

ശേഖരൻ മാഷിന്റെ വീട്ടിലാണ് അന്ന് ടെലിവിഷനുള്ളു, ബ്ലാക്ക് ആൻഡ് വൈറ്റിൽ പിന്നീട് കളറിലും, കളി തുടങ്ങും മുൻപ് എല്ലാവരും ടിവിക്ക് മുന്നിൽ ഹാജരുണ്ടാകും. ഒരാൾക്ക് എഴുന്നേൽക്കാനോ അനങ്ങാനോ കളി തുടങ്ങിയാൽ സ്വാതന്ത്ര്യമില്ല, കാരണം അനങ്ങിയാൽ പിറകിലുള്ളയാൾക്ക് സ്ക്രീൻ കാണാനാവില്ല, അത്രയധികം ഹൗസ് ഫുൾ ഷോകളായിരുന്നു അന്നത്തെ കാലത്തേത്!. ചിലപ്പോഴൊക്കെ മുതിർന്നവരുടെ മുശിപ്പൻ തന്തവൈബ് തമാശകളുണ്ടാകുമായിരുന്നെങ്കിലും കളി കാണാൻ ആ സഹനം പ്രശ്നമായിരുന്നില്ല.
സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദ്ര സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, സഹീർ ഖാൻ, ആഷിഷ് നെഹ്റ അങ്ങനെ നീളുന്ന പട്ടികയാണ് ഞങ്ങളുടെ റഫറൻസുകൾ. ചിലരൊക്കെ ദ്രാവിഡ്, ചിലർക്ക് സച്ചിൻ മാത്രം അങ്ങനെ തുടങ്ങി ഓരോരുത്തരുടെ കളി രീതിക്കും അനുകരിക്കാൻ ശ്രമിക്കുന്ന കളിശൈലിക്കും അനുസരിച്ച് വിവിധ റഫറൻസുകൾ. പാടത്തും പറമ്പിലും ക്രിക്കറ്റ് കളിച്ചിരുന്ന ഇടവഴിയിലും ഈ റഫറൻസുകളാണ് ഏറ്റുമുട്ടുക, ആകെ ബാക്കിയുള്ള മൂന്നോവറിലെ അവസാന പന്ത് വരെ ലീവ് ചെയ്ത ദ്രാവിഡാകാൻ പരിശ്രമിക്കുന്നവരും അക്കാലത്ത് സുലഭമാണ്.! അതൊരു തമാശ പോലുമല്ലെന്നതാണ് സത്യം!
ഊണും ഉറക്കവും എല്ലാം ക്രിക്കറ്റ് തന്നെയായിരുന്നു!
2003ലെ ലോകകപ്പ് കാലമാണ് മറക്കാനാവാത്ത മറ്റൊന്ന്, മറക്കാനാഗ്രഹിച്ചാലും ഒരുപക്ഷേ അതിങ്ങനെ തികട്ടി വരും. ഓസീസിനോട് ഫൈനലിൽ തോറ്റ് തലകുനിച്ച് മൈതാനത്ത് നിന്ന് മടങ്ങുന്ന ദാദയുടെ മുഖം അത്ര പെട്ടന്ന് മറക്കാനാവില്ല.! റിക്കി പോണ്ടിങ് കൊൽക്കത്തയിലേക്ക് വണ്ടി കയറിയ ശേഷവും ആ നീറ്റൽ മാറിയിട്ടില്ല, എന്തൊരു പ്രകടനമായിരുന്നു അത്..! ഇത്തിരി 'കോപ്ലിക്കേറ്റഡായ' ഓസീസ് വിരോധം ആരംഭിക്കുന്നതും ആ തോൽവിയിൽ നിന്നാണെന്ന് തോന്നുന്നു. ഐപിഎൽ കാലത്ത് അത്തരമൊരു 'വൈര്യം' ഒരുപക്ഷേ പൂർണമായും ക്ലബുകളിൽ തമ്മിലാണ്, അതിൽ ദേശീയതയുടെ രക്തം കുറവാണ്. മറ്റൊരു തലത്തിൽ ചിന്തിച്ചാൽ കായിക വിനോദങ്ങളിലെ വൈര്യം, ഡെർബി പാരമ്പര്യവും ദേശീയതയിൽ നിന്ന് വളരുന്നത് മറ്റൊരു നിരാസമില്ലാത്ത മുന്നേറ്റവുമാണ്.
കബഡിയും കുട്ടീം കോലും കളിയും തുടങ്ങിയ എല്ലാം കണ്ടം ക്രിക്കറ്റിലേക്ക് വഴിമാറിയതിന് പിന്നിൽ ഒരു വ്യക്തിയാണ്, കാൽപ്പനികവൽക്കരിക്കാൻ മടിയില്ലാതെ അയാളെ ദൈവമെന്ന് വിളിക്കാം, സച്ചിൻ രമേശ് ടെണ്ടുക്കർ! ക്രിക്കറ്റിനെ ഇത്രയധികം ജനകീയമാക്കുന്നതിൽ സച്ചിനുള്ള സ്വാധീനവും പങ്കും വളരെ വലുതാണ്. ഒരുകാലത്ത് സ്പോൺസർമാരില്ലാത്ത ഇന്ത്യയെ കാണാനാവുമായിരുന്നു, എന്നാൽ സച്ചിന്റെ ഖ്യാതി ഇതെല്ലാം മാറ്റിമറിച്ചു. കപിൽദേവ് കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിന് ലോക ഭൂപടത്തിൽ അടയാളപ്പെടുത്താൻ സച്ചിനോളം മറ്റാർക്കും സാധിച്ചിട്ടുണ്ടാവില്ല.
കാലം പിന്നെയും കടന്നുപോയി, 2003ൽ നിന്നും 2004ൽ തൃരാഷ്ട്ര ടൂർണമെന്റുകൾ 2005ലെ ത്രില്ലടിപ്പിക്കുന്ന ടെസ്റ്റ് മാച്ചുകൾ, 2006ഉം കടന്നങ്ങനെ.....!
സച്ചിൻ, ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി ഇവരൊക്കെ സീനിയർ താരങ്ങളായി മാറിയതിന് ശേഷം പിന്നീട് ആശങ്കകളുടെ വേലിയേറ്റമാണ്, സന്ധ്യ മയങ്ങി പാടത്തെ കളി നിർത്തി വീട്ടിലേക്ക് നടക്കുമ്പോൾ, പരസ്പരം സംസാരിക്കും.
സച്ചിനില്ലാതെ ആരാണ് ഇനി,
പുതിയ ചെറുക്കന്മാരൊക്കെയുണ്ട്!
റോബിൻ ഉത്തപ്പയൊക്കെയുണ്ട്!
പക്ഷേ അത്ര പോരാ, ക്ലാസിക് രസച്ചേരുവകൾ കുറവാണ്..
വിലയിരുത്തലുകളിങ്ങനെ തുടരും, മഹേന്ദ്ര സിങ് ധോണി, റോബിൻ ഉത്തപ്പ, ആർ പി സിങ്, എസ് ശ്രീശാന്ത്, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളെല്ലാം 2006ൽ ദേശീയ ടീമിലേക്ക് എത്തിയവരാണ്. കുട്ടിക്രിക്കറ്റിന്റെ വരവോടെ വെടിക്കെട്ട് ബാറ്റർമാർക്ക് സ്ട്രൈറ്റ് ഡ്രൈവുകൾ കളിച്ച് കൈയ്യടി വാങ്ങേണ്ട സാഹചര്യം അപ്പോഴേക്കും ഇല്ലാതായിരുന്നു. ടെസ്റ്റിലെ സ്ട്രൈക് റേറ്റിൽ പോലും ട്വന്റി 20 സ്വാധീനം ആളുകൾക്ക് ബോധ്യപ്പെട്ടു തുടങ്ങുന്ന സമയമാണിത്. കണ്ടം ക്രിക്കറ്റിലെ 'മാച്ച് ഡ്യൂറേഷന്' സമാനമാണ് എല്ലാം!
2008ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് ഒരു പയ്യൻ അക്കാലത്താണ് സീനിയർ ടീമിന് വേണ്ടി കളിക്കാനിറങ്ങുന്നത്. കൗമാരത്തിലെ വലിയ ഹൈപ്പിലായിരുന്നു പയ്യനെത്തിയതെങ്കിലും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തി. ലങ്കയ്ക്കെതിരെ 12 റൺസെടുത്ത് താരം പുറത്തായി. പക്ഷേ സച്ചിന് സമാനമായിരുന്നു ക്രീസിലെ ശരീര ഭാഷയെന്ന് കമന്ററി ബോക്സിലിരുന്ന് ചിലർ നിരീക്ഷിച്ചു. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയമുറപ്പിച്ചപ്പോൾ അമിതാഹ്ളാദത്തിന് മുതിർന്ന സഹതാരങ്ങളോട് ആഘോഷിക്കാൻ ആയിട്ടില്ലെന്ന് പറഞ്ഞ കൊഹ്ലിയുടെ പക്വത അന്നേ പ്രസിദ്ധമായിരുന്നു. എന്തായാലും അരങ്ങേറ്റത്തിൽ വലിയ അദ്ഭുതങ്ങൾ കാണിക്കാൻ താരത്തിന് കഴിഞ്ഞില്ല.
നേരം ഇപ്പോ ഇരുട്ടിക്കൊണ്ടിരിക്കുന്നു, മങ്ങിയ വെളിച്ചത്തിലിപ്പോഴും 'പാടത്തെ' സച്ചിനും ദ്രാവിഡും ഒക്കെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയാണ്.... വരുന്ന ബോളുകൾ ഒന്നും കാണുന്നില്ലെങ്കിലും അയാളിപ്പോളും സച്ചിന്റെ സ്ട്രൈറ്റ് ഡ്രൈവും ചെയ്തിരിക്കുകയാണ്. വിക്കറ്റ് കീപ്പർ കൂവി വിളിച്ചപ്പോളാണ് സ്റ്റമ്പുകൾ മഗ്രാത്ത് എറിഞ്ഞിട്ട കാര്യം മനസ്സിലായത്. നിരാശയോടെ വരമ്പത്തേക്ക് ഇരിപ്പിടം മാറ്റി! ഇനി വിലയിരുത്തലുകളുടെ സമയമാണ്. സച്ചിന് റീപ്ലേസ്മെന്റ് ആരാവുമെന്നാണ് ചർച്ച,
ആ ചെക്കൻ കൊള്ളാം, ഒന്ന് രണ്ട് പേരുടെ അഭിപ്രായമതാണ്..
എല്ലാവർക്കും കൊഹ്ലി വലിയ താരമാവുമെന്ന 'ഗീർവാണം' ഇഷ്ടമല്ല!
വളരെ ഈസിയായി കവർ ഡ്രൈവ് ചെയ്യാൻ സാധിക്കുന്നു, എംആർഎഫ് കമ്പനി നോക്കിവെച്ചിരിക്കുന്ന ചെക്കനാണ് എന്നൊന്നും പറഞ്ഞ് കൊഹ്ലിക്ക് വേണ്ടി നമുക്ക് പിടിച്ച് നിൽക്കാനാവുന്ന കാലമല്ല അത്! സെലക്ടർമാരുടെ പുതിയ തലമുറ പരീക്ഷണങ്ങൾക്കെതിരെ മലയാള മനോരമയിൽ 'നല്ല കളർ' വിമർശനങ്ങൾ വരുന്ന കാലമാണ്. ആരെങ്കിൽ ഒക്കെ ഉണ്ടാവും, ടോപ് ഓഡറിൽ പരീക്ഷണങ്ങൾ പാടില്ല, മുംബൈ, ഡൽഹി മാഫിയ എന്നൊക്കെ പറഞ്ഞ് സ്ഥിരമായി വിമർശിക്കാൻ.
പിന്നാമ്പുറത്ത് നിന്ന് പിറകോട്ട് എണ്ണുമ്പോൾ രണ്ടാമത്തെ പേജ്, അത് മാത്രം വായിക്കുന്നവരാണ് കൂട്ടത്തിൽ മിക്കവനും, പത്രം വായിക്കുന്ന ബുദ്ധിയില്ലാത്തവർ ചിത്രം നോക്കി കുറ്റം പറയും, ആകെ തുകയായി പറഞ്ഞാൽ കൊഹ്ലിക്ക് വേണ്ടി നിലകൊള്ളുക ശ്രമകരമാണ്. കൺഫ്യൂഷനുകളുണ്ടായിരുന്നെങ്കിലും കൊഹ്ലിയുടെ പ്രതിഭയെ ഒരിക്കൽ പോലും എന്നിലെ സച്ചിൻ ആരാധകൻ സംശയിച്ചിരുന്നില്ല. അക്കാലത്ത് തന്നെ മഹേന്ദ്ര സിങ് ധോണിയെന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ പരുവപ്പെടുന്നതും.
ശ്രീലങ്കയ്ക്ക് എതിരെ നേടിയ ആദ്യത്തെ സെഞ്ച്വറിയാണ് കോഹ്ലിയെ ജനകീയനാക്കുന്നത്. യഥാവിധി പിന്നീട് ഞങ്ങൾ ആ ഇന്നിങ്സിനെ രാജാവിന്റെ ഉദയമെന്ന പേരിട്ടു വിളിച്ചു. 300ന് മുകളിലുള്ള റൺസ് ചേസ് സ്വപ്നത്തിൽ മാത്രം നടക്കുന്ന കാലത്ത് ആ ഇന്നിങ്സെന്നത് മറക്കരുത്. സച്ചിനും സേവാഗും പരാജയപ്പെട്ട് ടീം തോൽവി മണത്തു നിൽക്കുന്ന സമയമാണ്, ലസിത് മലിംഗയുടെയും ചമിന്ത വാസിന്റെക്കും തീ തുപ്പുന്ന പേസാക്രമണത്തിന് മുന്നിൽ പതറാതെ കൊഹ്ലി മുന്നേറി, മാസ്റ്റർ ക്ലാസ് എന്ന് കമന്റേർമാർ ഓരോ ഷോട്ടിനെയും വിളിച്ചു.
വാട്ട് എ ഷോട്ട്, ലുക്ക് അറ്റ് ദി ക്ലാസ്, ലുക്ക് അറ്റ് ദി സ്റ്റൈൽ,
കമന്ററി ബോക്സിൽ നിന്ന് പുകഴ്ത്തലുകളുടെ പേമാരി, ഓരോ പന്തിന് പിന്നാലെയും മലിങ്കയും ചാമിന്തവാസും തലകുനിച്ച് റണ്ണപ്പിനായി നടന്നു, ചിലരൊക്കെ പ്രകോപിപ്പിക്കാനായി കൊഹ്ലിയുടെ അടുത്തെത്തി, കൂസലില്ലാതെ ക്ഷമ നശിക്കാതെ അയാൾ ബൗണ്ടറി ലൈനിലേക്ക് പന്ത് അടിച്ചു പായിച്ചുകൊണ്ടിരുന്നു.
വിരാടിന്റെ പ്രധാന റെക്കോർഡുകളിൽ ചിലത്
ഇക്കഴിഞ്ഞ ദിവസം കിവീസിനെതിരെ 93 റൺസെടുത്ത് കൈയ്യിലൊതുക്കാവുന്ന എല്ലാ റെക്കോർഡുകളും അയാൾ സ്വന്തമാക്കി കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും വേഗത്തിൽ 28,000 റൺസ് തികക്കുന്ന താരമെന്ന നേട്ടം ഇന്നലെ കൈപ്പിടിയിലൊതുക്കി കഴിഞ്ഞു. മുന്നിലുണ്ടായിരുന്ന സച്ചിൻ 644-ാം ഇന്നിങ്സിലും, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര 666-ാം ഇന്നിങ്സിലുമാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ, ഒരു സിംഗിൾ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമാണ് വിരാട്. 51 ടെസ്റ്റ് സെഞ്ച്വറികളുള്ള സച്ചിനാണ് ഈ റെക്കോർഡിലും താരത്തിന് പിന്നിൽ!
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000, 11,000, 12,000 ഏകദിന റൺസ് നേടിയത്
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നു)
ഏകദിനത്തിൽ റൺ ചേസ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്നത് (സച്ചിന്റെ റെക്കോർഡ് മറികടന്നു)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25 ടെസ്റ്റ് സെഞ്ച്വറികൾ നേടിയത്
ട്വന്റി 20 ഇന്റർനാഷണലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്
ഒരു കലണ്ടർ വർഷത്തിൽ 1000+ ടി20 റൺസ് നേടുന്ന ആദ്യ താരം
ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ നായകൻ
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരം (സച്ചിന് ശേഷം)
ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ ഏക താരം
ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികൾ നേടിയ താരം
ട്വന്റി 20 ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടിയ താരം
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
ഐപിഎല്ലിൽ ഒരു സീസണിൽ 973 റൺസ് നേടിയ റെക്കോർഡ്
ഐപിഎല്ലിൽ ഒരു സീസണിൽ 4 സെഞ്ച്വറികൾ നേടിയ റെക്കോർഡ്
ഏറ്റവും കൂടുതൽ ട്വന്റി 20 റൺസ്
ഏറ്റവും കൂടുതൽ ട്വന്റി 20 സെഞ്ച്വറികൾ
ലോക കിരീടം മുതൽ ഐപിഎൽ കിരീടം വരെ അയാളുടെ കരിയറിൽ സ്വന്തമായിട്ടുണ്ട്. ഫോമില്ലാഴ്മയുടെ പേരിൽ എപ്പോഴൊക്കെ ടീം മാനേജ്മെന്റോ ബിസിസിഐയോ സമ്മർദ്ദത്തിലാക്കിയാൽ സെഞ്ച്വറികൾ കുറഞ്ഞ മറുപടിയൊന്നും ഇതുവരെ കൊഹ്ലി നൽകിയിട്ടുമില്ല. റെക്കോർഡുകളും പുരസ്കാരങ്ങളും എത്രയെന്ന് അയാൾക്ക് പോലും നിശ്ചയമില്ല. 37 വയസ്സ് പൂർത്തിയായി, ഇനി മറ്റൊരാൾ ഇതുപോലെ ക്രിക്കറ്റിനെ ആസ്വദിപ്പിക്കാനെത്തുമോയെന്ന് പോലുമറിയില്ല, !
(അപൂർണമായി അവസാനിപ്പിക്കാം, കാരണം ഈ കരിയർ അവസാനിക്കാറായി എന്ന് പറയാനായിട്ടില്ല!)