സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ: ചരിത്രം ആർക്കൊപ്പം? കണക്കുകൾ പറയുന്നത് ഇങ്ങനെ

ഹെഡ് ടു ഹെഡ് കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈ ആർക്കുമില്ലെന്നാതണ് യാഥാർത്യം
സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ: ചരിത്രം ആർക്കൊപ്പം? കണക്കുകൾ പറയുന്നത് ഇങ്ങനെ
Published on

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളുടെയും ഇതുവരെയുള്ള റൊക്കോർഡുകൾ പരിശോധിക്കാം. ഹെഡ് ടു ഹെഡ് കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈ ആർക്കുമില്ലെന്നാതണ് യാഥാർത്യം.

ചരിത്രത്തിൽ ഇതുവരെയായി പതിനാല് മത്സരങ്ങളിലാണ് സ്പെയിനും അർജന്റീനയും ഏറ്റുമുട്ടിയത്. അതിൽ ആറ് വീതം ജയങ്ങൾ ഇരു ടീമുകൾക്കും സ്വന്തമാണ്. രണ്ട് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. അതിനാൽ നേർക്കുനേർ റെക്കോഡിൽ ഇരു ടീമുകളും തുല്യരാണ്.

എന്നാൽ ലോകകപ്പിലെ കണക്ക് അർജന്റീനയ്ക്ക് അനുകൂലമാണ്. ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമുകളും ഒരേയൊരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 1966 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽനടന്ന ആ മത്സരത്തിൽ അർജന്റീന 2-1ന് സ്പെയിനിനെ പരാജയപ്പെടുത്തി. ആ വിജയം അർജന്റീനയെ നോക്കൗട്ട് റൗണ്ടിലെത്തിച്ചപ്പോൾ സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലുള്ള വില്ല പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. അർജന്റീനയ്ക്ക് വേണ്ടി സൂപ്പർ സ്ട്രൈക്കർ ലൂയിസ് ആർടൈമാണ് രണ്ട് ഗോളുകളും നേടിയത്. സ്പെയിന്റെ ഏക ഗോൾ പിറി വകയായിരുന്നു. ഈ വിജയത്തോടെ അർജന്റീന ഗ്രൂപ്പിൽനിന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ അന്നത്തെ യൂറോപ്യൻ ചാമ്പ്യന്മാരായിരുന്ന സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽതന്നെ പുറത്തായി.

സ്പെയിൻ–അർജന്റീന ലോകകപ്പ് ഫൈനൽ: ചരിത്രം ആർക്കൊപ്പം? കണക്കുകൾ പറയുന്നത് ഇങ്ങനെ
'അവനെ സ്‌റ്റോപ്പ് ചെയ്യണമെങ്കിൽ ഒരു മുറിയിൽ പൂട്ടിയിടേണ്ടിവരും'; സ്‌പെയിൻ താരത്തെ വാനോളം പുകഴ്ത്തി അർജന്റീന പരിശീലകൻ

ഇരു ടീമുകളുടെയും അവസാന ഏതാനും ഏറ്റുമുട്ടലുകളും ആവേശകരമായിരുന്നു. 2010ൽ അർജന്റീന സ്പെയിനിനെ 4-1ന് തോൽപ്പിച്ചപ്പോൾ, 2018ൽ സ്പെയിൻ അതേ അർജന്റീനയെ 6-1ന് തകർത്തു. അതിനാൽ സമീപകാല ചരിത്രത്തിലും ഇരുടീമുകളും പരസ്പരം വമ്പൻ വിജയങ്ങൾ നേടിയിട്ടുണ്ട്. ഇരു ടീമുകളുടെയും സമീപകാലത്തുണ്ടായ നേർക്കുനേർ പോരാട്ടങ്ങൾ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്തവയാണ്. 2010 നവംബറിൽ ബ്യൂണസ് ഐറിസിൽ നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ ഇറങ്ങിയ അർജന്റീന, അന്നത്തെ ലോകചാമ്പ്യൻമാരായ സ്പെയിനിനെ 4-1ന് തകർത്തു. മെസി, ഗോൺസാലോ ഹിഗ്വെയ്ൻ, കാർലോസ് ടെവസ്, സെർജിയോ അഗ്വേറോ എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് വമ്പൻ ജയം സമ്മാനിച്ചത്.

എന്നാൽ 2018 മാർച്ചിൽ മാഡ്രിഡിൽനടന്ന അടുത്ത ഏറ്റുമുട്ടലിൽ സ്പെയിൻ അതിന് ശക്തമായ തിരിച്ചടി നൽകി. അന്ന് ലയണൽ മെസി പരിക്കിനെതുടർന്ന് കളിക്കാതിരുന്ന മത്സരത്തിൽ സ്പെയിൻ 6-1ന് അർജന്റീനയെ തകർത്തു. ഡിയേഗോ കോസ്റ്റ ഇരട്ടഗോൾ നേടിയപ്പോൾ ഇസ്‌കോ ഹാട്രിക്കും സ്വന്തമാക്കി. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്നായും ഈ മത്സരം രേഖപ്പെടുത്തി.

ഇരു മത്സരങ്ങളും സൗഹൃദ പോരാട്ടങ്ങളായിരുന്നെങ്കിലും, രണ്ട് ടീമുകളുടെയും ആക്രമണശൈലിയും പരസ്പരം മറികടക്കാനുള്ള മികവും അതിലൂടെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ലോകകപ്പ് ഫൈനലിലും സമാനമായ ആവേശകരമായ പോരാട്ടമാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

Summary

Ahead of the 2026 FIFA World Cup final, Spain and Argentina are evenly matched in their overall head-to-head record, with six wins each and two draws from 14 meetings. However, Argentina hold the edge in World Cup history, winning their only previous tournament meeting 2-1 in the 1966 group stage. Recent clashes have produced emphatic victories for both sides, with Argentina winning 4-1 in 2010 before Spain responded with a 6-1 triumph in 2018, setting the stage for a highly anticipated final.

Madism Digital
madismdigital.com