അതിജീവനത്തിനായി പന്ത് തട്ടി പലസ്തീന്‍ ജനത; മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം

കായിക ലോകത്തെ രക്തസാക്ഷികളുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് ടൂര്‍ണമെന്റിന് 'തൗസന്‍ഡ് മാര്‍ട്ടിയേഴ്‌സ് കപ്പ്' എന്ന് പേരിട്ടിരിക്കുന്നത്
അതിജീവനത്തിനായി പന്ത് തട്ടി പലസ്തീന്‍ ജനത; മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
Published on

അധിനിവേശത്തിന്റെയും യുദ്ധത്തിന്റെയും നടുവില്‍ പലസ്തീന്‍ കായിക ലോകത്ത് വീണ്ടും പ്രതീക്ഷയുടെ വിസിലടി മുഴങ്ങി. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ഫലസ്തീന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍, നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങി. വെള്ളിയാഴ്ച ആരംഭിച്ച 'തൗസന്‍ഡ് മാര്‍ട്ടിയേഴ്‌സ് കപ്പ്' ടൂര്‍ണമെന്റോടെയാണ് പലസ്തീന്‍ ജനത തങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദം പുനരാരംഭിച്ചത്. അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ്, കൂടാതെ ലെബനനിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളിലായി ഒരേസമയമാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഈ ടൂര്‍ണമെന്റ്, ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് കായികതാരങ്ങളുടെയും നിരപരാധികളുടെയും ഓര്‍മ്മകള്‍ക്ക് മുന്നിലുള്ള ആദരപൂര്‍വ്വമായ സമര്‍പ്പണമാണ്.

മുറിവേറ്റ മണ്ണിലെ ആദ്യ വിസിലടി

മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് മത്സരങ്ങള്‍ നടന്നതെങ്കിലും ഒരു ജനതയുടെ അതിജീവന സന്ദേശമായി ഈ മത്സരങ്ങള്‍ മാറി. ജറുസലേമിന് വടക്കുള്ള അല്‍-റാം പട്ടണത്തിലെ ഫൈസല്‍ അല്‍-ഹുസൈനി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന പോരാട്ടത്തില്‍ ജബല്‍ അല്‍-മുഖാബര്‍ ക്ലബ്, ശബാബ് അല്‍-ഖലീല്‍ എന്നിവ തമ്മിലായിരുന്നു മത്സരം. അതേസമയം, യുദ്ധം തകര്‍ത്ത ഗാസ സ്ട്രിപ്പിലെ ഇതിഹാദ് ദെയര്‍ അല്‍-ബലാ ക്ലബ് സ്റ്റേഡിയത്തില്‍ ഖദമത് റഫയും ശബാബ് റഫയും തമ്മിലായിരുന്നു മത്സരം. ലെബനനിലെ ഐന്‍ അല്‍-ഹില്‍വെ അഭയാര്‍ത്ഥി ക്യാമ്പിലെ അബു ജിഹാദ് അല്‍-വസീര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍-അന്‍സാര്‍ ക്ലബ്, അല്‍-നഹ്ദയെ നേരിട്ടു. വെസ്റ്റ് ബാങ്ക്, ഗാസ, പ്രവാസി ലോകം എന്നിവടങ്ങളില്‍ നിന്നായി 244-ഓളം ക്ലബ്ബുകളാണ് ഈ കപ്പില്‍ മാറ്റുരയ്ക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായത്.

കായികലോകത്തെ രക്തസാക്ഷികള്‍

'മൂന്ന് സീസണുകളിലധികം നീണ്ടുനിന്നഇടവേളയ്ക്ക് ശേഷമുള്ള കായിക ലോകത്തിന്റെ തിരിച്ചുവരവാണിത്', പലസ്തീന്‍ സ്‌പോര്‍ട്‌സ് മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ സിയാം വ്യക്തമാക്കി. ഈ യുദ്ധത്തില്‍ ഇസ്രായേല്‍ ലക്ഷ്യമിട്ടത് പലസ്തീന്റെ ജീവനെ മാത്രമല്ല, അവരുടെ സാംസ്‌കാരിക-കായിക അടിസ്ഥാനസൗകര്യങ്ങളെ കൂടിയാണ്. കളിക്കാരും പരിശീലകരും റഫറിമാരും ഉള്‍പ്പെടെ ആയിരത്തിലധികം കായികപ്രതിഭകള്‍ക്കാണ് ഈ കാലയളവില്‍ ജീവന്‍ നഷ്ടമായത്. കായിക ലോകത്തെ രക്തസാക്ഷികളുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് ടൂര്‍ണമെന്റിന് 'തൗസന്‍ഡ് മാര്‍ട്ടിയേഴ്‌സ് കപ്പ്' എന്ന് പേരിട്ടിരിക്കുന്നത്. എത്ര വലിയ പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ ജീവിതവും കായികരംഗവും തിരികെ പിടിക്കുമെന്ന ശക്തമായ പ്രഖ്യാപനമാണ് ഈ ടൂര്‍ണമെന്റ് എന്ന് മുസ്തഫ സിയാം കൂട്ടിച്ചേര്‍ത്തു.

അതിജീവനത്തിനായി പന്ത് തട്ടി പലസ്തീന്‍ ജനത; മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം
കൃഷി ചെയ്യാന്‍ ചെറുപ്പക്കാരില്ല, ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ ജനസംഖ്യാപരമായ വെല്ലുവിളികള്‍; ഭക്ഷ്യസുരക്ഷയുടെ ഭാവി എന്ത്?

മരണത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടയിലെ പ്രത്യാശ

2023 ഒക്ടോബറിന് ശേഷം ഇസ്രായേല്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ ഗാസയിലെ കായിക സ്റ്റേഡിയങ്ങളും ക്ലബ്ബുകളും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിലാകട്ടെ, ഗതാഗത തടസ്സങ്ങളും യാത്രാവിലക്കുകളും കാരണം താരങ്ങള്‍ക്ക് പരിശീലനം നടത്താനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ സാധിച്ചിരുന്നില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിക്കുന്ന കളിക്കാരെ ഏകോപിപ്പിച്ചാണ് ലെബനനില്‍ അസോസിയേഷന്‍ മത്സരങ്ങള്‍ നടത്തുന്നത്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പന്ത് തട്ടുമ്പോള്‍, അത് കേവലം ഒരു കായിക മത്സരം മാത്രമല്ല, പലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ മുദ്രാവാക്യം കൂടിയാണ്. പ്രാദേശിക ലീഗ് മത്സരങ്ങള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുന്നതിനായുള്ള ആദ്യ ചുവടുവെപ്പാണ് ഈ ടൂര്‍ണമെന്റ എന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

Summary

After a three-year suspension caused by the war and Israeli attacks, football has resumed in Palestine with the launch of the Thousand Martyrs Cup. Organised by the Palestinian Football Association, the tournament began simultaneously in the occupied West Bank, Gaza Strip and Palestinian refugee camps in Lebanon. Around 244 clubs from Palestine and the diaspora are taking part. The tournament is dedicated to the memory of Palestinian athletes and civilians killed during the conflict, with Palestinian sports officials saying more than 1,000 athletes, coaches and referees have lost their lives. Despite the destruction of stadiums and sports infrastructure in Gaza, movement restrictions in the West Bank and the challenges faced by players in refugee camps, the tournament represents a symbol of resilience and hope. The Palestinian Football Association sees the competition as an important first step towards the full revival of domestic football leagues.

Madism Digital
madismdigital.com