​ഗോൾ അവസരം പാഴാക്കി, വധഭീഷണിയുമായി കൊളംബിയൻ ആരാധകർ; സെൽഫ് ഗോളിന് പിന്നാലെ എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടതും ഇവിടെതന്നെ

1994 ലോകകപ്പിൽ അമേരിക്കക്കെതിരായ മത്സരത്തിൽ സെൽഫ് ഗോൾ വഴങ്ങിയതിന് പിന്നാലെ പ്രതിരോധതാരം ആന്ദ്രസ് എസ്കോബാർ നാട്ടിലേക്ക് മടങ്ങി, ദിവസങ്ങൾക്കകം കൊളംബിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു
​ഗോൾ അവസരം പാഴാക്കി, വധഭീഷണിയുമായി കൊളംബിയൻ ആരാധകർ; സെൽഫ് ഗോളിന് പിന്നാലെ എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടതും ഇവിടെതന്നെ
Published on

ടീം പരാജയപ്പെട്ടതിന്റെ നിരാശയിൽ താരങ്ങൾക്കെതിരെ പല രീതിയിലുള്ള പ്രതിഷേധങ്ങൾ ആരാധകർ ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും താരങ്ങൾക്കെതിരെയുള്ള ശാരീരിക അക്രമങ്ങളിലേക്കും വംശീയ അധിക്ഷേപങ്ങളിലുംവരെ എത്താറുമുണ്ട്. യുവേഫക്കും ഫിഫക്കും മറ്റ് ഫെഡറേഷനുകൾക്കും ഓരോ സീസണിലും ഇത്തരം നിരവധി പരാതികളാണ് കൈകാര്യം ചെയ്യേണ്ടി വരുന്നത്.

2026 ഫിഫ ലോകകപ്പിൽ നിർണായക അവസരം നഷ്ടമായതിന് പിന്നാലെ കൊളംബിയൻ താരം ജാമിന്റൺ കാംപാസ് ഗുരുതരമായ വധഭീഷണികൾ നേരിടുന്നതാണ് പുതിയ സംഭവം. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ, താരത്തിനും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ഭീഷണികൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും രാജ്യത്തെ പ്രോസിക്യൂട്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാങ്കൂവറിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിന്റെ 115ാം മിനിറ്റിലാണ് കൊളംബിയയ്ക്ക് വിജയഗോൾ നേടാനുള്ള സുവർണാവസരം കാംപാസിന് ലഭിച്ചത്. എന്നാൽ താരത്തിന്റെ ഷോട്ട്, ക്രോസ്‌ബാറിന് മുകളിലൂടെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ സ്വന്തം കിക്ക് ഗോളാക്കിയെങ്കിലും, കൊളംബിയ 4-3ന് തോറ്റ് ലോകകപ്പിൽനിന്ന് പുറത്താവുകയായിരുന്നു.

​ഗോൾ അവസരം പാഴാക്കി, വധഭീഷണിയുമായി കൊളംബിയൻ ആരാധകർ; സെൽഫ് ഗോളിന് പിന്നാലെ എസ്കോബാർ വെടിയേറ്റ് കൊല്ലപ്പെട്ടതും ഇവിടെതന്നെ
2006 ലോകകപ്പ് കിരീടത്തിന് ശേഷം മണ്ണിലാഴ്ന്ന ഇറ്റലി, കരകയറ്റാൻ ഫെഡറേഷന്റെ പൂഴിക്കടകൻ; പൗലോ മാൽഡിനി ടെക്നിക്കൽ ഡയറക്ടർ

മത്സരശേഷം സോഷ്യൽമീഡിയയിൽ കാംപാസിനും കുടുംബാംഗങ്ങൾക്കുംനേരെ വ്യാപകമായ അധിക്ഷേപവും വധഭീഷണികളുമാണ് ഉയരുന്നത്. താരത്തിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുംവരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദേശീയ ടീമിനൊപ്പം കൊളംബിയയിലേക്ക് മടങ്ങാതെ സുരക്ഷാ കാരണങ്ങളാൽ വടക്കേ അമേരിക്കയിൽ തുടരാനാണ് കാംപാസ് തീരുമാനിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അർജന്റീനൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന്റെ താരമാണ് നിലവിൽ കാംപാസ്. "ഫുട്ബോളിൽ വിജയങ്ങൾ മാത്രമല്ല, വേദന നിറഞ്ഞ നിമിഷങ്ങളും ഉണ്ടാകും. നിരാശയും ദുഃഖവും സ്വാഭാവികമാണ്. പക്ഷേ ഒരു വികാരവും വിദ്വേഷത്തിനോ ഭീഷണിക്കോ ന്യായീകരണമാകരുത്. ദയവായി ബഹുമാനം കൈവിടരുത്". സംഭവത്തിൽ പ്രതികരിച്ച കാംപാസ് ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ സന്ദേശം പങ്കുവെച്ചു.

വധഭീഷണിക്കെതിരെ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷനും ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തി. രാജ്യത്തെ പ്രതിനിധീകരിച്ചതിന്റെ പേരിൽ ഒരു താരമോ അദ്ദേഹത്തിന്റെ കുടുംബമോ ഭീഷണികൾ നേരിടേണ്ട സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും അക്രമ പ്രേരണകളും തടയാൻ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.

1994 ലോകകപ്പിൽ അമേരിക്കക്കെതിരായ മത്സരത്തിൽ സെൽഫ് ഗോൾ വഴങ്ങിയതിന് പിന്നാലെ പ്രതിരോധതാരം ആന്ദ്രസ് എസ്കോബാർ നാട്ടിലേക്ക് മടങ്ങി, ദിവസങ്ങൾക്കകം കൊളംബിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആ ദുരന്തത്തിന്റെ ഓർമകൾ ഇപ്പോഴും കൊളംബിയൻ ഫുട്ബോളിനെ വേട്ടയാടുന്ന സാഹചര്യത്തിൽ കാംപാസിനെതിരായ പുതിയ വധഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Summary

Colombia midfielder Jáminton Campaz has received death threats after missing a crucial chance in his side's 2026 FIFA World Cup Round of 16 defeat to Switzerland. The Colombian Football Federation has urged authorities to investigate the threats and provide protection for Campaz and his family. The midfielder has reportedly delayed his return to Colombia over security concerns. The incident has revived painful memories of Andrés Escobar, who was murdered after the 1994 World Cup, highlighting the dangers of football-related abuse.

Madism Digital
madismdigital.com