

കൗമാര ക്രിക്കറ്റില്‍ വീണ്ടുമൊരു യുഗപിറവി. രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും വരവറയിച്ച അതേ ലോകകപ്പില്‍ മിന്നിത്തിളങ്ങിയാണ് വൈഭവ് സൂര്യവംശിയുടെ വരവ്. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ വെടിക്കെട്ട് സെഞ്ച്വറി മാത്രം മതിയാകും വൈഭവിന്റെ ഭാവിയെക്കുറിച്ചുള്ള പ്രകടനങ്ങള്‍ നിര്‍വചിക്കാന്‍. വെറും 80 പന്തില്‍ 175 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ അപരാജിത കുതിപ്പോടെ ആയുഷ് മാത്രെയും സംഘവും കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ ലോകകപ്പ് ക്യാംപെയ്‌ന് തുടക്കം കുറിക്കുന്നത്. അമേരിക്കയെ 107 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 18-ാം ഓവറില്‍ ലക്ഷ്യത്തിലെത്തി. മഴ തടസപ്പെടുത്തിയപ്പോള്‍ 37 ഓവറില്‍ 96 റണ്‍സെന്ന നിലയിലേക്ക് ലക്ഷ്യം ചുരുക്കിയിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്ന രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയും ഇന്ത്യ വിജയതീരമണിഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം മഴകാരണം 29 ഓവറില്‍ 165 റണ്‍സെന്ന നിലയിലേക്ക് പുനര്‍നിര്‍ണയിക്കപ്പെട്ടു. എന്നാല്‍ 146 റണ്‍സെടുക്കാനെ ബംഗ്ലാദേശിന് സാധിച്ചുള്ളു. ഒരു ഘട്ടത്തില്‍ 106 റണ്‍സിന് രണ്ട് വിക്കറ്റെന്ന ശക്തമായ നിലയിലായിരുന്നു ബംഗ്ലാക്കടുവകളെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. മത്സരത്തില്‍ സൂര്യവംശി നേടിയ അര്‍ധസെഞ്ച്വറി നിര്‍ണായകമായിരുന്നു.
സൂപ്പര്‍ സിക്‌സിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ വലിയ മാര്‍ജിനില്‍ തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദവുമായിട്ടാണ് മാത്രെയും സംഘവും കളത്തിലിറങ്ങിയത്
പിന്നീട് ഗ്രൂപ്പിലെ അവസാന പോരില്‍ കരുത്തരായ ന്യൂസിലാന്‍ഡും ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി. 27 പന്തില്‍ 53 റണ്‍സെടുത്ത നായകന്‍ ആയുഷ് മാത്രെയാണ് മത്സരത്തിലെ ടോപ് സ്‌കോറര്‍. വൈഭവ് 23 പന്തില്‍ 40 റണ്‍സെടുത്ത് നിര്‍ണായക സാന്നിധ്യമായി. ആര്‍എസ് അംബ്രീഷ്, ഹെനിന്‍ പട്ടേല്‍ എന്നിവരുടെ ബൗളിങ് മികവും മത്സരത്തിലെ ഗതിമാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇന്ത്യ നടത്തിയത് അനായസ മുന്നേറ്റമാണ്. സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ സിംബാംബ്‌വെ ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യം അടിപതറി വീണു. സിംബാംബ്‌വെ വെറും 145 റണ്‍സിനാണ് കൂടാരം കയറിയത്. വിഹാന്‍ മല്‍ഹോത്രയുടെ അപരാജിത സെഞ്ച്വറി(109* റണ്‍സ്) ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തുപകര്‍ന്നപ്പോള്‍ വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ഡു എന്നിവര്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങി. അഭിഗ്യാന്‍ 61 റണ്‍സെടുത്തപ്പോള്‍ വൈഭവ് 30 പന്തില്‍ നിന്ന് 52 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.
സൂപ്പര്‍ സിക്‌സിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ വലിയ മാര്‍ജിനില്‍ തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദവുമായിട്ടാണ് മാത്രെയും സംഘവും കളത്തിലിറങ്ങിയത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അനായാസം അതിജീവിച്ച ഇന്ത്യ കൗമരപ്പട പാകിസ്ഥാനെതിരെ 58 റണ്‍സിന്റെ മിന്നും വിജയം സ്വന്തമാക്കി. ഒരുപക്ഷേ ചിരവൈരികള്‍ക്കെതിരെ പോരാട്ടമായിരിക്കും ഇന്ത്യയുടെ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കിയ മത്സരം.
സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 311 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പതറുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഫൈസല്‍ ഷിനോസാദ (110), ഉസൈറുള്ള നിയാസായ് (101) എന്നിവരുടെ രണ്ട് തകര്‍പ്പന്‍ സെഞ്ച്വറികളാണ് അഫ്ഗാനിസ്ഥാന് കരുത്തായത്. മറുപടി ബാറ്റിങില്‍ അതേനാണയത്തിലായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. ഓപ്പണറായ മലയാളി താരം ആരോണ്‍ ജോര്‍ജ്ജായിരുന്നു ഇന്ത്യയുടെ രക്ഷാദൗത്യം മുന്നില്‍ നിന്ന് നയിച്ചത്. 104 പന്തുകളില്‍ നിന്ന് 115 റണ്‍സെടുത്ത ആരോണ്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു. 33 പന്തില്‍ 68 റണ്‍സുമായി സൂര്യവംശിയും 59 പന്തില്‍ 62 റണ്‍സുമായി മാത്രെയും മത്സരത്തില്‍ തിളങ്ങി.
സീനിയര്‍ താരങ്ങള്‍ കളമൊഴിയാന്‍ ഏറെ നാളുകള്‍ ബാക്കിയില്ലാത്ത സമയത്ത് ഭാവി ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷകളാവുകയാണ് കൗമരപ്പട. സൂര്യവംശി, മാത്രെ മലയാളിയായ ആരോണ്‍ ജോര്‍ജ്ജ്, വിഹാന്‍ മല്‍ഹോത്ര തുടങ്ങിയവര്‍ ബാറ്റര്‍മാരുടെ പട്ടികയിലും അംബ്രീഷ്, ഹെനിന്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ് പട്ടികയിലും ദേശീയ ജഴ്‌സിയില്‍ എത്തുമെന്ന് ഉറപ്പാണ്.
English Summary: India's U19 team has scripted a dominant, unbeaten run to lift the Under-19 World Cup trophy, signaling the arrival of a new era in Indian cricket led by explosive opener Vaibhav Suryavanshi. The teenage sensation smashed a breathtaking 175 off 80 balls (A fiery century in the final against England) and consistently delivered big knocks throughout the tournament.