

2026 ഫിഫ ലോകകപ്പിൽ ഇറാനോടുള്ള അമേരിക്കയുടെ നിയന്ത്രണങ്ങൾക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകാനൊരുങ്ങുകയാണ് ഇറാൻ. നേരത്തെ ടീമിന്റെ ഡ്രസ്സിങ് റൂം സന്ദർശിച്ച ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോയോട് താരങ്ങൾ പരാതി പറഞ്ഞിരുന്നെങ്കിലും നടപടിയാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനും കാലാവസ്ഥയോട് പൊരുത്തപ്പെടുന്നതിനായും മിനിമം രണ്ട് ദിവസമെങ്കിലും വേണമെന്നിരിക്കെ 24 മണിക്കൂറാണ് ഇറാന് അമേരക്കിയിൽ പ്രവേശിക്കാൻ സമയം നൽകുന്നത്. മാത്രമല്ല, കളി കഴിഞ്ഞാൽ ടീമും ഒഫീഷ്യലുകളും രാജ്യം വിടണമെന്നുമാണ് നിർദേശം. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങൾ നേരിടുന്ന യാത്രാ നിയന്ത്രണങ്ങൾ എല്ലാ ടീമുകൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്ന അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്നും ഇത് ടീമുകളുടെ തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
ന്യൂസിലൻഡിനെതിരെ ലോസ് ആഞ്ചലസിൽ നടന്ന ആദ്യ മത്സരത്തിൽ 2-2 സമനില നേടിയതിന് പിന്നാലെ ഇറാൻ പരിശീലകൻ അമിർ ഗലേനോയ് തങ്ങളുടെ ടീമാണ് ലോകകപ്പിലെ ഏറ്റവും അടിച്ചമർത്തപ്പെടുന്ന ടീം എന്ന് തുറന്നു പറഞ്ഞിരുന്നു. ലോകകപ്പിലെ ഇറാന്റെ പങ്കാളിത്തം തുടക്കം മുതൽ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു.
ടീമിന്റെ നിർണായക സപ്പോർട്ട് സ്റ്റാഫിലെ പലർക്കും അമേരിക്കയിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടു. കൂടാതെ ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് തങ്ങൾക്ക് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ടയും റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് നിഷ്പക്ഷതയും നീതിയും ഉറപ്പാക്കണമെന്ന് ഫെഡറേഷൻ ഫിഫയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഓരോ മത്സരത്തിനും രണ്ട് ദിവസം മുമ്പ് ആതിഥേയ നഗരത്തിലെത്താനും മത്സരം കഴിഞ്ഞ് അടുത്ത ദിവസം ക്യാമ്പിലേക്ക് മടങ്ങാനും അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ മത്സരത്തിന് മുമ്പ് ഈ അപേക്ഷ തള്ളിയതുപോലെ ബെൽജിയത്തിനെതിരായ മത്സരത്തിനുമുമ്പും അതേ നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് ഫെഡറേഷൻ ആരോപിച്ചു.
അമേരിക്കയിലെ അരിസോണയിൽനിന്ന് മെക്സിക്കോയിലെ ടിജ്വാനയിലേക്കാണ് ഇറാന് തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പ് മാറ്റേണ്ടി വന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ട് മത്സരങ്ങളാണ് ഇറാനെ കാത്തിരിക്കുന്നത്. ജൂൺ 21ന് ലോസ് ആഞ്ചലസിൽ ബെൽജിയത്തെയും ജൂൺ 27ന് സിയാറ്റിലിൽ ഈജിപ്തിനെയും നേരിടും. അതേസമയം, ഈ നിബന്ധനകൾ ഇറാൻ മുൻകൂട്ടി അംഗീകരിച്ചിരുന്നുവെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് വിഷയത്തിൽ പ്രതികരിച്ചത്.
Iran are preparing to file an official complaint with FIFA over travel restrictions imposed by the United States during the 2026 World Cup. The team is allowed to enter the US only 24 hours before matches and must leave immediately after games, limiting preparation and recovery time. Iran argue the rules violate the principle of equal treatment for all teams. The dispute follows visa denials for key staff and ticket allocation issues. However, US authorities insist Iran had accepted these conditions before the tournament.