ഹാട്രിക്കോടെ അര്‍ജന്റീനയെ നയിച്ച് ലയണല്‍ മെസ്സി, ജയിച്ചു തുടങ്ങി ചാമ്പ്യന്മാര്‍

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസ്സി ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.
ഹാട്രിക്കോടെ അര്‍ജന്റീനയെ നയിച്ച് ലയണല്‍ മെസ്സി, ജയിച്ചു തുടങ്ങി ചാമ്പ്യന്മാര്‍
Published on

അള്‍ജീരിയയുടെ 'ഡെസേര്‍ട്ട് ഫോക്‌സസിനെ' എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് വിജയകരമായ തുടക്കം കുറിച്ചു. ഈ വിജയം ലയണല്‍ മെസ്സിയുടെ കരിയറിലെ സവിശേഷവും അതിമനോഹരവുമായ ആദ്യ ലോകകപ്പ് ഹാട്രിക്കിലൂടെയാണ് പിറന്നത് എന്നതായിരിക്കും അര്‍ജന്റീനന്‍ ആരാധകര്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ടാവുക.

കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് തുടങ്ങിയ വന്‍നിര താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്ത കളിയില്‍, 38- കാരനായ ഈ ഇന്റര്‍ മിയാമി ഫോര്‍വേഡ്, തന്നെ ഫുട്‌ബോള്‍ ലോകത്തുനിന്ന് ആര്‍ക്കും അത്രപെട്ടെന്ന് തള്ളിക്കളയാനാവില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഒരു വിസ്മയ ഗോളിലൂടെയാണ് മെസ്സി തുടക്കമിട്ടത്. പിന്നീട് 60-ാം മിനിറ്റില്‍ ലളിതമായൊരു ടാപ്പ്-ഇന്‍ ഗോളിലൂടെ അദ്ദേഹം ലീഡ് ഉയര്‍ത്തി. ഒടുവില്‍ തന്റെ പ്രിയപ്പെട്ട ഇടംകാലുകൊണ്ട് 76-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക് പൂര്‍ത്തിയാക്കി.

ലോകകപ്പില്‍ മെസ്സിയുടെ 27-ാം മത്സരത്തിലെ 16-ാം ഗോളാണിത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അദ്ദേഹം ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.

ഹാട്രിക്കോടെ അര്‍ജന്റീനയെ നയിച്ച് ലയണല്‍ മെസ്സി, ജയിച്ചു തുടങ്ങി ചാമ്പ്യന്മാര്‍
പരുക്ക്; പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി അവസാന നിമിഷം ടിനോ ലിവ്രമെന്റോ പുറത്ത്, ട്രെവർ ചലോബ ഇം​​ഗ്ലണ്ടിന്റെ വിടവ് നികത്തുമോ?

കളി തുടങ്ങി ആദ്യ എട്ട് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മെസ്സി നേടിയതടക്കം ഇരുടീമുകളുടെയും ഓരോ ഗോളുകള്‍ വിഎആര്‍ പരിശോധനയിലൂടെ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ 17-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റെ മധ്യനിരയെ പിളര്‍ന്നുപോയ ഒരു സുവര്‍ണ്ണ പാസ് സ്വീകരിച്ച് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സിന് തൊട്ടുവെളിയില്‍ (D-area) നിന്ന് മെസ്സി തൊടുത്ത ശക്തമായ ഷോട്ട് തടുക്കാന്‍ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്കാ സിദാന് സാധിച്ചില്ല.

ഇതോടെ താന്‍ കളിച്ച ആറ് ലോകകപ്പുകളില്‍ അഞ്ചിലും സ്‌കോര്‍ ചെയ്യുന്ന താരമെന്ന നേട്ടം മെസ്സി കൈവരിച്ചു. 2006 മുതല്‍ 2026 വരെയുള്ള ലോകകപ്പുകളില്‍ 2010 ല്‍ മാത്രമാണ് മെസ്സി ഗോള്‍ സ്‌കോര്‍ ചെയ്യാത്തത്. ആദ്യ ഗോളിനു ശേഷം മെസ്സിയെ ഏറെ വൈകാരികമായാണ് കണ്ടത്. ഒരു ലോകകപ്പില്‍ കൂടി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചതിന്റെ ആനന്ദ കണ്ണീരും മെസ്സി പൊഴിച്ചു. അവസാന ലോകകപ്പില്‍ ഗോള്‍ നേടാന്‍ ഭാഗ്യം ലഭിച്ചതില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി മെസ്സി നന്ദി പറഞ്ഞു.

തുടര്‍ന്ന് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ അര്‍ജന്റീനയ്ക്കായി 60-ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടി. അലക്‌സിസ് മക് അലിസ്റ്റര്‍ എടുത്ത ഷോട്ട് അള്‍ജീരിയന്‍ കീപ്പറുടെ കൈകളില്‍ നിന്ന് തെറിച്ചു വീണത് മെസ്സിയുടെ മുന്നിലേക്കായിരുന്നു. ഏതാനും വാര അകലെ നിന്ന് മെസ്സി അത് എളുപ്പത്തില്‍ വലയിലാക്കി. 76-ാം മിനിറ്റ് മെസ്സി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. വലതുവിങില്‍ നിന്ന് പന്തുമായി കുതിച്ചുകയറിയ മെസ്സി പ്രതിരോധനിരയെ വെട്ടിച്ച് അകത്തേക്ക് കയറുകയും തന്റെ പ്രിയപ്പെട്ട ഇടംകാലുകൊണ്ട് ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ പന്ത് വലയിലാക്കുകയും ചെയ്തു.

ഹാട്രിക്കോടെ അര്‍ജന്റീനയെ നയിച്ച് ലയണല്‍ മെസ്സി, ജയിച്ചു തുടങ്ങി ചാമ്പ്യന്മാര്‍
'നോ നെയ്മർ'; ബ്രസീൽ ആരാധകർക്കു ചങ്കിടിപ്പ്, സൂപ്പർതാരം ബെഞ്ചിൽ തുടരും

മെസ്സിയുടെ 200-ാം രാജ്യാന്തര മത്സരമാണ് ഇന്ന് നടന്നത്. അര്‍ജന്റീനയ്ക്കു വേണ്ടി നേടിയ ഗോളുകളുടെ എണ്ണം 120 ആയി. മാത്രമല്ല മെസ്സിയുടെ ലോകകപ്പ് അരങ്ങേറ്റത്തിന്റെ 20-ാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ. 2006 ജൂണ്‍ 16 സെര്‍ബിയയ്ക്കെതിരെയായിരുന്നു മെസ്സിയുടെ ആദ്യ ലോകകപ്പ് മത്സരം. അന്ന് മെസി ഒരു ഗോള്‍ ടീമിനായി നേടി. ഹാട്രിക്കിന് പിന്നാലെ കാണികളുടെ വന്‍ കൈയടികള്‍ക്കിടയില്‍ മെസ്സിയെ പരിശീലകന്‍ ലയണല്‍ സ്‌കലോണി പിന്‍വലിച്ചു. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള വാം-അപ്പ് മത്സരത്തില്‍ ഐസ്ലന്‍ഡിനെതിരെ മെസ്സിയെ 20 മിനിറ്റ് മാത്രമാണ് സ്‌കലോണി കളിപ്പിച്ചിരുന്നത്.

മത്സരത്തിന് മുന്നോടിയായി പരിശീലകന്‍ സ്‌കലോണി പറഞ്ഞതിങ്ങനെയാണ്, 'അര്‍ജന്റീനയിലെ ജനങ്ങള്‍ മാത്രമല്ല, ഈ ലോകം മുഴുവന്‍ അദ്ദേഹം കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തെ മൈതാനത്ത് കാണണം, കാരണം അര്‍ജന്റീന ആരാധകരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയും'. ഗ്രൂപ്പ് ജെ-യില്‍ ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍.

Summary

Summary: Argentina launched their World Cup title defence with a commanding 3-0 victory over Algeria, thanks to a historic hat-trick from Lionel Messi. The 38-year-old Inter Miami star opened the scoring with a spectacular strike in the 17th minute, doubled the lead with a close-range finish in the 60th minute, and completed his hat-trick with a trademark left-footed goal in the 76th minute.

Madism Digital
madismdigital.com