

ഫിഫ ലോകകപ്പുകളിൽ പല താരങ്ങളുടെ ജഴ്‌സികളിലും വ്യത്യസ്ഥ തരത്തിലുള്ള ബാഡ്ജുകൾ കാണാം. ഫിഫയോ മറ്റു ഒഫീഷ്യലുകളോ ഇതിനെക്കുറിച്ച് കാര്യമായ വിശദീകരണം നൽകിയിട്ടില്ലെന്നതുകൊണ്ടുതന്നെ ഈ പാച്ചുകൾ എന്താണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് വലിയ കൗതുകമാണ് ഉയർന്നിരിക്കുന്നത്.
ചില ടീമുകളുടെ ജഴ്‌സിയിൽ ലോകകപ്പ് ലോഗോ ബാഡ്ജ് സ്വർണനിറത്തിൽ കാണാം. ഇത് മുൻപ് ലോകകപ്പ് നേടിയ രാജ്യങ്ങളിലെ താരങ്ങൾക്ക് മാത്രമാണ് നൽകുന്നത്. അർജന്റീന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുടെ താരങ്ങളാണ് സ്വർണനിറത്തിലുള്ള ബാഡ്ജ് ധരിക്കുന്നത്. മറ്റെല്ലാ ടീമുകളും കറുപ്പ് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള സാധാരണ ലോകകപ്പ് ലോഗോ പാച്ചുകളാണ് ധരിക്കുന്നത്.
ലോഗോയുടെ തൊട്ടുതാഴെ ചില താരങ്ങൾ ധരിക്കുന്ന ചെറിയ പാച്ചുകളാണ് ഇപ്പോൾ കൂടുതൽ ചർച്ചാവിഷയമാണ്. ഇവയിൽ ചിലത് ഫിഫ പ്രഖ്യാപിച്ചവയാണെങ്കിലും, ചിലതിനെക്കുറിച്ച് ഫിഫ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
1. ഡെബ്യൂ ബാഡ്ജ്
ലോകകപ്പിൽ ആദ്യമായി കളിക്കുന്ന താരങ്ങൾക്കാണ് ഈ ബാഡ്ജ് നൽകുന്നത്. ഉദാഹരണത്തിന്, ഒരു താരം തന്റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരം കളിക്കുമ്പോൾ ഈ പാച്ച് ധരിക്കും. കഴിഞ്ഞ ദിവസം കേപ് വെർഡെ താരങ്ങളും കൊറൊസോവ താരങ്ങളും ഈ ബാഡ്ജ് ധരിച്ചിരുന്നു.
2. ലെഗസി ബാഡ്ജ്
അഞ്ചോ അതിലധികമോ ലോകകപ്പുകളിൽ കളിച്ചിട്ടുള്ള താരങ്ങൾക്കാണ് ഈ പ്രത്യേക ബഹുമതി നൽകുന്നത്. മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മാന്വൽ ന്യൂയർ, യൂട്ടോ നഗാട്ടോമോ എന്നിവർക്കാണ് ഈ ബാഡ്ജ് 2026 ലോകകപ്പിൽ നൽകുന്നത്.
3. ഗോൾഡൻ ബൂട്ട് വിന്നേഴ്സ് ബാഡ്ജ്
മുൻ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് നേടിയ താരങ്ങൾക്കുള്ള പാച്ചാണിത്. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ജെയിംസ് റോഡ്രിഗ്രൂസ് തുടങ്ങിയവർക്കാണ് ഈ ബാഡ്ജ് ലഭിക്കുന്നത്.
4. ഗോൾഡൻ ഗ്ലൗവ് ബാഡ്ജ്
ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് പുരസ്കാരം നേടിയവർക്ക് നൽകുന്ന ബാഡ്ജാണിത്. എമിലിയാനോ മാർട്ടിനെസ്, മാന്വൽ ന്യൂയർ, തിബോട്ട് കോർട്ടോയ്സ് എന്നിവർക്കാണ് ഗോൾഡൻ ഗ്ലവ് ബാഡ്ജ് നൽകുന്നത്.
ഈ പാച്ചുകൾ ജഴ്‌സിയിൽ സ്ഥിരമായി തുന്നിച്ചേർത്തതല്ല. പ്രത്യേക പശതേച്ച് ഉപയോഗിച്ച് ഒട്ടിക്കുന്നതാണ്. അതിനാൽ മത്സരം കഴിഞ്ഞാൽ അവ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ശേഷം ഈ പാച്ചുകൾ ഭാവിയിൽ പുറത്തിറങ്ങുന്ന ടോപ്സ് ട്രേഡിംഗ് കാർഡുകളിൽ ഉൾപ്പെടുത്തും. അതോടൊപ്പം താരത്തിന്റെ ഒപ്പും ചേർത്ത് അതിനെ അപൂർവ ശേഖരവസ്തുവാക്കി മാറ്റും.
ലോകകപ്പ് ഡെബ്യൂ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗവ് തുടങ്ങിയ ചരിത്ര നിമിഷങ്ങളുമായി നേരിട്ട് ബന്ധമുള്ളതിനാൽ ഈ കാർഡുകൾക്ക് വൻ വില ലഭിക്കാനാണ് സാധ്യത. പ്രത്യേകിച്ച് മെസിയുടെയോ റൊണാൾഡോയുടെയോ അവസാന ലോകകപ്പാണിതെന്ന് കരുതപ്പെടുന്നതിനാൽ, അവരുടെ പാച്ചുകൾ ഉൾപ്പെട്ട കാർഡുകൾ ഭാവിയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ശേഖരവസ്തുക്കളാകും.
Various special jersey badges have appeared at the 2026 FIFA World Cup, sparking curiosity among fans due to limited explanation from FIFA. These include Debut badges for first-time players, Legacy badges for those with five or more World Cups, Golden Boot and Golden Glove badges for past award winners. After matches, the patches are removed and preserved for future Topps trading cards, potentially becoming highly valuable collectibles, especially those linked to legends like Messi and Ronaldo.