

ലോകകപ്പിന് ആതിഥേയ രാജ്യമാകുകയും ആദ്യ ഗോൾ തങ്ങളുടെ താരംതന്നെ നേടുകയും ചെയ്യുക എന്നത് ഏത് രാജ്യത്തിനും അഭിമാന നിമിഷമാണ്. മെക്സികോയിലെ എസ്റ്റാഡിയോ അസ്റ്റെകയിൽ ഇന്നലെ അത്തരമൊരു അവസരമാണ് മെക്സികോയെ തേടിയെത്തിയത്. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ലോകകപ്പ് മത്സരത്തിൽ ഒമ്പതാം മിനിറ്റിൽതന്നെ സൂപ്പർ താരം ജൂലിയൻ ക്വിനോനസ് ആ ചരിത്ര നിമിഷം സ്വന്തമാക്കുകയായിരുന്നു.
മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ അസ്റ്റെക്ക സ്റ്റേഡിയം ആരാധകരുടെ ആർപ്പുവിളികളാൽ പ്രകമ്പനം കൊണ്ടപ്പോൾ, സ്വന്തം നാട്ടിലെ ആരാധകർക്ക് മുന്നിൽ 2026 ലോകകപ്പിന്റെ ആദ്യ ഗോൾ നേടുന്ന ബഹുമതി ക്വിനോണസ് സ്വന്തമാക്കി. 67-ാം മിനിറ്റിൽ പരിചയസമ്പന്നനായ സ്ട്രൈക്കർ റൗൾ ഹിമനസ് രണ്ടാം ഗോൾ നേടിയതോടെ മെക്സിക്കോ 2-0ന് വിജയിച്ചു. ആരാണ് മെക്സികോക്ക് വേണ്ടി ഗോൾ നേടിയ ജൂലിയൻ ക്വിനോനസും റൗൾ ഹിമനസും. പരിശോധിക്കാം.
ജൂലിയൻ ക്വിനോനസ്
29-കാരനായ ക്വിനോനസ് കൊളംബിയയിലാണ് ജനിച്ചതും വളർന്നതും. കൊളംബിയയുടെ യുവ ടീമുകൾക്കും ദേശീയ അണ്ടർ 20 ടീമിനുമായി കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ദേശീയ ടീമിനായി ഒരിക്കലും അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞിരുന്നില്ല. 2016ൽ മെസ്കിൻ ക്ലബ് ടൈഗേഴ്സ് യുഎഎൻഎൽ ക്ലബിനായി കളിക്കുന്നതിനാണ് താരം മെക്സികോയിലേക്ക് വിമാനം കയറിയത്. പിന്നീട് 2023ൽ അദ്ദേഹം മെക്സിക്കൻ പൗരത്വം നേടുകയും ആ വർഷംതന്നെ മെക്സിക്കൻ ദേശീയ ടീമിനായി ബൂട്ടണിയുകയുമായിരുന്നു. പൗരത്വം ലഭിച്ച് ഒരു മാസത്തിനകംതന്നെ ദേശീയ ടീമിലേക്ക് വിളി ലഭിച്ച ക്വിനോനസ് പിന്നീട് പുറകോട്ടു നോക്കേണ്ടി വന്നിട്ടില്ല.
2024ൽ ഏകദേശം 152 കോടി രൂപ ട്രാൻസ്ഫർ തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഖാദ്സിയയിലേക്ക് ചേക്കേറിയ താരം 2025-26 സീസണിൽ 33 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് സൂപ്പർ താരങ്ങളായ റൊണാൾഡോ, ഐവൻ ടോണി, കരിം ബെൻസെമ എന്നിവരെ മറി കടന്നായിരുന്നു.
ലോകകപ്പിൽ ആദ്യ ഗോൾ നേടുന്ന അപൂർവ നേട്ടം കൈവരിച്ച താരങ്ങളുടെ പട്ടികയിൽ ഫുട്ബോൾ ഇതിഹാസമായ പെലെ ഉൾപ്പെടെയുള്ളവർക്കൊപ്പം ക്വിനോണസും ഇടം നേടിയിരിക്കുകയാണ് 2026 ലോകകപ്പിലൂടെ.
റൗൾ ഹിമനസ്
ആദ്യ മത്സരത്തിലെ മെക്സിക്കൻ ഗോൾവേട്ടക്ക് ഫുൾസ്റ്റോപ്പിട്ട ഗോളായിരുന്നു 67-ാം മിനിറ്റിലെ റൗൾ ഹിമനസിന്റെ ഗോൾ. ഹെഡറിലൂടെ നേടിയ ഗോൾ ആഘോഷിക്കുമ്പോൾ 35-കാരനായ ഹിമനസ് വികാരാധീനനായിരുന്നു. അതിന് പിന്നിൽ ശക്തമായ ഒരു കഥയുണ്ട്. 2020 പ്രീമിയർ ലീഗ് സീസണിൽ ആഴ്സണലിന്റെ ഡേവിസ് ലൂയിസുമായുണ്ടായ കൂട്ടിമുട്ടലിൽ തലയോട്ടിക്ക് മാരകമായി പൊട്ടൽ സംഭവിക്കുകയായിരുന്നു. താരം മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ആ അപകടത്തിന് ശേഷം എല്ലാ മത്സരങ്ങളിലും സംരക്ഷണ ഹെഡ്‌ഗിയർ ധരിച്ചാണ് അദ്ദേഹം കളിക്കുന്നത്.
എട്ട് മാസം കളത്തിന് പുറത്തിരുന്ന ഹിമനസ് 2021 ഓഗസ്റ്റിൽ തിരിച്ചെത്തി. തുടർന്ന് സെപ്റ്റംബറിൽ പരിക്കിന് ശേഷമുള്ള ആദ്യ ഗോൾ നേടി. ആ ഗോൾ കുടുംബത്തിനും ചികിത്സിച്ച മെഡിക്കൽ സംഘത്തിനുമായിരുന്നു അന്ന് അദ്ദേഹം സമർപ്പിച്ചത്.
പരിക്കിൽനിന്ന് മുക്തനായി ഫുട്ബോളിൽ മുഴുകിയിരുന്ന താരത്തെതേടി അടുത്ത നിരാശയെത്തി. 2026 മാർച്ചിൽ തന്റെ പിതാവിനെ നഷ്ടപ്പെടുകയായിരുന്നു. അതിനുശേഷം ഹിമനസ് തന്റെ പല ഗോളുകളും അന്തരിച്ച പിതാവിനാണ് സമർപ്പിക്കുന്നത്. ഗോൾ നേടിയ ശേഷം ആകാശത്തേക്ക് കൈ ഉയർത്തി കണ്ണീരോടെ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ആരാധകരുടെ ഹൃദയത്തെയും സ്പർശിച്ചിട്ടുണ്ട്.
2018 മുതൽ 2023വരെ ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ക്ലബിനുവേണ്ടി കളിച്ച താരം 2023ൽ പ്രീമിയർ ലീഗ് ക്ലബായ ഫുൽഹാമിലേക്ക് ചേക്കേറിയിരുന്നു. ഈ സീസണോടുകുടി ക്ലബുമായുള്ള കരാർ കഴിഞ്ഞ താരം വീണ്ടും വോൾവർഹാംപ്ടൺ വാണ്ടറേഴ്സുമായി കരാറിലെത്തിയിട്ടുണ്ട്.
English Summary: Mexico's dream start to the 2026 FIFA World Cup was powered by goals from Julian Quinones and Raul Jimenez in a 2-0 win over South Africa at the iconic Estadio Azteca. Colombian-born Quinones, who became a Mexican citizen in 2023, etched his name into history by scoring the tournament's opening goal in the ninth minute. The Al-Qadsiah forward also won the Saudi Pro League Golden Boot in 2025-26. Veteran striker Raul Jimenez added the second goal and celebrated emotionally. Having overcome a life-threatening skull fracture in 2020 and the loss of his father in 2026, his goal symbolised resilience and determination.