വീണ്ടുമൊരിക്കല്‍ കൂടി സൂപ്പര്‍ സബ്ബായി മികേല്‍ മെറീനോ അവതരിച്ചതോടെ ചരിത്രത്തില്‍ രണ്ടാം തവണ സ്‌പെയിന്‍ ലോകകപ്പ് സെമിയിയിലെയ്ക്ക് ടിക്കറ്റ് നേടി. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് തകര്‍ത്ത ഇന്‍ജുറി ടൈം ഗോള്‍ നേടിയ മെറീനോ, ബെല്‍ജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. 88-ാം മിനിറ്റിലാണ് ബെല്‍ജിയം ഗോള്‍കീപ്പര്‍ സെന്‍ ലാമന്‍സിന്റെ കൈകളില്‍ നിന്ന് തെറിച്ചുപോയ പന്ത് വലയിലാക്കി മെറിനോ സ്‌പെയിന് 2-1 ന്റെ ആവേശകരമായ വിജയം സമ്മാനിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ കോച്ച് ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴില്‍ ഈ ടീം എത്രത്തോളം ശക്തമായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു ഈ മത്സരം. അവര്‍ ഒരിക്കലും പരിഭ്രാന്തരായില്ല, തങ്ങളുടെ തനത് കളിശൈലി ഉപേക്ഷിച്ചില്ല, അവസരങ്ങള്‍ മുന്നില്‍ വരുമെന്ന് ഉറച്ചു വിശ്വസിച്ചു. പോര്‍ച്ചുഗലിനെതിരെ സംഭവിച്ചതുപോലെ തന്നെ ബെല്‍ജിയത്തിനെതിരെയും അവസരം വന്നു, അത് ഗോളാക്കി മാറ്റാന്‍ മെറീനോയുമെത്തി.
ഇനി സെമിഫൈനലില്‍ സ്‌പെയിന്‍ നേരിടുന്നത് കിലിയന്‍ എംബാപ്പെയുടെ കരുത്തരായ ഫ്രാന്‍സിനെയാണ്. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഫ്രാന്‍സ് വരുന്നത്. ആ കുതിപ്പ് തടയണമെങ്കില്‍ സ്‌പെയിന് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ബെല്‍ജിയത്തിനെതിരായ മത്സരം കാണിച്ചുതന്നത്, ഈ ടൂര്‍ണമെന്റില്‍ നിന്ന് അത്ര പെട്ടെന്നൊന്നും പുറത്താക്കാന്‍ കഴിയാത്ത ഒരു ടീമായി സ്‌പെയിന്‍ മാറിയിരിക്കുന്നു എന്നാണ്.
ഗോളടിക്കാനാവാതെ യമാല്‍
സ്‌പെയിന്റെ ഏറ്റവും മികച്ച കളിക്കാരനായിരുന്നിട്ടും തന്റെ പ്രകടനത്തിന് അര്‍ഹിച്ച ഒരു ഗോള്‍ നേടാന്‍ ലാമിന്‍ യാമാലിന് ഇത്തവണയും കഴിഞ്ഞില്ല. എന്നിരുന്നാലും മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബെല്‍ജിയം പ്രതിരോധത്തെ യമാല്‍ ശരിക്കും വിറപ്പിച്ചു. വലതു വിങിലൂടെ പ്രതിരോധ നിരക്കാരെ വെട്ടിച്ച് മുന്നേറിയും പെഡ്രോ പോറോയുമായി ചേര്‍ന്ന് മുന്നേറ്റങ്ങള്‍ നടത്തിയും ഈ 18-കാരന്‍ കളിയിലെ താരം തന്നെയായി. ഡാനി ഓല്‍മോയുടെ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടുത്തതിന് പിന്നാലെ, പോറോ നല്‍കിയ ക്രോസ് ഫാബിയന്‍ റൂയിസ് ഗോളാക്കി മാറ്റിയപ്പോള്‍ അതിന് പിന്നിലും യമാലിന്റെ നീക്കങ്ങളുണ്ടായിരുന്നു.
എങ്കിലും ഗോള്‍ നേടാനുള്ള ഫിനിഷിങ് ടച്ച് പലപ്പോഴും യമാലിന് നഷ്ടമായി. ഒരു ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തേക്ക് പോയപ്പോള്‍, മറ്റൊരു മികച്ച ഷോട്ട് കോര്‍ട്ടുവ തട്ടിയകറ്റി. എക്‌സ്ട്രാ പാസിനായി ശ്രമിച്ചും കൂടുതല്‍ സമയം പന്ത് കൈവശം വെച്ചും ചില നല്ല അവസരങ്ങള്‍ യമാല്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ ലോകകപ്പില്‍ മികച്ച ഫോമിലുള്ള യമാലിന്റെ കളിയില്‍ കാണുന്ന ഒരേയൊരു പോരായ്മ ഇതാണ്. ഗോളോ അസിസ്റ്റോ നേടിയില്ലെങ്കിലും സ്‌പെയിന്റെ ആക്രമണങ്ങളുടെ കേന്ദ്രബിന്ദു യമാല്‍ തന്നെയായിരുന്നു.
കണ്ണീരോടെ കോർട്ടുവയുടെ മടക്കം
ഒരു മണിക്കൂറിലധികം ബെൽജിയം കളിയിൽ പിടിച്ചുനിന്നത് തിബോ കോർട്ടുവയുടെ
മികവിലാണ്. ഗോളെന്നു ഉറപ്പിച്ചിരുന്ന യമാൽ, ഓയാർസബാൽ, ഓൽമോ എന്നിവരുടെ ഷോട്ടുകൾ തടഞ്ഞ് കോർട്ടുവ സ്പെയിനെ നിരാശരാക്കി. എന്നാൽ അതിനുശേഷമാണ് ആരും കാണാൻ ആഗ്രഹിക്കാത്ത ആ ദൗർഭാഗ്യകരമായ നിമിഷം സംഭവിച്ചത്. രണ്ടാം പകുതിയിലെ വാട്ടർ ബ്രേക്കിന് തൊട്ടുമുമ്പ്, കോർട്ടുവ തന്റെ ഇടത് തുടയിൽ കൈവെച്ച് പെട്ടെന്ന് കളി നിർത്തി. പരിക്ക് ഗുരുതരമല്ലെന്ന് ആദ്യം തോന്നിച്ചെങ്കിലും കോർട്ടുവയുടെ പ്രതികരണം കാര്യങ്ങൾ മോശമാണെന്ന് വ്യക്തമാക്കി. ഇരു ടീമുകളുടെയും ആരാധകരുടെ കൈയടികൾക്കിടയിൽ കണ്ണീരോടെയാണ് അദ്ദേഹം മൈതാനം വിട്ടത്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരമായിരിക്കുമോ ഇത് എന്ന ആശങ്കയും ജനിപ്പിച്ചു.
പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർക്ക് പിന്നീടങ്ങോട്ട് കടുത്ത പരീക്ഷണം തന്നെയായിരുന്നു. ബെൽജിയത്തിനായി തന്റെ മൂന്നാമത്തെ മാത്രം മത്സരം കളിക്കുന്ന യുവ ഗോൾകീപ്പർ സെൻ ലാമൻസിന് ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനലിന്റെ വലിയ സമ്മർദ്ദമാണ് പെട്ടെന്ന് നേരിടേണ്ടി വന്നത്. പോ പ്രോ ക്യുബാർസിയുടെ ഒരു ലോങ് ഷോട്ട് അയാളുടെ മുന്നിൽ വന്ന് ബൗൺസ് ചെയ്തപ്പോൾ, ആ യുവ ഗോൾകീപ്പർക്ക് പന്ത് സിക്സ് യാർഡ് ബോക്സിലേക്ക് തട്ടിയകറ്റാനേ കഴിഞ്ഞുള്ളൂ. മറ്റാരും പ്രതികരിക്കുന്നതിന് മുൻപ് ഓടിയെത്തിയ മെറീനോ അത് ഗോളാക്കി മാറ്റി. കഴിഞ്ഞ മത്സരത്തോടെ ലോകകപ്പിൽ 21 മത്സരങ്ങൾ തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഗോൾകീപ്പറായി കോർട്ടുവ മാറി. ഹ്യൂഗോ ലോറിസിനെ മറികടന്ന അദ്ദേഹം ഇനി മാനുവൽ നോയറിന് മാത്രം പിന്നിലാണ്.
ഇനി വരാനുള്ളത് വലിയ പരീക്ഷണം
ചൊവ്വാഴ്ച ആര്‍ലിങ്ടണില്‍ നടക്കുന്ന സെമിഫൈനലില്‍ ഫ്രാന്‍സാണ് സ്‌പെയിനിന്റെ എതിരാളികള്‍. ഇത് ഒരു ഫൈനല്‍ മത്സരത്തിന് തുല്യമായ പോരാട്ടമാണ്. കിലിയന്‍ എംബാപ്പെയും ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നു. റയല്‍ മാഡ്രിഡിന്റെ പുതിയ സൂപ്പര്‍താരവും ബാഴ്‌സലോണയുടെ ഏറ്റവും തിളക്കമുള്ള താരവും തമ്മിലുള്ള പോരാട്ടം. പലരുടെയും പ്രിയപ്പെട്ട ടീം ഫ്രാന്‍സ് തന്നെയാണ്. ഡിഡിയര്‍ ദെഷാംപ്‌സിന്റെ പരിശീലനത്തില്‍ ഫ്രാന്‍സ് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ എത്തിയിരുന്നു. കൂടാതെ എംബാപ്പെ ഈ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുമാണ്. എന്നാല്‍ തുടര്‍ച്ചയായ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തുന്ന സ്‌പെയിനിന്റെ ആത്മവിശ്വാസം ഓരോ നോക്കൗട്ട് മത്സരങ്ങള്‍ കഴിയുമ്പോഴും വര്‍ദ്ധിച്ചുവരികയാണ്. ഓരോ കളിയിലും പുതിയ മാച്ച് വിന്നര്‍മാരെ കണ്ടെത്താനും സമ്മര്‍ദങ്ങളെ അതിജീവിക്കാനും അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കാനുമുള്ള കരുത്ത് സ്‌പെയിന്‍ ഇപ്പോള്‍ കൈവരിച്ചിട്ടുണ്ട്.
Spain booked their second-ever FIFA World Cup semi-final berth after substitute Mikel Merino once again delivered a decisive late goal in a dramatic 2-1 victory over Belgium. Having already rescued Spain against Portugal in the Round of 16, Merino struck in the 88th minute after Belgian substitute goalkeeper Senne Lammens spilled the ball. Despite failing to score, teenage sensation Lamine Yamal was Spain's standout performer, constantly troubling Belgium's defence with his pace and creativity. Belgium goalkeeper Thibaut Courtois produced a series of outstanding saves before leaving the pitch in tears with a thigh injury, raising doubts over his World Cup future.