'ഹൃദയംകൊണ്ട് മനുഷ്യരെ സ്വീകരിക്കുന്ന വിഴിഞ്ഞത്തുകാരന്‍'; സിബി ഗോപാലകൃഷ്ണന്‍ എഴുതുന്നു

ഞാൻ കണ്ടു പരിചയപ്പെട്ട സെലിബ്രിറ്റികളിൽ ഏറ്റവും മികച്ച മനുഷ്യനെന്ന് സഞ്ജുവിനെക്കുറിച്ച് നിസംശയം പറയാം.
'ഹൃദയംകൊണ്ട് മനുഷ്യരെ സ്വീകരിക്കുന്ന വിഴിഞ്ഞത്തുകാരന്‍'; സിബി ഗോപാലകൃഷ്ണന്‍ എഴുതുന്നു
Published on

കഴിഞ്ഞ ടി20 ലോകകപ്പിന്റെ അവസാന ദിനം, ക്രിക്കറ്റ് ആരാധകർ മുഴുവൻ ഇന്ത്യ ജയിച്ച ആവേശത്തിൽ ആയിരുന്നുവെങ്കിലും അടുത്ത ദിവസം പ്രവചിച്ചിരുന്ന ചുഴലിക്കാറ്റിന് മുൻപായി എത്രയും പെട്ടെന്ന് നാട്ടിൽ എത്താനുള്ള ആവേശത്തിൽ ആയിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ. ഒരുമിച്ചുണ്ടായിരുന്ന നാളുകൾക്കുള്ളിൽ തന്നെ സഞ്ജുവിനോടൊപ്പം പുറത്തുപോയി ആഹാരം കഴിക്കുക എന്നൊരു ശീലം പതിവായിരുന്നു. ബാർബഡോസിൽ അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ തീരത്തെ ഹിൽട്ടൺ ഹോട്ടലിൻ്റെ ഏഴാം നിലയിൽ അഭിമുഖമായിട്ടുള്ള മുറികളിൽ ആയിരുന്നു ഞങ്ങൾ താമസം.

ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ

സഞ്ജു കതകു പാളികൾ പകുതി തുറന്നിട്ട ശേഷം എന്നോട് പറഞ്ഞു

"ചേട്ടാ ഇന്നത്ത കളി ഞാൻ കളിക്കേണ്ടതായിരുന്നു ".

ടീം മീറ്റിംഗ് നടക്കുമ്പോ സപ്പോർട്ടിങ് സ്റ്റാഫിൻ്റെ സാന്നിദ്ധ്യം ഉണ്ടാകാറില്ല. മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരുന്ന കളിക്കാരുടെ മുഖഭാവത്തിൽ നിന്ന് തന്നെ ആരൊക്കെ അവസാന പതിനൊന്നു പേരിൽ ഉണ്ടാവും എന്ന് ഊഹിക്കാൻ സാധിക്കുമായിരുന്നു. ഓരോ പ്രാവശ്യം ടീം മീറ്റിംഗ് കഴിഞ്ഞു ടീമംഗങ്ങൾ പുറത്തേക്കു വരുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് സഞ്ജുവിന്റെ മുഖത്തേയ്ക്ക് ആയിരിക്കും. പൊതുവെ ഒരു വിഷാദ ഭാവമുള്ള സഞ്ജുവിൻറെ മുഖം കുറച്ചു കൂടുതൽ കനപ്പെട്ടിട്ടിരിക്കും. തലകുനിച്ചു ബസിൽ കയറി ആരോടും സംസാരിക്കാതിരിക്കുന്ന സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കാൻ തന്നെ എനിക്ക് വിഷമമാകും. പൊതുവെ ധാരാളം കഥകൾ പറയുന്ന, പഴയ സംഭവങ്ങൾ, തമാശകൾ ഒക്കെ മാല പോലെ ചികഞ്ഞെടുത്ത് കോർത്തിണക്കി പറയുമായിരുന്ന സഞ്ജുവിന്റെ മുഖത്ത് നോക്കുന്നത് പോലും ആ സമയം പ്രയാസമുള്ള കാര്യമായിരുന്നു. ഇന്ന് സഞ്ജു കളിക്കുമോയെന്ന് മെസ്സേജ് മുഖേനയുള്ള നിരവധി ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നുവെങ്കിലും ആ ടീമിൽ സഞ്ജു കഴിഞ്ഞാൽ, സഞ്ജു കളിക്കുമോ എന്നതിൽ ഏറ്റവും കൂടുതൽ ആകാംക്ഷ എനിക്കായിരുന്നു.

പൊതുവെ കളിക്കാരോട്, അതും ടൂർണമെന്റ് സമയത്ത് ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുക എന്നതാണ് പ്രൊഫെഷണൽ മര്യാദ. ഒരു കളിക്കാരൻ്റെ ഏറ്റവും മികച്ച പെർഫോമൻസ് കിട്ടാനുള്ള ഭൗതിക സാഹചര്യങ്ങൾക് ഒരുക്കുക എന്നുള്ളതാണ് ഒരു ലെയ്സൻ ഓഫീസറുടെ ചുമതല. അതുകൊണ്ട് നമ്മുടെ നിസാരമായ ഒരു ചോദ്യം പോലും അവരിൽ അസ്വസ്ഥത ജനിപ്പിപ്പിക്കുന്നതാകരുത് എന്നതിൽ ഞാൻ നിഷ്ക്കർഷത പുലർത്തിയിരുന്നു. പൊതുവെ ഏത് സ്ഥലത്തു ചെന്നാലും റെന്റ് കാർ എടുത്തു സ്വയം ഓടിച്ചു പോകുന്ന സഞ്ജുവിന് ആ നാട്ടിലെ ഏറ്റവും നല്ല റെസ്റ്റാൻ്റുകൾ എല്ലാം തന്നെ നല്ല പരിചയം ആയിരിക്കും. അപ്രകാരം നാളെ ഒരു അടിപൊളി സ്ഥലത്തു ബ്രേക്ഫാസ്റ്റിനായി പോകാം എന്ന് പറഞ്ഞു പിരിയുന്നു.

അടുത്ത ദിവസം കണ്ടപ്പോൾ മടിയോടെ ഞാൻ ചോദിച്ചു

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ"..എന്ന്.

ആ സമയം സഞ്ജുവിൽ നിന്നുണ്ടായ പ്രസ്താവന എന്നെ ആശ്ചര്യപ്പെടുത്തി.

"ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും ചോദിക്കാത്തതു കൊണ്ടാണ് ഞാൻ ചേട്ടനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് "

പൊട്ടിച്ചിരിയോടെയുള്ള മറുപടി.

"ഇന്നലെ എന്നോട് പറഞ്ഞ കാര്യം ചുമ്മാതെ പറഞ്ഞതാണോ എന്ന് മാത്രമാണ് എനിക്ക് ചോദിക്കാൻ ഉള്ളത് "

എന്നതാണ് എനിക്ക് ചോദിക്കാനുള്ളതെന്ന് ഞാനറിയിച്ചു. .

"വെറുതെയല്ല കാര്യമായിട്ട് ആയിരുന്നു. ഇനി ചോദ്യം ഇല്ലല്ലോ" എന്ന് സഞ്ജുവും.

ഇനിയൊന്നും ചോദിക്കരുത് എന്നാണ് അതിന്റെ അർഥം എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ ആ സംഭാഷണം അവിടെ അവസാനിച്ചു.

അന്ന് മുതൽ ഇപ്പോൾ വരെ ഞാൻ കാത്തിരിക്കുന്ന ഒരു നിമിഷമുണ്ട്. സഞ്ജുവിന്റെ ചുമലിലേറി ഇന്ത്യ ലോകകപ്പ് നേടുന്ന ഒരു ദിവസം. അത് സഞ്ജു ഒരു മികച്ച ക്രിക്കറ്റർ ആയത് കൊണ്ട് മാത്രം അല്ല. ഞാൻ കണ്ടു പരിചയപ്പെട്ട സെലിബ്രിറ്റികളിൽ ഏറ്റവും മികച്ച മനുഷ്യനെന്ന് നിസംശയം പറയാവുന്ന ഒരാളെന്ന നിലയിലാണ് ഞാൻ ആ ആഗ്രഹത്തെ താലോലിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറെക്കുറെ മിക്ക പേരുടെ റൂമിലും ഞാൻ കടന്നു ചെന്നിട്ടുണ്ട്. സഞ്ജുവിന്റെ റൂമിൽ മാത്രം കണ്ട ഒരു പ്രത്യേകതയുണ്ട്..

പുസ്തകങ്ങൾ വായിക്കുന്നതിനായി ടൂർണമെൻ്റ് വേളകളിൽ പോലും സമയം കണ്ടെത്തുന്ന ഒരു കളിക്കാരനാണ് സഞ്ജുവാണെന്ന് നിസംശയം പറയാം. ചരിത്രം, ഭൂമിശാസ്ത്രം, മതം, ദൈവം, ശാസ്ത്ര ചിന്തകൾ തുടങ്ങിയ വിഷയങ്ങളിൽ അതീവ കൗതുകം സഞ്ജു പുലർത്തുന്നു. തൻ്റെ പരിസരത്തെ അസാധാരണമായി നിരീക്ഷിക്കുന്ന സഞ്ജുവിനെ വ്യത്യസ്തൻ ആക്കുന്ന ഘടകം അതിൽ മാത്രമൊതുങ്ങുന്നില്ല. മനുഷ്യനെ മനുഷ്യരായി കണ്ട് വലിപ്പ ചെറുപ്പം ഇല്ലാതെ തൻ്റെ ഒപ്പമുള്ള മറ്റുള്ളവരെ കാണാനുള്ള സമഭാവന പുലർത്തുന്ന ഒരു അസാധാരണ മനുഷ്യൻ കൂടിയാണെന്നതാണ്. സഞ്ജു സൗഹൃദങ്ങൾക്ക് വലിയ മൂല്യമാണ് നൽകുന്നത്.

തൻ്റെ പതിമൂന്നാം വയസ്സിലെ ബാല്യകാല സുഹൃത്താണ് ഇന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് സഞ്ജു പറയുന്നു. എല്ലാ ദിനങ്ങളിലും പ്രാർത്ഥിച്ചിട്ടു മാത്രം ഭക്ഷണം കഴിക്കുന്ന, തന്റെ മാതാപിതാക്കളുടെ ത്യാഗമാണ് ഇന്നത്തെ എന്നിലെ എല്ലാ സൗഭാഗ്യങ്ങളും എന്ന് ഉറച്ചു വിശ്വസിക്കുന്ന, ഏറ്റവും സ്വകാര്യമായ അവസരങ്ങളിൽ ഞങ്ങൾ വിഴിഞ്ഞത്തു നിന്നുള്ള ഒരു സാധാരണ കുടുംബമാണെന്ന് പറയുന്ന ഒരു സഞ്ജുവുണ്ട്. ഇന്ത്യൻ ടീമിലെ മറ്റു കളിക്കാർ അവരുടെ സുഹൃത്തക്കളോടൊപ്പം പുറത്തുപോകുമ്പോൾ, ബാർബഡോസിലെ ബീച്ചിൽ അവിടത്തെ പയ്യന്മാരോടൊപ്പം ബീച്ച് വോളിബോൾ കളിക്കുന്ന സഞ്ജുവിനെ ഞാൻ കണ്ടിട്ടുണ്ട്. തന്നെ സഹായിച്ച ഒരാളെ പോലും മറക്കാത്ത എന്നാൽ ദ്രോഹിച്ചവരോട് വിട്ടുവീഴ്ച ചെയ്യാൻ മടിയില്ലാത്ത സഞ്ജു.

ചെറുപ്പത്തിൽ പ്രാക്ടീസിനു പോകുമ്പോൾ ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തവരെ, അമ്മയെ കാണാൻ വേണ്ടി ഒറ്റ ദിവസത്തേയ്ക്ക് ഫ്ലൈറ്റ് ചാർട്ടർ ചെയ്തു വരുമ്പോഴും മറക്കാത്ത സഞ്ജു. ഒരു ഗ്രൗണ്ടിൽ പോയാൽ ഏറ്റവും കൂടുതൽ സമയം നെറ്റ്‌ ബൗളേഴ്‌സിന്റെ കൂടെ സമയം ചെലവഴിക്കുന്ന സഞ്ജു. തന്റെ കൂടെയുള്ളവർക്ക് തനിക്ക് കിട്ടുന്ന എല്ലാ സൗകര്യങ്ങളും കിട്ടുന്നു എന്ന് ഉറപ്പു വരുത്തുന്ന സഞ്ജു .....

ഗ്രൗണ്ടിൽ മാത്രം കളിക്കുന്ന കളങ്ങൾക്ക് പുറത്തു ഞാനൊരു സാധാരണക്കാരൻ ആണെന്ന് പറയുന്ന ,തനിക്ക് ചുറ്റുമുള്ള മനുഷ്യരോടെല്ലാം ഒരേപോലെ പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജു.

നിരന്തരമായ അവഗണകളെയും അവസര നിഷേധങ്ങളെയും അതിജീവിച്ച മനുഷ്യസ്നേഹിയായ ഒരു സഞ്ജുവുണ്ട്.. ഈ ലോകകപ്പ് ഇന്ത്യക്കു ലഭിച്ചാൽ, തൻ്റെ ഭർത്താവ്വിനേക്കാൾ എളിമയോടെ മറ്റുള്ളവരോട് പെരുമാറണം എന്ന് ആഗ്രഹിക്കുന്ന സഞ്ജുവിന്റെ ജീവിത പങ്കാളിയെക്കാളും, തന്റെ മകന്റെ കഴിവിലുള്ള വിശ്വാസം കൊണ്ട് ജീവിതത്തിന്റെ ഒരു കാലഘട്ടം മുഴുവൻ മകന്റെ വളർച്ചയ്ക്കു വേണ്ടി മാറ്റി വെച്ച മാതാപിതാക്കളും സഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും സന്തോഷവാനായ വ്യക്തി ഞാൻ ആയിരിക്കട്ടെ.

ഇത് പോലെ ഒരു ലോകകപ്പ് മത്സരത്തിൽ നേരിട്ട അവഗണനയുടെ ദുഃഖം മുഴുവൻ കണ്ട ഒരാളിന്... എൻ്റെ ഹൃദയ ഭാഷണം .

Related Stories

No stories found.
Madism Digital
madismdigital.com