

ലോകകപ്പിലെ പുതിയ നിയമങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾ വീണ്ടും കനക്കുകയാണ്. പോർച്ചുഗലിനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യയുടെ യോഷ്കോ ഗ്വാർഡിയോളിന്റെ സമനില ഗോൾ വാർ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതാണ് പുതിയ വിവാദം. ഇതിൽ വാർ തീരുമാനത്തിന്റെ ഓഡിയോ പുറത്തുവിടണമെന്ന ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫക്ക് ഔദ്യോഗിക പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയായിട്ട് ഫിഫ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ക്രൊയേഷ്യൻ ടീം സാങ്കേതിക ഡയറക്ടർ സ്റ്റിപെ പ്ലെറ്റിക്കോസ ആരോപിച്ചു.
അധികസമയത്തിന്റെ 103ാം മിനിറ്റിൽ ഗ്വാർഡിയോൾ നേടിയ ഗോൾ ആദ്യം അനുവദിച്ചെങ്കിലും ദീർഘനേരം നീണ്ട വാർ പരിശോധനയ്ക്കുശേഷം അത് ഓഫ്‌സൈഡെന്ന് വിധിച്ച് റദ്ദാക്കുകയായിരുന്നു. സെൻസറുകൾ പ്രകാരം ക്രൊയേഷ്യൻ താരം ഇഗോർ മതാനോവിച്ച് പന്തിൽ വളരെ നേരിയ സ്പർശനം നടത്തിയെന്നാണ് കണ്ടെത്തിയത്. മതാനോവിച്ച് പിന്നീട് അത് മുടിയിൽ തട്ടിയതുപോലുള്ള ചെറിയ സ്പർശനം മാത്രമായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. ആ സ്പർശനമാണ് ആക്രമണനിരയിലെ മാരിയോ പസാലിച്ചിനെ ഓഫ്‌സൈഡ് നിലയിലാക്കുകയും ഗോൾ അസാധുവാകുകയും ചെയ്തത്.
തീരുമാനം വിശദീകരിച്ച ഫിഫ, ട്രിയോണ്ട പന്തിലെ ഐഎംഎം സെൻസറുകൾ ഏറ്റവും ചെറിയ സ്പർശനം പോലും കണ്ടെത്താൻ കഴിയുമെന്നും, അതുവഴി ഓഫ്‌സൈഡ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ എടുക്കാനാകുമെന്നും അറിയിക്കുകയാണ് ചെയ്തത്. ടെലിവിഷൻ സംപ്രേഷണത്തിൽ ഹാർട്ട്‌ബീറ്റ് ഗ്രാഫിക് ഉപയോഗിച്ചാണ് ഈ സ്പർശനം പ്രദർശിപ്പിച്ചതെന്നും ഫിഫ വ്യക്തമാക്കി.
എന്നാൽ വാർ പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും, പന്തിലെ സെൻസർ സാങ്കേതികവിദ്യ തെറ്റായി ഉപയോഗിച്ചുവെന്നുമാണ് ക്രൊയേഷ്യൻ ഫെഡറേഷന്റെ ആരോപണം. സംഭവത്തിന് പിന്നാലെ ഫെഡറേഷൻ പ്രസിഡന്റ് മരിയൻ കുസ്തിച്ച് ഫിഫയ്ക്ക് കടുത്ത ഭാഷയിൽ കത്തയച്ച് വാർ ആശയവിനിമയത്തിന്റെ ഓഡിയോ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്ലെറ്റിക്കോസ പ്രതികരിച്ചു.
പോർച്ചുഗൽ മത്സരത്തിലെ സംഭവത്തിന് തൊട്ടുപിന്നാലെ പ്രസിഡന്റ് കുസ്തിച്ച് ഫിഫയ്ക്ക് ഔദ്യോഗിക കത്തയച്ചെന്നും ആ വിവാദ തീരുമാനവുമായി ബന്ധപ്പെട്ട വാർ ആശയവിനിമയം പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇന്നുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് പ്ലെറ്റിക്കോസ പറഞ്ഞത്. ഫിഫ ആദ്യമായാണ് ഫുട്ബോളിനെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത്. റഫറിമാർക്ക് തെറ്റുകൾ സംഭവിക്കാം, അത് കളിയുടെ ഭാഗമാണ്. പക്ഷേ ഹൈഡ്രേഷൻ ബ്രേക്കുകൾ, പന്തിലെ ചിപ്പുകൾ, ക്രൊയേഷ്യ-ഇംഗ്ലണ്ട് മത്സരത്തിലെ 18 മിനിറ്റ് ഇടവേള എന്നിവയെല്ലാം ചേർന്ന് കളിയുടെ സ്വഭാവം തന്നെ ബാധിക്കുന്ന അവസ്ഥയാണ്. ഇത് തിരിച്ചറിഞ്ഞ് ഇടപെടേണ്ടവർ മൗനം പാലിക്കുകയാണ്. അദ്ദേഹം വിമർശിച്ചു.
ലോകകപ്പിൽ പുറത്തായതിന്റെ പിന്നാലെ 2018ൽ ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലും 2022ൽ മൂന്നാം സ്ഥാനത്തും എത്തിച്ച പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. മുൻ പരിശീലകനും മുൻ വെസ്റ്റ് ഹാം മാനേജരുമായ സ്ലാവൻ ബിലിച്ചാണ് വീണ്ടും ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ചുമതലയേറ്റിരിക്കുന്നത്.
Croatia has accused FIFA of ignoring its official request to release the VAR audio from the controversial Round of 32 defeat to Portugal at the 2026 World Cup. Josko Gvardiol's late equaliser was ruled out after ball-sensor technology detected a slight touch by Igor Matanovic, resulting in an offside call. Croatia claims VAR protocols were not followed and the technology was misused. Technical director Stipe Pletikosa also criticised FIFA over recent rule changes, while Slaven Bilic has replaced Zlatko Dalic as Croatia coach.