'വൃത്തികെട്ട ഫുട്‌ബോളും ഞങ്ങള്‍ക്കറിയാം'; പരാഗ്വെ ഗോള്‍കീപ്പര്‍ക്ക് കൈകൊടുക്കാതെ എംബാപ്പെയുടെ കണക്കുതീര്‍ക്കല്‍

റഫറി ടാന്റാഷെവിന്റെ നിലപാടുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മത്സരത്തില്‍ പരാഗ്വെ 13 ഫൗളുകള്‍ ചെയ്തിട്ടും അവര്‍ക്കെതിരെ ഒരു കാര്‍ഡ് പോലും പ്രയോഗിക്കാന്‍ റഫറി തയ്യാറായില്ല.
'വൃത്തികെട്ട ഫുട്‌ബോളും ഞങ്ങള്‍ക്കറിയാം'; പരാഗ്വെ ഗോള്‍കീപ്പര്‍ക്ക് കൈകൊടുക്കാതെ എംബാപ്പെയുടെ കണക്കുതീര്‍ക്കല്‍
Published on

കടുത്ത ഉഷ്ണതരംഗത്തില്‍ ഫിലാഡല്‍ഫിയ വെന്തുരുകിയപ്പോള്‍, കിരീടസാധ്യതയില്‍ മുന്‍പന്തിയിലുള്ള ഫ്രാന്‍സ് തങ്ങളുടെ പതിവ് ആഡംബര ശൈലി മാറ്റിവെച്ച് കടുത്ത പോരാട്ടത്തിലൂടെയാണ് പരാഗ്വെയെ ഒന്നിനെതിരെ പൂജ്യം ഗോളുകള്‍ക്ക് കീഴടക്കിയത്. ഒരു തല്ലുമാല കളി ലക്ഷ്യമിട്ടിറങ്ങിയ സൗത്ത് അമേരിക്കന്‍ കരുത്തരായ പരാഗ്വെയ്ക്ക് ഫ്രഞ്ച് പ്രതിരോധത്തിന് മുന്നില്‍ തോല്‍ക്കാനായിരുന്നു യോഗം. ഫ്രാന്‍സ്-പരാഗ്വെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ താളുകളില്‍ ഈ മത്സരം അടയാളപ്പെടുത്തപ്പെടുക 1998-ലെ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറിനോടൊപ്പമായിരിക്കും. അന്ന് അധികസമയത്തെ ഗോള്‍ഡന്‍ ഗോളില്‍ ഫ്രാന്‍സ് 1-0 ന് ജയിച്ച കളിക്ക് സമാനമായിരുന്നു ഇതും. ഇന്നത്തെ ഗോള്‍ വേട്ടക്കാരന്‍ കിലിയന്‍ എംബാപ്പെയ്ക്ക് ഇത്തവണ ഒരു പെനാല്‍റ്റി ഗോള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എങ്കിലും ഈ ഗോളോടെ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

കളി മറന്ന പരാഗ്വെയും റഫറിയുടെ പിഴവുകളും

കഴിഞ്ഞ റൗണ്ടില്‍ വന്‍ശക്തികളായ ജര്‍മ്മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് ഹീറോ പരിവേഷത്തോടെ വന്ന പരാഗ്വെ, പക്ഷെ, ഫുട്‌ബോള്‍ ആരാധകരുടെ കടുത്ത അമര്‍ഷം ഏറ്റുവാങ്ങിയാണ് മൈതാനത്ത് നിന്നും മടങ്ങുന്നത്. കൈമുട്ടുകള്‍ കൊണ്ടുള്ള പ്രഹരങ്ങളും അപകടകരമായ ടാക്ലിങുകളും ഉസ്‌ബെക്കിസ്ഥാന്‍കാരനായ റഫറി ഇല്‍ഗിസ് ടാന്റാഷെവിനോടുള്ള നിരന്തര തര്‍ക്കങ്ങളുമായിരുന്നു അവരുടെ കളിയുടെ പ്രധാന സവിശേഷത. എന്നാല്‍ റഫറി ടാന്റാഷെവിന്റെ നിലപാടുകളും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മത്സരത്തില്‍ പരാഗ്വെ 13 ഫൗളുകള്‍ ചെയ്തിട്ടും അവര്‍ക്കെതിരെ ഒരു കാര്‍ഡ് പോലും പ്രയോഗിക്കാന്‍ റഫറി തയ്യാറായില്ല. അതേസമയം 11 ഫൗളുകള്‍ ചെയ്ത ഫ്രാന്‍സിന് മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു.

മത്സരശേഷം പരാഗ്വെയുടെ ഈ കളിരീതിക്കെതിരെ കിലിയന്‍ എംബാപ്പെ പരസ്യമായി രംഗത്തെത്തി. 'ഞങ്ങള്‍ വെറുമൊരു അറ്റാക്കിങ് ഫുട്‌ബോള്‍ ടീം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ജയിക്കാന്‍ വേണ്ടി കൈകള്‍ അഴുക്കാക്കേണ്ടി വന്നാല്‍ ഞങ്ങള്‍ അതിനും തയ്യാറാണ്. ഞങ്ങള്‍ കോട്ടും സൂട്ടുമിട്ട് സുന്ദരമായി കളിക്കാന്‍ വരുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ 'വൃത്തികെട്ട ഫുട്‌ബോള്‍' കളിക്കാനും ഞങ്ങള്‍ക്ക് നന്നായറിയാം. ഞങ്ങള്‍ അവരേക്കാള്‍ മികച്ച രീതിയില്‍ കളിച്ച് വിജയം നേടി', ഇതായിരുന്നു എംബാപ്പെയുടെ വാക്കുകള്‍.

'വൃത്തികെട്ട ഫുട്‌ബോളും ഞങ്ങള്‍ക്കറിയാം'; പരാഗ്വെ ഗോള്‍കീപ്പര്‍ക്ക് കൈകൊടുക്കാതെ എംബാപ്പെയുടെ കണക്കുതീര്‍ക്കല്‍
പരാഗ്വെയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് എംബാപ്പെ, ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മെസിക്കൊപ്പം; ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

നൂറ് ഡിഗ്രി ചൂടും ഫിലാഡല്‍ഫിയയിലെ ആഘോഷപ്പൊലിമയും

അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷിക ദിനത്തില്‍ നടന്ന മത്സരമായതിനാല്‍ ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയം വലിയ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നൃത്തച്ചുവടുകളോടെയും ബോയ്‌സ് ക്വയറിന്റെ സംഗേതവും കളിക്ക് മുന്‍പുള്ള അന്തരീക്ഷം ഗംഭീരമാക്കി. ഫിലാഡല്‍ഫിയയുടെ സ്വന്തം റാപ്പ് ബാന്‍ഡായ 'ദി റൂട്ട്‌സ്' കടുത്ത ചൂടിലും കാണികളെ ആവേശത്തിലാഴ്ത്തി. എന്നാല്‍ കനല്‍ച്ചൂടില്‍ ഫുട്‌ബോള്‍ കളിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ചൂട് കാരണം ഇരു ടീമുകള്‍ക്കും വേഗത്തില്‍ ഓടാന്‍ കഴിയാത്തതിനാല്‍ ആദ്യ പകുതി തികച്ചും മന്ദഗതിയിലായി. ആദ്യത്തെ വാട്ടര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഫ്രാന്‍സ് 208 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരാഗ്വെയ്ക്ക് വെറും 33 പാസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പരാഗ്വെയുടെ കടുത്ത പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ഫ്രാന്‍സിന് ആദ്യ പകുതിയില്‍ സാധിച്ചില്ല.

കളി മാറ്റിയ പകരക്കാരനും എംബാപ്പെയുടെ മാന്ത്രിക കിക്കും

രണ്ടാം പകുതിയില്‍ സ്റ്റേഡിയത്തില്‍ തണല്‍ വീണതോടെയാണ് കളിക്ക് അല്‍പം ജീവന്‍ വെച്ചത്. 55-ാം മിനിറ്റില്‍ മനു കോനെ ഉതിര്‍ത്ത ഒരു ലോംഗ് റേഞ്ചര്‍ പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞിരുന്നു. ബോക്‌സിനുള്ളിലേക്ക് പന്ത് എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ് 61-ാം മിനിറ്റില്‍ വിങ്ങര്‍ ബ്രാഡ്ലി ബാര്‍ക്കോളയെ പിന്‍വലിച്ച് പാരീസ് സെന്റ് ജര്‍മ്മന്‍ താരം ഡിസിറെ ഡൂയെയെ കളത്തിലിറക്കി. ഈ മാറ്റമാണ് കളിയുടെ വിധി എഴുതിയത്. ഇടതുവിങ്ങില്‍ പന്തുമായി കുതിച്ച ഡൂയെ പരാഗ്വെയുടെ രണ്ട് ഡിഫന്‍ഡര്‍മാരെ കണ്ണുവെട്ടിച്ച് ബോക്‌സിലേക്ക് കയറുന്നതിനിടെ മൂന്നാമത്തെ ഡിഫന്‍ഡര്‍ ഡീഗോ ഗോമസ് അദ്ദേഹത്തെ ഫൗള്‍ ചെയ്ത് വീഴ്ത്തി. റഫറി ആദ്യം പെനാല്‍റ്റി നിഷേധിച്ചെങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം പെനാല്‍റ്റി വിധിച്ചു. 70-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് എടുത്ത എംബാപ്പെ ഗോള്‍കീപ്പര്‍ ഗില്ലിനെ പൂര്‍ണ്ണമായും അമ്പരപ്പിച്ചു കൊണ്ട് പന്ത് വലയിലെത്തിച്ചു.

കളിക്ക് ശേഷമുള്ള നാടകീയ രംഗങ്ങള്‍

മത്സരശേഷം നാടകീയമായ ചില സംഭവങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. കളിയിലുടനീളം തങ്ങളെ കടുത്ത ഫൗളുകളിലൂടെ നേരിട്ട പരാഗ്വെ കളിക്കാരോട് എംബാപ്പെയ്ക്കുള്ള അതൃപ്തി വ്യക്തമായിരുന്നു. മത്സരത്തിന് ശേഷം പരാഗ്വെ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ സൗഹൃദപൂര്‍വ്വം കൈനീട്ടിയെങ്കിലും എംബാപ്പെ അത് അവഗണിച്ച് വിജയം ആഘോഷിക്കുകയാണ് ചെയ്തത്. ഇതിനെക്കുറിച്ച് ഗില്‍ പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഞാന്‍ അദ്ദേഹത്തിന് ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചതാണ്, എന്നാല്‍ അദ്ദേഹം എന്നെ പൂര്‍ണ്ണമായി അവഗണിച്ചു. അതെന്നെ അല്പം ദേഷ്യം പിടിപ്പിച്ചു. എങ്കിലും ഞാന്‍ പിന്നീട് ശാന്തനായി.'

'വൃത്തികെട്ട ഫുട്‌ബോളും ഞങ്ങള്‍ക്കറിയാം'; പരാഗ്വെ ഗോള്‍കീപ്പര്‍ക്ക് കൈകൊടുക്കാതെ എംബാപ്പെയുടെ കണക്കുതീര്‍ക്കല്‍
ശാന്തതയ്ക്കുള്ളിൽ തന്ത്രം ഒളിപ്പിച്ച റൂഡി ​ഗാർഷ്യ; ഡാർക്ക് ഹോഴ്സ് പദവി ബെൽജിയത്തിന് വീണ്ടും സമ്മാനിച്ച പരിശീലകൻ

ഇഞ്ചുറി ടൈമില്‍ എംബാപ്പെയുടെ മറ്റൊരു ഗോള്‍ശ്രമം കൂടി തടഞ്ഞ ഗില്ലിന്റെ മികച്ച പ്രകടനം കാരണമാണ് ഫ്രാന്‍സിന്റെ വിജയം ഒരു ഗോളില്‍ ഒതുങ്ങിയത്. ഇതോടെ എംബാപ്പെയുടെ ലോകകപ്പ് കരിയറിലെ ഗോളുകളുടെ എണ്ണം 19 മത്സരങ്ങളില്‍ നിന്ന് 19 ആയി. മത്സരത്തിലെ എല്ലാ തര്‍ക്കങ്ങളിലും എംബാപ്പെയായിരുന്നു കേന്ദ്രബിന്ദു. കടുത്ത ടാക്ലിംഗുകളാണ് മത്സരത്തിലുടനീളം എംബാപ്പെയ്ക്ക് നേരിടേണ്ടി വന്നത്. ആന്‍ഡ്രേസ് ക്യൂബാസിന്റെ കടുത്ത ഫൗളിനോട് എംബാപ്പെ ദേഷ്യത്തോടെ പ്രതികരിച്ചത് മൈതാനത്ത് ചെറിയൊരു സംഘര്‍ഷത്തിന് കാരണമായി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ജുവാന്‍ കാസെറെസ് എംബാപ്പെയെ പിടിച്ചുവെച്ചതിന് റഫറി ഇല്‍ഗിസ് ടാന്റഷെവ് പെനാല്‍റ്റി അനുവദിക്കാതിരുന്നതില്‍ ഫ്രഞ്ച് നിര കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

'അവര്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അടവുകളും പുറത്തെടുത്തു,' മത്സരം കഴിഞ്ഞ് ഫ്രഞ്ച് പരിശീലകന്‍ ദെഷാംപ്‌സ് പറഞ്ഞു. 'ഇത് ആളുകളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്ന തരം ഫുട്‌ബോളല്ല, പക്ഷേ അവര്‍ അത് മികച്ച രീതിയില്‍ പ്രതിരോധിച്ചു. ഈ തെക്കേ അമേരിക്കന്‍ ടീമുകള്‍ക്കെതിരെ കളിക്കുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്.' കളിയുടെ അവസാന ഘട്ടത്തില്‍ എംബാപ്പെയ്ക്ക് കാവലായി നില്‍ക്കാന്‍ തന്റെ ടീമിലെ ഏറ്റവും ഉയരമുള്ള രണ്ട് കളിക്കാരോട് ആവശ്യപ്പെട്ടിരുന്നതായി ദെഷാംപ്‌സ് വെളിപ്പെടുത്തി. 'ഞാന്‍ എന്റെ ടീമിലെ ഏറ്റവും വലിയ രണ്ട് കളിക്കാരോട് കിലിയന് ചുറ്റും നില്‍ക്കാന്‍ പറഞ്ഞു. കാരണം പരാഗ്വെ താരങ്ങള്‍ അവനെ ഫൗള്‍ ചെയ്ത് വീഴ്ത്താന്‍ നോക്കുകയായിരുന്നു,' ദെഷാംപ്‌സ് പറഞ്ഞു.

Summary

France secured a hard-fought 1-0 victory over Paraguay to reach the FIFA World Cup quarter-finals, with Kylian Mbappe converting a second-half penalty after a VAR review. Paraguay adopted an aggressive, physical approach and frustrated France for long periods with disciplined defending, while referee Ilgiz Tantashev came under criticism for inconsistent officiating. Mbappe later accused Paraguay of playing "dirty football," saying France was prepared to match their intensity. Substitute Desire Doue won the decisive penalty after an impressive run, proving to be the game's turning point. The victory takes Didier Deschamps side into the last eight, where they will face Morocco, while Mbappe's seventh tournament goal draws him level with Lionel Messi in the Golden Boot race.

Madism Digital
madismdigital.com