

2026 ഫിഫ ലോകകപ്പ് ഫൈനലിൽ തിങ്കളാഴ്ച്ച പുലർച്ചെ 12.30ന് സ്പെയിനും അർജന്റീനയും ഏറ്റുമുട്ടാനിരിക്കെ, മത്സരത്തിന് മുന്നോടിയായി അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ കാട്ടുതീയുടെ പുകമൂലമുള്ള ആരോഗ്യ മുന്നറിയിപ്പ് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കാനഡയിലെ വനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽനിന്നുള്ള കനത്ത പുക അമേരിക്കയുടെ കിഴക്കൻ മേഖലയിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റി അധികൃതർ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ കോഡ് റെഡ് ആരോഗ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദേശിച്ചു. പുകമൂലം മാൻഹട്ടൻ നഗരത്തിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞിരുന്നു. ഹഡ്സൺ നദിക്കപ്പുറത്തുനിന്ന് നോക്കുമ്പോൾ സ്റ്റാച്യു ഓഫ് ലിബർട്ടിപോലും വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് ന്യൂജഴ്‌സിയിലെ ന്യൂവർക്ക് വിമാനത്താവളത്തിൽനിന്ന് നിരവധി വിമാന സർവീസുകളും റദ്ദാക്കി.
ലോകമെമ്പാടും ഏകദേശം 160 കോടി പേർ ടെലിവിഷനിലൂടെ കാണുമെന്ന് പ്രതീക്ഷിക്കുന്ന ലോകകപ്പിന്റെ ഫൈനലിന് ഇത്തരം സാഹചര്യം വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഫൈനൽ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, 2010 ലോകകപ്പ് ജേതാവായ സ്പാനിഷ് താരം ജോവാൻ കാപ്ഡെവില തനിക്ക് ഫൈനൽ മത്സരം കാണാൻ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സഹായം അഭ്യർഥിച്ചു. യാത്ര ചെയ്യുന്നതിനാവശ്യമായ ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് ലോകകപ്പ് ഫൈനൽ നേരിൽ കാണാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കാപ്ഡെവില. പരിശീലകൻ വിസെന്റെ ഡെൽ ബോസ്കെയുടെ വിശ്വസ്തനായ ഇടത് പ്രതിരോധ താരമായ അദ്ദേഹം ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ചു. ആ ലോകകപ്പിൽ സ്പെയിൻ ആകെ വഴങ്ങിയത് വെറും രണ്ട് ഗോളുകൾ മാത്രമാണ്. അവയും ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു. ഫൈനലിൽ ഇറങ്ങിയ സ്പാനിഷ് ആദ്യ ഇലവനിൽ അന്നത്തെ റിയൽ മാഡ്രിഡ് അല്ലെങ്കിൽ ബാഴ്സലോണ താരമല്ലാതിരുന്ന ഏക കളിക്കാരനും കാപ്ഡെവിലയായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം ടൂർണമെന്റിൽ 71.79 കിലോമീറ്റർ ഓടി ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട താരങ്ങളിൽ ആദ്യ പത്തിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
Ahead of Monday's 2026 FIFA World Cup final between Spain and Argentina, wildfire smoke from Canada has prompted a Code Red air quality alert in New York, raising concerns over conditions around the showpiece event. Officials advised residents to stay indoors, while flight disruptions were reported at Newark Airport. Meanwhile, 2010 World Cup winner Joan Capdevila revealed his US ESTA travel authorization was denied, preventing him from attending the final, and appealed to President Donald Trump for help through social media.