ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ; പുതു ചരിത്രം കുറിച്ച് മാനുവൽ നോയർ

20 മത്സരങ്ങൾ കളിച്ച ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന്റെ റെക്കോർഡാണ് ഈ ജർമ്മൻ താരം മറികടന്നത്.
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ; പുതു ചരിത്രം കുറിച്ച് മാനുവൽ നോയർ
Published on

ഫിഫ ലോകകപ്പ് ചരിത്രത്തിൽ പുതിയ ചരിത്രം കുറിച്ച് ജർമ്മനിയുടെ സ്റ്റാർ ഗോൾകീപ്പർ മാനുവൽ നോയർ. ശനിയാഴ്ച ടൊറന്റോയിൽ ഐവറി കോസ്റ്റിനെതിരെ നടന്ന മത്സരത്തിൽ കളത്തിലിറങ്ങിയതോടെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത ഗോൾകീപ്പർ എന്ന റെക്കോർഡ് ബയേൺ മ്യൂണിക്ക് താരം സ്വന്തമാക്കി.

തന്റെ 21-ാം ലോകകപ്പ് മത്സരമായിരുന്നു നോയർ ഇന്നലെ പൂർത്തിയാക്കിയത്. ഇതോടെ, 20 മത്സരങ്ങൾ കളിച്ച ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന്റെ റെക്കോർഡാണ് ഈ ജർമ്മൻ താരം മറികടന്നത്.

ജർമ്മനിയുടെ 2014-ലെ ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച 40-കാരനായ മാനുവൽ നോയർ, തന്റെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പിനാണ് ഇപ്പോൾ ബൂട്ടണിയുന്നത്. യൂറോ 2024 ക്വാർട്ടർ ഫൈനലിൽ ജർമ്മനി പുറത്തായതിന് പിന്നാലെ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പരിശീലകൻ ജൂലിയൻ നാഗൽസ്മാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ സൂപ്പർ താരം വീണ്ടും ടീമിലെത്തിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൊന്നും അദ്ദേഹം കളിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

അതേസമയം, ഐവറി കോസ്റ്റിനെതിരായ മത്സരത്തിന് മുൻപ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോകകപ്പിന് ശേഷം താന്‍ വിരമിക്കുമെന്ന് നോയര്‍ പറഞ്ഞിരുന്നു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഈ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പൂർണ്ണമായി വിരമിക്കാനാണ് 40-കാരനായ ഈ ഇതിഹാസ ഗോൾകീപ്പറുടെ തീരുമാനം.

2010-ൽ ജർമ്മനിക്കായി ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മാനുവൽ നോയർ, തുടർന്ന് 2014, 2018, 2022 ലോകകപ്പുകളിലും ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജർമ്മനിക്കായി ഒരു പ്രധാന ടൂർണമെന്റിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് നോയറിന്റെ പേരിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഇപ്പോൾ അദ്ദേഹം ആറാം സ്ഥാനത്തെത്തി നിൽക്കുന്നു.

ലയണൽ മെസ്സി, ലോതർ മത്തേവസ്, മിറോസ്ലാവ് ക്ലോസെ, പാവ്ലോ മാൽദിനി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ മാത്രമാണ് ഈ പട്ടികയിൽ നോയറിന് മുന്നിലുള്ളത്.

Summary

At 40 years old, German goalkeeper Manuel Neuer has become the player with the most World Cup appearances by a goalkeeper in history. Making his 21st appearance during a match against Ivory Coast, he surpassed the previous record of 20 held by France's Hugo Lloris. Neuer, who initially retired from international football following Germany's quarter-final exit at Euro 2024, made a surprise return to the national squad for the 2026 FIFA World Cup at the request of head coach Julian Nagelsmann. He has confirmed that this tournament will be his final one, and he does not plan to participate in future European Championships.

Madism Digital
madismdigital.com