

48 ടീമുകൾ മാറ്റുരക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം ആവേശകരമായ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ആകെയുള്ള 12 ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്ക് ഔട്ടിലേക്ക് കടക്കാം എന്നതാണ് ഈ ലോകകപ്പിലെ പ്രതേകത. അതുകൊണ്ടുതന്നെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ റൗണ്ട് ഓഫ് 32ലേക്ക് നേരിട്ട് കടന്ന ടീമുകൾക്കൊഴികെ ബാക്കിയുള്ളവർക്ക് മൂന്നാം റൗണ്ട്, അവരുടെ ലോകകപ്പ് കിരീടത്തിലേക്കുള്ള പ്രധാന ഘടകമായിരിക്കും.
ഇന്നത്തെ മത്സരങ്ങളിൽ ബ്രസീൽ, മെക്സിക്കോ, സ്വിറ്റ്‌സർലൻഡ് എന്നീ ടീമുകൾ സുരക്ഷിത സ്ഥാനങ്ങളിലാണെങ്കിലും മറ്റ് ചില രാജ്യങ്ങൾക്ക് ഇന്നത്തെ കളി ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇന്ന് പരാജയപ്പെട്ടാൽ ടൂർണമെന്റിൽനിന്ന് പൂർണ്ണമായും പുറത്താകുന്ന മൂന്ന് ടീമുകളാണ് ഹെയ്ത്തി, ഖത്തർ, ദക്ഷിണാഫ്രിക്ക എന്നിവർ. മൊറോക്കോയോട് തോറ്റാൽ ഗ്രൂപ്പ് സിയിൽ പൂജ്യം പോയിന്റുള്ള ഹെയ്ത്തി പുറത്താകും. ബോസ്നിയയോട് തോറ്റാൽ ഗ്രൂപ്പ് ബിയിൽ ഒരു പോയിന്റ് മാത്രമുള്ള ഖത്തറും, ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാൽ ഗ്രൂപ്പ് എയിലെ ദക്ഷിണാഫ്രിക്കയും ലോകകപ്പിൽ നിന്ന് പുറത്താകും.
സ്കോട്ട്‌ലൻഡ്, ബോസ്നിയ, ചെക്ക് റിപ്പബ്ലിക് എന്നിവർ പരാജയപ്പെട്ടാൽ അവർക്ക് മൂന്നാം സ്ഥാനക്കാരായി നേരിയ സാധ്യത അവശേഷിക്കുമെങ്കിലും മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾ അനുകൂലമാകണം. മത്സരങ്ങൾ സമനിലയിൽ അവസാനിച്ചാലും ചില ടീമുകൾക്ക് അത് വലിയ തിരിച്ചടിയാകും. മൊറോക്കോയുമായി സമനിലയിലായാൽ ഹെയ്ത്തിക്ക് ഒരു പോയിന്റും, ബോസ്നിയയുമായി സമനിലയിലായാൽ ഖത്തറിന് രണ്ട് പോയിന്റുമാണ് ആകെ കിട്ടുന്നത്. നിലവിലെ മോശം ഗോൾ വ്യത്യാസം കാരണം ഇവർ ഗ്രൂപ്പിൽ നാലാം സ്ഥാനത്തായി നേരിട്ട് പുറത്താകും.
ദക്ഷിണാഫ്രിക്ക, ചെക്ക് റിപ്പബ്ലിക്, ബോസ്നിയ എന്നിവർ സമനില വഴങ്ങിയാൽ ഗ്രൂപ്പിൽ 2 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തും. എന്നാൽ ഇത്രയും കുറഞ്ഞ പോയിന്റോടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് അടുത്ത റൗണ്ടിലേക്ക് കയറാൻ ഇവരെ ഭാഗ്യം തുണയ്ക്കേണ്ടി വരും. അതേസമയം ബ്രസീലിനെതിരെ സമനില പിടിച്ചാൽ 4 പോയിന്റോടെ സ്കോട്ട്‌ലൻഡിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധ്യതയുണ്ട്.
ഇന്നത്തെ കളി തോറ്റാലും സമനിലയായാലും യാതൊരു ഭയവുമില്ലാതെ അടുത്ത റൗണ്ട് ഉറപ്പിച്ച ചില ടീമുകളുമുണ്ട്. കാനഡയും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള മത്സരം സമനിലയിലായാൽ ഇരുവർക്കും 5 പോയിന്റ് വീതമാകും. ആര് തോറ്റാലും 4 പോയിന്റോടെ ഇവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ സുരക്ഷിതരാണ്. സ്വന്തം ഗ്രൂപ്പുകളിൽ ഉയർന്ന പോയിന്റുകളുള്ള മെക്സിക്കോ, ബ്രസീൽ, മൊറോക്കോ, ദക്ഷിണ കൊറിയ എന്നീ ടീമുകൾ ഇന്നത്തെ മത്സരങ്ങളിൽ പരാജയപ്പെട്ടാൽപോലും ടൂർണമെന്റിൽ നിന്ന് പുറത്താകില്ല.
The 2026 FIFA World Cup group stage enters its decisive final round, with the top two teams from each group and the eight best third-placed teams advancing. Haiti, Qatar and South Africa face elimination if they lose today. Bosnia, Czechia and Scotland could still remain in contention even with defeat, depending on results elsewhere. Canada and Switzerland are already in a strong position to qualify regardless of today’s outcome. Mexico, Brazil, Morocco and South Korea also remain relatively safe and cannot be eliminated by a single defeat.