

കഴിഞ്ഞ രണ്ട് ദിവസമായി ഫുട്ബോൾ ലോകം വീണ്ടും ചർച്ചയാക്കുന്നത് ഫിഫയുടെ സുതാര്യതയെ കുറിച്ചാണ്. റെഡ് കാർഡ് ലഭിച്ച താരത്തിനെ അടുത്ത മത്സരത്തിൽ വീണ്ടും കളിപ്പിക്കാൻ ഫിഫയെടുത്ത തീരുമാനവും അതിനായുള്ള ട്രംപിന്റെ ഇടപെടലിനെ കുറിച്ചുമാണ് ലോക മാധ്യമങ്ങളും ഫുട്ബോൾ ആരാധകരും സംസാരിക്കുന്നത്. തീർത്തും സുതാര്യമെന്ന് അവകാശപ്പെടാറുള്ള ഫിഫയെ ചുറ്റിപ്പറ്റി അടുത്ത കാലത്തായി അഴിമതികളുടേയും ഏകപക്ഷീയമായ നിലപാടുകളുടേയും വാർത്തകളാണ് പുറത്ത് വരുന്നത്.
അതേസമയം, ലോകകപ്പിൽ ചരിത്രമെഴുതുമെന്ന പ്രതീക്ഷയിലായിരുന്ന അമേരിക്കൻ ടീമിന്റെ സ്വപ്നങ്ങൾക്ക് ബെൽജിയം വിരാമമിട്ടു. പ്രീക്വാർട്ടർ പോരാട്ടത്തിൽ 4-1ന്റെ തകർപ്പൻ ജയവുമായി ബെൽജിയം ക്വാർട്ടർ ഫൈനലിലെത്തി. മത്സരശേഷം ബെൽജിയം താരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ പ്രസിദ്ധമായ നൃത്തചുവടുകൾ അനുകരിച്ച് ആഘോഷിച്ചതും ശ്രദ്ധേയമാണ്. ഇത് മത്സരത്തിനുമുന്നോടിയായി നടന്ന രാഷ്ട്രീയ വിവാദങ്ങൾക്കുള്ള ടീമിന്റെ മറുപടിയായിരുന്നു. അമേരിക്കൻ സ്‌ട്രൈക്കർ ഫോളറിൻ ബാലോഗനെ വീണ്ടും കളിക്കാൻ അനുവദിച്ചതിനെ ബെൽജിയം ഫുട്ബോൾ അസോസിയേഷൻ ശക്തമായി രംഗത്തുവന്നിരുന്നു.
ചുവപ്പ് കാർഡ് റദ്ദാക്കണമെന്ന അമേരിക്കയുടെ ശ്രമം വിജയിച്ചതും വിഷയത്തിൽ തങ്ങൾ നേരിട്ട് ഇടപെട്ടെന്നും ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ കളത്തിൽ ആ വിവാദങ്ങളൊന്നും യുഎസ്എക്ക് ഗുണകരമായില്ല. ആദ്യ മിനിറ്റുകളിൽതന്നെ ബെൽജിയം ആക്രമണാത്മക ഫുട്ബോളാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റിൽ അമദു ഒനാനയുടെ മുന്നേറ്റത്തിൽ ഡോഡി ലൂക്കേബാക്കിയോ മികച്ച അവസരം ഒരുക്കിയെങ്കിലും യൂറി ടിലെമാൻസ് ലക്ഷ്യം കണ്ടില്ല.
അൽപസമയത്തിനകം ബെൽജിയം ലീഡ് നേടി. പ്രതിരോധത്തിന് പിന്നിലേക്കുള്ള നീളൻ പാസ് ലിയാൻഡ്രോ ട്രോസാർഡ് നിയന്ത്രിച്ച ശേഷം നൽകിയ പന്ത് നിക്കോളാസ് റാസ്കിൻ മനോഹരമായി മുന്നോട്ട് നീട്ടി. അത് ചാൾസ് ഡി കെറ്റെലാരെ അനായാസം വലയിലെത്തിച്ച് ബെൽജിയത്തെ മുന്നിലെത്തിച്ചു. കളിയുടെ ഗതിക്കെതിരെ അമേരിക്ക സമനില പിടിച്ചത് മാലിക് ടിൽമാന്റെ മികവിലൂടെയായിരുന്നു. ബാലോഗൻ നേടിയ ഫ്രീകിക്ക് ടിൽമാൻ മനോഹരമായി വലയിലെത്തിച്ചു. ഹാൻസ് വാനാക്കന്റെ ചെറിയ ഡിഫ്ലക്ഷനും ഗോളിന് വഴിയൊരുക്കി. ഇതോടെ ഒരു ലോകകപ്പിൽ രണ്ട് ഡയറക്ട് ഫ്രീകിക്ക് ഗോളുകൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമായി ടിൽമാൻ മാറി.
എന്നാൽ സമനിലയുടെ ആവേശം അധികനേരം നീണ്ടില്ല. വീണ്ടും ട്രോസാർഡിന്റെ പാസിൽ ഡി കെറ്റെലാരെ ഹെഡറിലൂടെ ബെൽജിയത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അമേരിക്കയ്ക്ക് തിരിച്ചടിയായത് ഗോൾകീപ്പർ മാറ്റ് ഫ്രീസിന്റെ ഗുരുതര പിഴവായിരുന്നു. ബോക്സിന് പുറത്തേക്ക് കയറി വന്ന ഫ്രീസ് പന്ത് ക്ലിയർ ചെയ്യുന്നതിൽ മടിച്ചപ്പോൾ ഹാൻസ് വാനാക്കൻ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് ഉരുട്ടിയിട്ട് സ്കോർ 3-1 ആക്കി.
അധികസമയത്ത് റൊമേലു ലുക്കാക്കുവും ഗോൾ നേടിയതോടെ ബെൽജിയം 4-1ന്റെ ആധികാരിക ജയം ഉറപ്പിച്ചു. അവസാന വിസിൽ മുഴങ്ങിയതോടെ അമേരിക്കൻ താരങ്ങൾ നിരാശയിൽ മൈതാനത്ത് വീണു. പ്രതിരോധ താരം ക്രിസ് റിച്ചാർഡ്സ് ഏറെനേരം മൈതാനത്ത് കിടന്ന ശേഷമാണ് സഹതാരങ്ങൾ ആശ്വസിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് ലോകശ്രദ്ധ നേടിയിരുന്ന അമേരിക്കയ്ക്ക് പ്രീക്വാർട്ടറിന് അപ്പുറം കടക്കാനായില്ല. മറുവശത്ത്, ബെൽജിയം മികച്ച പ്രകടനത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
FIFA has come under renewed scrutiny after overturning Folarin Balogun's red card, allowing the US striker to play following an appeal that President Donald Trump said his administration supported. However, the controversy had no impact on the pitch as Belgium crushed the United States 4-1 in the World Cup Round of 16. Charles De Ketelaere scored twice, while Hans Vanaken and Romelu Lukaku also found the net. Belgium's players celebrated with Trump's signature dance as they advanced to the quarterfinals.