വിയ്യാറയലിനെതിരായ ലാ ലിഗ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നാല് മത്സരങ്ങളിൽ സസ്പെൻഷൻ. ഇതോടെ ഈ മാസം ബാഴ്സലോണയ്ക്കെതിരെ നടക്കാനിരിക്കുന്ന നിർണായക എൽ ക്ലാസിക്കോ മത്സരത്തിൽ താരത്തിന് കളിക്കാനാകില്ല.
ശനിയാഴ്ച സാന്റിയാഗോ ബെർണബ്യുവിൽ നടന്ന മത്സരത്തിനിടെ വിയ്യാറയൽ താരം നഥാൻ സാലിബയുടെ മുടിയിൽ പിടിച്ചുവലിച്ചതിന് അക്രമാസക്തമായ പെരുമാറ്റം കണക്കിലെടുത്ത് രണ്ട് മത്സരങ്ങളിലും, റെഫറിയുടെ തീരുമാനത്തോട് രോഷത്തോടെ പ്രതികരിച്ചതിന് മറ്റ് രണ്ട് മത്സരങ്ങളിലുമടക്കം ആകെ നാല് മത്സരങ്ങളിലാണ് വിലക്ക്. പന്തിൽ കളിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിൽ അക്രമാസക്തമായി പെരുമാറി എന്ന കുറ്റത്തിനും, റഫറിയോട് ആക്രമണോത്സുകമായ രീതിയിൽ തർക്കിക്കുകയും സഹതാരങ്ങൾ ഇടപെട്ട് തടയേണ്ടി വരികയും ചെയ്ത സംഭവത്തിനുമാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ശിക്ഷ വിധിച്ചത്.
സാലിബയുമായുള്ള തർക്കത്തിന് തൊട്ടുപിന്നാലെ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് ഗോളാക്കി മാറ്റി വിനീഷ്യസ് റയലിനെ 2-0ന് മുന്നിലെത്തിച്ചിരുന്നു. എന്നാൽ VAR പരിശോധനയിൽ ഗോൾ റദ്ദാക്കുകയും താരത്തിന് നേരിട്ട് റെഡ് കാർഡ് നൽകുകയുമായിരുന്നു. സീസണിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന വിനീഷ്യസ് ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടിയത്. ഇതേത്തുടർന്ന് വിയ്യാറയലിനെതിരായ മത്സരത്തിൽ കോച്ച് ജോസ് മൗറീഞ്ഞോ താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ പകരക്കാരനായാണ് കളത്തിലിറക്കിയത്.
സംഭവത്തിൽ പിന്നീട് സോഷ്യൽ മീഡിയയിലുടെ ആരാധകരോട് ക്ഷമാപണം നടത്തിയ വിനീഷ്യസിന് ഞായറാഴ്ച സെവിയ്യയ്ക്കെതിരായ മത്സരവും, ഒക്ടോബർ 25ന് കാമ്പ് നൗവിൽ നടക്കുന്ന ബാഴ്സലോണയ്ക്കെതിരായ എൽ ക്ലാസിക്കോയും, റേസിങ് സാന്റാണ്ടർ, വലൻസിയ എന്നിവയ്ക്കെതിരായ മത്സരങ്ങളും നഷ്ടമാകും. നവംബർ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ഇടവേളയ്ക്ക് ശേഷമായിരിക്കും വിനീഷ്യസ് അടുത്ത ലാ ലിഗ മത്സരത്തിൽ കളിക്കുക.
ഈ വിലക്ക് ആഭ്യന്തര മത്സരങ്ങളിൽ മാത്രമേ ബാധകമാകൂ എന്നതിനാൽ, ചാമ്പ്യൻസ് ലീഗിൽ താരത്തിന് കളിക്കാനാകും. ബുധനാഴ്ച റോമയിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡ് 4-3 എന്ന സ്കോറിന് തിരിച്ചുവരവ് വിജയം നേടിയപ്പോൾ വിനീഷ്യസ് ആദ്യ ഇലവനിലുണ്ടായിരുന്നു. ഒക്ടോബർ 21-ന് ആർ ബി ലെയ്പ്സിഗിനെതിരെയും, നവംബർ 4-ന് എഇകെക്കെതിരെയും നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും താരം കളിക്കും.
അതേസമയം, വിലക്ക് പ്രഖ്യാപിച്ച സമയത്തെച്ചൊല്ലി വിനീഷ്യസും കോച്ച് ജോസ് മൗറീഞ്ഞോയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
"വിലക്ക് പ്രഖ്യാപിക്കാൻ അവർക്ക് ദിവസം മുഴുവൻ സമയമുണ്ടായിരുന്നു. എന്നാൽ റോമയ്ക്കെതിരായ മത്സരത്തിനായി ഞങ്ങൾ സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് ലീഗിലെ നാല് മത്സരങ്ങളിൽ നിന്ന് എന്നെ ഒഴിവാക്കിയതായി അറിയിച്ചത്," വിനീഷ്യസ് പറഞ്ഞു. "മുടിയിൽ പിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ വിശദീകരിച്ചു തന്നിട്ടില്ല. ലാ ലിഗയിൽ നിന്നും റഫറിമാരുടെ അസോസിയേഷനിൽ നിന്നും ആളുകൾ വന്ന് നിയമങ്ങളെക്കുറിച്ച് പറയാറുണ്ടെങ്കിലും ഈ പ്രത്യേക കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. എനിക്ക് ലഭിച്ചത് ഒരു റെഡ് കാർഡ് ആയിരുന്നു, അത്രമാത്രം. ഞാൻ ഒരിക്കലും മറ്റൊരു കളിക്കാരനോട് അക്രമാസക്തമായി പെരുമാറിയിട്ടില്ല. എനിക്ക് പലപ്പോഴും എതിരാളികളിൽ നിന്ന് അടിയും മറ്റും ഏൽക്കാറുണ്ട്, എന്നിട്ടും കാർഡുകൾ ലഭിക്കുന്നത് എനിക്കാണ്," താരം കൂട്ടിച്ചേർത്തു.
തീരുമാനത്തിന്റെ സമയക്രമത്തെ ചോദ്യം ചെയ്ത് കോച്ച് ജോസ് മൗറീഞ്ഞോയും രംഗത്തെത്തി. "എന്തുകൊണ്ടാണ് ഈ സമയത്ത് ഇത്തരമൊരു ശിക്ഷാവിധി പുറപ്പെടുവിച്ചതെന്ന് കമ്മിറ്റിയോട് ചോദിക്കേണ്ടതുണ്ട്," മൗറീഞ്ഞോ പറഞ്ഞു. ''എന്തുകൊണ്ട് അവർ ഇത് ഇന്ന് രാവിലെയോ നാളെ രാവിലെയോ ചെയ്തില്ല? റയൽ മാഡ്രിഡിനെപ്പോലൊരു സ്പാനിഷ് ക്ലബ്ബിന് വളരെ നിർണായകമായ ഒരു മത്സരത്തിന് വെറും രണ്ട് മണിക്കൂർ മുൻപ് എന്തിനാണ് അവർ ഇത് ചെയ്തത്?"
നേരത്തെയുണ്ടായിരുന്ന കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്ന വിനീഷ്യസ്, ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡുമായി 2032 വരെ നീളുന്ന പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചിരുന്നു.
Real Madrid forward Vinícius Júnior has received a four-match La Liga suspension following a red card for violent conduct against Villarreal. The ban rules him out of crucial upcoming fixtures, including 'El Clásico' against Barcelona. While the suspension only applies domestically and he remains eligible for the Champions League, both Vinícius and coach Jose Mourinho heavily criticized the disciplinary committee for announcing the decision just hours before their match against Roma.