലെ ഓവോനോയെ ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു. മത്സരം പിന്നീട് ഉപേക്ഷിച്ചു. മൈതാനത്ത് വെച്ച് അഞ്ച് മിനിറ്റിലധികം നീണ്ട അടിയന്തര വൈദ്യസഹായത്തിന് ശേഷം ആംബുലന്‍സിലാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പ്രവേഷിപ്പിച്ചതിന് ശേഷം ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

തെരുവ് മൈതാനങ്ങളില്‍ നിന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്; ജെസ്യൂസ് ഡി മിഗ്വേലിന് കളിക്കളത്തില്‍ ദാരുണാന്ത്യം
'സുന്ദരമായ വിടവാങ്ങല്‍ ഞാനും ആഗ്രഹിക്കുന്നു', വിരമിക്കല്‍ പ്രഖ്യാപിച്ച് ഗ്ലെന്‍ മാക്സ്വെല്‍

തെരുവ് മൈതാനങ്ങളില്‍ നിന്ന് തുടങ്ങിയ പോരാട്ടം

1996 സെപ്റ്റംബര്‍ 21-ന് മാഡ്രിഡിലാണ് ഡി മിഗ്വേല്‍ ജനിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കുള്ള അദ്ദേഹത്തിന്റെ വഴി ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ചെറുപ്പത്തില്‍ മാഡ്രിഡിലെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമികളിലെ ട്രയല്‍സുകളില്‍ പങ്കെടുത്തെങ്കിലും സെലക്ഷന്‍ കിട്ടാതെ നിരാശയോടെ മടങ്ങി. ഒടുവില്‍ ഫുന്‍ലാബ്രഡയിലെ 'സി.ഡി.ഇ ലൂഗോ' എന്ന ചെറിയ ക്ലബിലൂടെയാണ് ഡി മിഗ്വേല്‍ കരിയര്‍ തുടങ്ങിയത്. തുടര്‍ന്ന് സ്‌പെയിനിന്റെ മൂന്നാം ഡിവിഷന്‍ ക്ലബുകളായ ലെഗാനസ് ബി, ഇന്റര്‍ മാഡ്രിഡ്, ഫുന്‍ലാബ്രഡ, നവല്‍കാര്‍നെറോ, യൂണിയനിസ്റ്റാസ് ഡി സലമാങ്ക, കാസ്റ്റെലോണ്‍ തുടങ്ങിയ വിവിധ ടീമുകള്‍ക്കായി കളിച്ചാണ് ഡി മിഗ്വേല്‍ തന്റെ കരിയര്‍ വളര്‍ത്തിയത്. 2024-ല്‍ കാസ്റ്റെലോണ്‍ രണ്ടാം ഡിവിഷനിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ടീമിന്റെ ടോപ് സ്‌കോറര്‍ അദ്ദേഹമായിരുന്നു. തുടര്‍ന്ന് 2025-ലാണ് അദ്ദേഹം ടെനറിഫെയില്‍ ചേര്‍ന്നത്. തന്റെ 29-ാം വയസ്സില്‍ കാസ്റ്റെലോണിനായി 25 ഗോളുകള്‍ നേടി അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കണ്ണീരണിഞ്ഞ് ക്ലബ്ബും ഫുട്‌ബോള്‍ ലോകവും

ഡി മിഗ്വേലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സി.ഡി ടെനറിഫെ ക്ലബ്ബും ഫുട്‌ബോള്‍ ലോകവും ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മരണം സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ക്ലബ് കുറിച്ചു. ''ഞാന്‍ അഗാധമായി ദുഖിക്കുന്നു. ജെസ്യൂസ്, നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'', ബാഴ്‌സലോണയുടെ മുന്‍ ഡിഫെന്‍ഡറും അന്‍ഡോറയുടെ ഭൂരിപക്ഷ ഓഹരി ഉടമയുമായ ജെറാര്‍ഡ് പികെ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള സ്‌പെയിനിലെ മുന്‍നിര ക്ലബുകളും യുവേഫയും താരത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Summary

Spanish footballer Jesus de Miguel has died at the age of 30 following a tragic collision with an opposing goalkeeper during a Spanish second-division match between CD Tenerife and FC Andorra. The striker collided with Andorra goalkeeper Jesus Owono while chasing a long ball, suffering a serious chest injury that reportedly led to cardiac arrest.