

2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കുന്നതിനോടൊപ്പം ഫുട്ബോൾ ലോകത്ത് മറ്റൊരു വിഷയംകൂടി ചർച്ചാ വിഷയമാകുകയാണ്. നോർത്ത് അമേരിക്കൻ വേൾഡ് കപ്പിൽ ഫിഫ പുതുതായി നടപ്പിലാക്കിയ ഹൈഡ്രൈഷൻ ബ്രേക്കിനെ ചുറ്റിപ്പറ്റിയാണ് വിമർശനങ്ങളും അഭിന്ദനങ്ങളുമായി പ്രമുഖർ പ്രതികരിക്കുന്നത്. വടക്കേ അമേരിക്കയിലെ കടുത്ത വേനൽച്ചൂടിൽനിന്ന് കളിക്കാരുടെ ഫിറ്റ്നസ് നിലനിർത്തുക എന്നപേരിലാണ് ഫിഫ ഓരോ പകുതിയുടെയും 22ാം മിനിറ്റിൽ 3 മിനിറ്റ് വീതമുള്ള ഇടവേളകൾ കൊണ്ടുവന്നത്.
എന്നാൽ ചൂടില്ലാത്ത സമയങ്ങളിലും എയർ കണ്ടീഷൻ ചെയ്ത സ്റ്റേഡിയങ്ങളിലും ഈർപ്പമുള്ള സിറ്റികളിലും ഈ ഇടവേളയുടെ ആവശ്യമെന്തെന്നാണ് വിമർശകർ ചോദിക്കുന്നത്. മാത്രമല്ല ഹൈഡ്രേഷൻ ബ്രേക്കിൽ ഫിഫയും ബ്രോഡ് കാസ്റ്റിങ് കമ്പനികളും വൻതോതിൽ പരസ്യം പ്രചരിപ്പിച്ച് മത്സരങ്ങളെ കച്ചവടമാക്കി മാറ്റുന്നു എന്നും ആരോപിക്കുന്നു. ലോകകപ്പിലെ താരങ്ങളും പരിശീലകരും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിന്റെ താളത്തെ ഇത് തടസ്സപ്പെടുത്തുന്നു എന്നത് മറ്റൊരു ആരോപണമാണ്.
എന്നാൽ ബ്രേക്കിനെ അനുകൂലിച്ചും പല പരിശീലകരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഓരോ 22 മിനിറ്റിലും കളിയുടെ തന്ത്രങ്ങൾ വിലയിരുത്താനും കളിക്കാരോട് പങ്കുവെക്കാനും കഴിയുന്നത് നല്ലതാണെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് കടുത്ത ചൂടിൽ ഇത് ആവശ്യമാണെന്നും കളി നടക്കുന്ന സ്റ്റേഡിയത്തിലെ താപനില കുറവാണെങ്കിൽ പോലും ഫിഫയുടെ നിയമം അനുസരിച്ചേ മതിയാകൂ എന്ന അഭിപ്രായങ്ങളും ഉണ്ട്. ഹൈഡ്രൈഷൻ ബ്രേക്കിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്ത പ്രമുഖരുടെ വാക്കുകൾ നോക്കാം.
എതിർത്തവർ:
ദിദിയർ ദെഷാംപ്സ് (ഫ്രാൻസ് പരിശീലകൻ):
"ഈ മൂന്ന് മിനിറ്റ് കളിയിലെ ഒഴുക്കിനെ പൂർണ്ണമായും നശിപ്പിക്കുന്നു. നമ്മൾ ഇപ്പോൾ കളിക്കുന്നത് രണ്ട് പകുതികളല്ല, മറിച്ച് നാല് ക്വാർട്ടർ മത്സരങ്ങളാണ്. ഈ സമയത്ത് വൻതോതിൽ പരസ്യങ്ങൾ കാണിക്കുന്നതിലൂടെ ബ്രോഡ്കാസ്റ്റർമാർ വളരെ സന്തോഷത്തിലായിരിക്കും".
സ്റ്റാലെ സോൽബാക്കൻ (നോർവേ കോച്ച്):
"35 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള കടുത്ത കാലാവസ്ഥയിൽ കളിക്കുമ്പോൾ ഇത് നൽകുന്നത് മനസ്സിലാക്കാം. എന്നാൽ സാധാരണ കാലാവസ്ഥയിലും സ്റ്റേഡിയം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലും കളി നിർത്തുന്നത് തികച്ചും അനാവശ്യമാണ്".
നെസ്റ്റർ ലോറെൻസോ (കൊളംബിയ കോച്ച്):
"കളിക്കാരുടെ സുരക്ഷയ്ക്കായി വെള്ളം കുടിക്കാൻ സമയം നൽകുന്നത് നല്ലതാണ്. എന്നാൽ ഇത് ഇപ്പോൾ 3 മുതൽ 5 മിനിറ്റ് വരെ നീണ്ടുപോകുന്നു. തുടക്കത്തിൽ ഇതിനിടയിൽ കോച്ചുമാർ കളിക്കാരോട് സംസാരിക്കുന്നതാണ് ടിവിയിൽ കാണിച്ചിരുന്നതെങ്കിൽ, ഇപ്പോൾ മുഴുവൻ പരസ്യങ്ങളാണ്. ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം"
വിർജിൽ വാൻ ഡൈക് (നെതർലൻഡ്സ് ക്യാപ്റ്റൻ):
"കടുത്ത ചൂടുള്ള സാഹചര്യങ്ങളിൽ കളിക്കാരുടെ സുരക്ഷയ്ക്കായി ഇത്തരം ബ്രേക്കുകൾ നൽകുന്നത് നല്ലതാണ്. എന്നാൽ എല്ലാ മത്സരങ്ങൾക്കും ഇത് ഒരേപോലെ നിർബന്ധമാക്കാതെ, ഓരോ മത്സരത്തിലെയും കാലാവസ്ഥ നോക്കി പ്രത്യേകം തീരുമാനമെടുക്കുകയാണ് ഫിഫ ചെയ്യേണ്ടത്".
അനുകൂലിക്കുന്നവർ:
റൊണാൾഡ് കൂമാൻ (നെതർലൻഡ്സ് കോച്ച്):
"കളിക്കാർ എന്താണ് മെച്ചപ്പെടുത്തേണ്ടത്, എന്താണ് നന്നായി ചെയ്യുന്നത് എന്ന് വിവരിക്കാിൻ ഈ ബ്രേക്ക് ഉപയോഗിക്കാം. കളിയിൽ നമുക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ ഇത് പരമാവധി ഉപയോഗിക്കും".
റുഡി ഗാർസിയ (ബെൽജിയം കോച്ച്):
"എന്നെ സംബന്ധിച്ച് ഇത് ഒരു കൂളിംഗ് ബ്രേക്കിനേക്കാൾ ഉപരി ഒരു കോച്ചിംഗ് ബ്രേക്ക് ആണ്. കളിയിൽ തങ്ങളുടെ ടീം നല്ല ഫോമിൽ നിൽക്കുമ്പോൾ കളി നിർത്തുന്നത് ദോഷം ചെയ്യുമെങ്കിലും, കളിക്കാർക്ക് പെട്ടെന്ന് പുതിയ തന്ത്രങ്ങൾ ഉപദേശിക്കാൻ ഇത് വളരെ നല്ലതാണ്".
ലുയിസ് ഡി ലാ ഫുവെന്റെ (സ്പെയിൻ കോച്ച്):
"കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് കടുത്ത ചൂടിൽ ഇത് ആവശ്യമാണ്. കളി നടക്കുന്ന സ്റ്റേഡിയത്തിലെ താപനില കുറവാണെങ്കിൽ പോലും ഫിഫയുടെ നിയമം ഉള്ളതുകൊണ്ട് നമ്മൾ ഇത് അനുസരിച്ചേ മതിയാകൂ".
എന്നാൽ ഓരോ സ്റ്റേഡിയത്തിലെയും താപനില നോക്കി നിയമത്തിൽ മാറ്റം വരുത്തുന്നത് ടീമുകൾക്കിടയിൽ അസമത്വത്തിന് കാരണമാകുമെന്നാണ് ഫിഫയുടെ മറുപടി. ചില മത്സരങ്ങൾക്ക് ബ്രേക്ക് നൽകുകയും ചിലതിന് നൽകാതിരിക്കുകയും ചെയ്യുന്നത് കളിയിലെ നിഷ്പക്ഷതയെ ബാധിക്കാം. അതുകൊണ്ട് കാലാവസ്ഥ എങ്ങനെയുള്ളതാണെങ്കിലും, സ്റ്റേഡിയം എയർ കണ്ടീഷൻ ചെയ്തതാണെങ്കിൽ പോലും 104 മത്സരങ്ങളിലും ഒരേപോലെ ഈ നിയമം നടപ്പിലാക്കുമെന്നാണ് തങ്ങളുടെ നിലപാടെന്നും ഫിഫ അറിയിച്ചു.
The hydration breaks introduced by FIFA at the 2026 World Cup have sparked intense debate. Implemented at the 22nd minute of each half to protect players from North America’s summer heat, the three-minute pauses have drawn both praise and criticism. Critics, including coaches such as Didier Deschamps, Ståle Solbakken and Néstor Lorenzo, argue that they disrupt the flow of matches and create extra advertising opportunities. Supporters, including Ronald Koeman, Rudi Garcia and Luis de la Fuente, believe the breaks improve player welfare and provide valuable tactical discussion time. FIFA maintains that applying the rule uniformly across all matches ensures fairness and competitive balance.