പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി ഉറപ്പിച്ച് പുറത്തേക്കുള്ള വാതിലിനു തൊട്ടരികില്‍ നില്‍ക്കുകയായിരുന്നു അര്‍ജന്റീന. ഫുട്ബോള്‍ എന്നാല്‍ 90 മിനിറ്റും അതിനുശേഷം കിട്ടുന്ന ജീവന്റെ വിലയുള്ള ഏതാനും മിനിറ്റുകള്‍ ആണെന്നും ലയണല്‍ മെസിക്കും സംഘത്തിനും അറിയാം. ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്കെന്ന് ആരാധകര്‍ പോലും കരുതിയപ്പോഴും ലയണല്‍ സ്‌കലോണിയും അയാളുടെ എന്തിനും പോന്ന ടീമും പൊരുതി നോക്കി, പിന്നെ നടന്നത് ചരിത്രം!
ഈജിപ്ത് ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡെടുത്തിരുന്നു. 15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമിലൂടെയാണ് അര്‍ജന്റീനയെ ഈജിപ്ത് ഞെട്ടിച്ചത്. തൊട്ടുപിന്നാലെ അര്‍ജന്റീനയ്ക്കു ഒരു പെനാല്‍റ്റി ലഭിക്കുന്നുണ്ട്. നായകന്‍ ലയണല്‍ മെസിയുടെ പെനാല്‍റ്റി ഈജിപ്ത് ഗോളി തടുക്കുന്നതോടെ അര്‍ജന്റീന ആരാധകര്‍ നിരാശയുടെ പടുകുഴിയിലേക്ക്. രണ്ടാം പകുതിയിലും കണ്ടത് ഈജിപ്തിന്റെ മുന്നേറ്റങ്ങളാണ്. 67-ാം മിനിറ്റില്‍ മുസ്തഫ സിക്കോയിലൂടെ രണ്ടാം ഗോളും നേടി അര്‍ജന്റീനയ്ക്കുമേല്‍ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ച. കളി തോറ്റെന്ന് എല്ലാവരും വിധിയെഴുതി തുടങ്ങി. ഇതിനിടെ സ്‌കലോണി ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഗോണ്‍സാലസ്, ലൗത്താറോ മാര്‍ട്ടിനെസ്, മോന്റിയല്‍ എന്നിവര്‍ കളത്തിലേക്ക്. പിന്നെ കണ്ടത് ഒരു ഗിയര്‍ ഷിഫ്റ്റ്.
പെനാല്‍റ്റി നഷ്ടമാക്കിയ, കളിക്കളത്തില്‍ നിറംമങ്ങി നില്‍ക്കുന്ന ലയണല്‍ മെസി തനിരൂപം പുറത്തെടുത്തു. റൈറ്റ് വിങ്ങില്‍ നിന്ന് മെസി നല്‍കിയ ക്രോസ് ക്രിസ്റ്റ്യന്‍ റൊമേരോയുടെ ഹെഡറിലൂടെ ഈജിപ്തിന്റെ വലയിലെത്തി. ലോകകപ്പ് വിജയം പോലെ മെസി ആഘോഷിക്കാന്‍ തുടങ്ങി, 'ഒന്നും കഴിഞ്ഞിട്ടില്ല' എന്ന് വ്യക്തമാക്കുന്ന മുഖഭാവം. ആദ്യ ഗോള്‍ നേടിയ ശേഷം പിന്നെ കളി പൂര്‍ണമായി അര്‍ജന്റീനയുടെ കൈകളില്‍. ഒരു തരത്തിലും ഈജിപ്തിനു തിരിച്ചുവരാന്‍ സാധിക്കാത്ത വിധമുള്ള പെരുംങ്കളിയാട്ടം. 83-ാം മിനിറ്റില്‍ സാക്ഷാല്‍ മെസി തന്നെ അര്‍ജന്റീനയ്ക്കായി രണ്ടാം ഗോള്‍ നേടി. നാല് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍.
ഫൈനല്‍ വിസിലിനു മുന്‍പാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറക്കുന്നത്. ലൗത്താറോ മാര്‍ട്ടിനെസിന്റെ ക്രോസിനു എന്‍സോ ഫെര്‍ണാണ്ടസിന്റെ കിടിലന്‍ ഹെഡര്‍. എട്ട് മിനിറ്റിനിടയിലെ മൂന്നാമത്തെ ഗോള്‍ ഈജിപ്തിന്റെ പരിപ്പിളക്കി. ഈ ഗോളിലും മെസിയുടെ സ്പര്‍ശമുണ്ടായിരുന്നു. ഈ ലോകകപ്പില്‍ എട്ട് ഗോളുകളും ഒരു അസിസ്റ്റുമായി മെസി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരില്‍ മുന്നിട്ടുനില്‍ക്കുന്നു. നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് ഒരു ഗോളിലൂടെയും ഒരു അസിസ്റ്റിലൂടെയും പ്രാശ്ചിത്തം. കളിയിലെ താരവും മെസി തന്നെ.
Lionel Messi inspired Argentina to a stunning 3-2 comeback victory over Egypt in the FIFA World Cup 2026 Round of 16 after the defending champions trailed by two goals. Despite missing an early penalty, Messi sparked the revival with an assist and a goal as Argentina scored three times in the final 15 minutes to secure a place in the quarter-finals.