19 വര്‍ഷം മുന്‍പ് ബാഴ്സലോണയിലെ ഒരു ക്യാമ്പില്‍വെച്ച് തുടങ്ങിയ അദൃശ്യബന്ധം; ഇന്ന് ലോകകിരീടത്തിനായി നേര്‍ക്കുനേര്‍

ബാഴ്സലോണയുടെയും സ്‌പെയിനിന്റെയും വണ്ടര്‍ കിഡ് ആയ യമാല്‍, ലയണല്‍ മെസിക്ക് ശേഷം ലാ മാസിയ അക്കാദമിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും മികച്ച പ്രതിഭയാണ്
19 വര്‍ഷം മുന്‍പ് ബാഴ്സലോണയിലെ ഒരു ക്യാമ്പില്‍വെച്ച് തുടങ്ങിയ അദൃശ്യബന്ധം; ഇന്ന് ലോകകിരീടത്തിനായി നേര്‍ക്കുനേര്‍
Published on

ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു അദൃശ്യബന്ധമാണ് ലയണല്‍ മെസിയും ലാമിന്‍ യമാലും തമ്മില്‍. 19 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രണ്ട് ഇതിഹാസ താരങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 2007 ഡിസംബറില്‍ ബാഴ്സലോണയുടെ ഒരു കലണ്ടര്‍ ഫോട്ടോഷൂട്ടിനിടയിലാണ് ഇരുപതുകാരനായ മെസി കുഞ്ഞ് യമാലിനെ കാണുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിന്റെ ഭാഗമായി യുനിസെഫുമായി സഹകരിച്ച് ഒരു സ്പാനിഷ് മാധ്യമം നടത്തിയ ഫോട്ടോഷൂട്ടായിരുന്നു അത്. കാറ്റലോണിയയിലെ ഒരു ചേരി പ്രദേശത്തുനിന്നുള്ള ആ കുഞ്ഞ് പിന്നീട് മെസിയുടെ പിന്‍ഗാമിയായി അറിയപ്പെട്ടു തുടങ്ങി.

അന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ താരമായിരുന്ന അര്‍ജന്റീന സൂപ്പര്‍ താരം യമാലിനെ കുളിപ്പിക്കുന്നതും ലാളിക്കുന്നതുമായ ചിത്രങ്ങള്‍ ആയിരുന്നു എടുത്തിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ കുഞ്ഞിനെ ഫുട്ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ നേരിടാനൊരുങ്ങുകയാണ് മെസി. യമാലിന്റെ പിതാവ് മുനിര്‍ നസ്രോയിയാണ് 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. 'മെസിയുമായി എന്നെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ അച്ഛന്‍ ഈ ചിത്രം വളരെക്കാലം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. മെസിയുടെ ഫുട്‌ബോള്‍ കഴിവുകളില്‍ കുറച്ച് ആ ഫോട്ടോഷൂട്ടിലൂടെ എനിക്കും കിട്ടിക്കാണും', യമാല്‍ പിന്നീട് തമാശയായി പറഞ്ഞു.

പിന്‍ഗാമി

കളിക്കളത്തില്‍ മെസിയെ ഓര്‍മ്മിപ്പിക്കുന്ന കളിശൈലിയാണ് യമാലിന്റേത്. മെസി തന്റെ അവസാന ലോകകപ്പിന്റെ ഫൈനലിനൊരുങ്ങുമ്പോള്‍ യമാലിനിത് തന്റെ കന്നി ലോകകപ്പാണ്. ബാഴ്സലോണയുടെയും സ്‌പെയിനിന്റെയും വണ്ടര്‍ കിഡ് ആയ യമാല്‍, ലയണല്‍ മെസിക്ക് ശേഷം ലാ മാസിയ അക്കാദമിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഏറ്റവും മികച്ച പ്രതിഭയാണ്. തന്റെ പ്രായത്തില്‍ മെസി കൈവരിച്ച നേട്ടങ്ങളെക്കാള്‍ മുന്നിലാണ് യമാല്‍. 15-ാം വയസ്സില്‍ ബാഴ്‌സലോണയ്ക്കായി അരങ്ങേറിയ താരം, ലാ ലിഗയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍, യൂറോ കപ്പില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോര്‍ഡുകളെല്ലാം സ്വന്തം പേരിലാക്കിയിരുന്നു. 2024 യൂറോ കപ്പില്‍ സ്‌പെയിനെ കിരീടത്തിലേക്ക് നയിച്ചതും ഈ പതിനെട്ടുകാരനാണ്. ലോകകപ്പില്‍ തുടക്കത്തില്‍ പരിക്കിന്റെ അലട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് തകര്‍പ്പന്‍ ഫോമിലേക്ക് താരം തിരിച്ചെത്തി. യമാല്‍ കളിച്ച 26 അന്താരാഷ്ട്ര മത്സരങ്ങളിലും സ്‌പെയിന്‍ തോല്‍വി അറിഞ്ഞിട്ടില്ല എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഈ താരത്തിനുണ്ട്.

19 വര്‍ഷം മുന്‍പ് ബാഴ്സലോണയിലെ ഒരു ക്യാമ്പില്‍വെച്ച് തുടങ്ങിയ അദൃശ്യബന്ധം; ഇന്ന് ലോകകിരീടത്തിനായി നേര്‍ക്കുനേര്‍
'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്'; വിജയാഘോഷത്തില്‍ രാഷ്ട്രീയ ബാനര്‍, അര്‍ജന്റീന താരങ്ങള്‍ക്ക് വിലക്ക് ഭീഷണി

അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. 2022-ല്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടം നേടിയ അര്‍ജന്റീന, ഇറ്റലിക്കും (1934, 1938) ബ്രസീലിനും (1958, 1962) ശേഷം ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാകാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അര്‍ജന്റീനയുടെ നാലാം ലോകകിരീട പോരാട്ടമാണിത്. ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവരുന്ന സ്‌പെയിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (19 ഗോളുകള്‍) അടിച്ചുകൂട്ടിയ അര്‍ജന്റീനയുടെ ആക്രമണവും ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രം വഴങ്ങിയ സ്‌പെയിന്റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലായിരിക്കും ഫൈനല്‍.

സ്വാഭാവികമായും ലോകം കാത്തിരിക്കുന്നത് മെസിയും യമാലും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിനാണ്. മുപ്പത്തിയൊമ്പതാം വയസ്സിലും പ്രായത്തെ തോല്‍പ്പിക്കുന്ന വീര്യത്തോടെ അര്‍ജന്റീനയ്ക്കായി കളിക്കുന്ന മെസിക്ക് മുന്നിലുള്ളത് തന്റെ തന്നെ 'പിന്‍ഗാമി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലാണ്. ഫുട്‌ബോള്‍ ലോകത്തെ ഈ രണ്ട് തലമുറകളുടെ പോരാട്ടത്തില്‍, മെസി തന്റെ കരിയറിലെ ഏറ്റവും മനോഹരമായ 'അവസാന നൃത്തം' ചവിട്ടുമോ, അതോ ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവായി യമാല്‍ കിരീടം ചൂടുമോ എന്ന് കാണാന്‍ ലോകം കാത്തിരിക്കുകയാണ്.

Summary

Lionel Messi and Lamine Yamal are set to share one of football's most symbolic moments as Argentina and Spain prepare to meet in the FIFA World Cup final. Their story began in 2007, when a young Messi posed with baby Yamal during a UNICEF charity photoshoot for a Barcelona calendar. Years later, the image has become iconic as Yamal emerges as one of football's brightest talents and Messi's heir at Barcelona. The 18-year-old has already broken several age-related records and played a key role in Spain's recent success. With Argentina chasing back-to-back World Cup titles and Spain boasting one of the tournament's strongest defenses, the final promises a memorable clash between two generations of football greatness.

Madism Digital
madismdigital.com