

വീണ്ടും ഒരു കൗതുക സംഭവം പുലർന്നിരിക്കുകയാണ് 2026 ലോകകപ്പിൽ. ഇന്ന് പുലർച്ചെ നടന്ന ഫ്രാൻസ്-ഇറാഖ് മത്സരം രണ്ട് മണിക്കൂറിലധികം നിർത്തിവെച്ചത് ലോകകപ്പ് ചരിത്രത്തിൽ ആദ്യ സംഭവമാണ്. ഇത്രയും സമയ ദൈർഘ്യത്തിൽ മുമ്പ് മറ്റൊരു മത്സരവും മാറ്റിവെച്ചിട്ടില്ല. ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് കിലിയൻ എംബാപ്പെയുടെ ഒരു ഗോളിന് മുന്നിലായിരുന്നു.
സാധാരണ ഗതിയിൽ പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് താരങ്ങൾ ഗ്രണ്ടിലേക്കെത്തും. ഇതിനിടയിലാണ് ഫിലാഡൽഫിയ മേഖലയിലേക്ക് ശക്തമായ ഇടിമിന്നലോടുകൂടി മഴ എത്തിയത്. അമേരിക്കയിലെ കായികമത്സരങ്ങളിൽ നിലവിലുള്ള സുരക്ഷാ നിയമപ്രകാരം സ്റ്റേഡിയത്തിൽനിന്ന് എട്ട് മൈൽ പരിധിക്കുള്ളിൽ ഇടിമിന്നൽ സാന്നിധ്യം കണ്ടെത്തിയാൽ മത്സരം നിർത്തിവെക്കണം.
ഇതിനെതുടർന്ന് ആരാധകരോട് തുറന്ന ഗാലറികൾ ഒഴിഞ്ഞ് സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. താരങ്ങളെയും ഡ്രസ്സിങ് റൂമുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് 30 മിനിറ്റ് മിന്നൽ ഇല്ലാത്ത സാഹചര്യം ഉറപ്പാക്കിയ ശേഷമേ കളി പുനരാരംഭിക്കാൻ കഴിയൂ. ഈ കാത്തിരിപ്പിനിടയിൽ എപ്പോഴെങ്കിലും വീണ്ടും മിന്നലുണ്ടായാൽ അവിടുന്ന് മുതൽ കൗണ്ട്ഡൗൺ റീസെറ്റ് ചെയ്യപ്പെടുകയും വീണ്ടും 30 മിനിറ്റ് കൂടി കാത്തിരിക്കേണ്ടി വരികയും ചെയ്യും. ഈ കർശനമായ സുരക്ഷാ മാനദണ്ഡമാണ് ഫിലാഡൽഫിയയിലെ ഇടവേളയെ രണ്ട് മണിക്കൂർ നീണ്ട കാത്തിരിപ്പാക്കി മാറ്റിയത്.
ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മത്സരം വീണ്ടും ആരംഭിച്ചു. പിന്നീട് എംബാപ്പെ വീണ്ടും വലകുലുക്കുകയും ഒസ്മാൻ ഡെംബലെ ഒരു ഗോൾ നേടുകയും ചെയ്തതോടെ ഫ്രാൻസ് 3-0ന്റെ വിജയം സ്വന്തമാക്കി. ഈ ജയത്തോടെ ഫ്രാൻസ് നോക്കൗട്ട് റൗണ്ടിലേക്കും മുന്നേറി. ലോകകപ്പിന്റെ ആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ വേനൽക്കാലത്ത് ഇടിമിന്നൽ മഴ സാധാരണമാണെന്നതിനാൽ ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്ലബ് ലോകകപ്പിലും നിരവധി മത്സരങ്ങൾ കാലാവസ്ഥ കാരണം വൈകിയിരുന്നു.
A unique incident unfolded at the 2026 FIFA World Cup as the France-Iraq match in Philadelphia was suspended for more than two hours due to lightning and severe weather, the longest delay in World Cup history. With France leading 1-0 at halftime through Kylian Mbappe, players and fans were evacuated under U.S. safety protocols requiring play to stop when lightning is detected nearby. After the lengthy delay, France secured a 3-0 win and a place in the knockout stage, raising concerns about future weather disruptions.