

ജിമെയില്‍ പാസ്‌വേഡ് മറന്നുപോയാല്‍ അക്കൗണ്ടില്‍ തിരിച്ചുകയറാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍. സെല്‍ഫി വീഡിയോ ഉപയോഗിച്ചുള്ള റിക്കവറി സംവിധാനമാണ് ഗൂഗി അവതരിപ്പിച്ചത്. റിക്കവറി ഫോണ്‍ നമ്പര്‍, റിക്കവറി ഇമെയില്‍, ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങളിലേക്ക് പ്രവേശനം നഷ്ടപ്പെട്ടുപോയാല്‍ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വീണ്ടെടുക്കാന്‍ സഹായിക്കുന്നതിനായാണ് പുതിയ സെല്‍ഫി വീഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം, ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള സൗകര്യം ഒരുക്കുകയാണ് പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കുന്നതിന് അക്കൗണ്ടില്‍ നേരത്തെ തന്നെ ഫീച്ചര്‍ ക്രമീകരിച്ചിരിക്കണം.
എങ്ങനെയാണ് സെല്‍ഫി വീഡിയോ പ്രവര്‍ത്തിക്കുന്നത്?
ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന സമയത്താണ് ആദ്യം സെല്‍ഫി വീഡിയോ സജ്ജീകരിക്കേണ്ടത്. ഇതിനായി ഫോണിന്റെയോ മറ്റ് സംവിധാനങ്ങളുടെയോ ക്യാമറയിലേക്ക് നോക്കി ചെറിയ വീഡിയോ റെക്കോര്‍ഡ് ചെയ്യണം. തല തിരിക്കുക, ചെറിയ ചലനങ്ങള്‍ നടത്തുക തുടങ്ങിയ സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ഈ വീഡിയോ പിന്നീട് തിരിച്ചറിയലിനുള്ള റഫറന്‍സായി ഉപയോഗിക്കും.
ഭാവിയില്‍ പാസ്‌വേഡ് മറക്കുകയോ സാധാരണ സൈന്‍-ഇന്‍ മാര്‍ഗങ്ങളിലേക്ക് പ്രവേശനം നഷ്ടപ്പെടുകയോ ചെയ്താല്‍, ഗൂഗിള്‍ മറ്റൊരു ചെറിയ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. പുതിയ വീഡിയോ നേരത്തെ സേവ് ചെയ്തിട്ടുള്ള റഫറന്‍സ് വീഡിയോയുമായി താരതമ്യം ചെയ്താണ് ഉപയോക്താവിന്റെ വ്യക്തിത്വം സ്ഥിരീകരിക്കുക. വീഡിയോയിലെ നിര്‍ദേശിച്ച ചലനങ്ങള്‍ പാലിക്കേണ്ടത് പ്രധാനമാണ്. യഥാര്‍ഥ വ്യക്തി തന്നെയാണ് ക്യാമറയ്ക്ക് മുന്നിലുള്ളതെന്ന് ഉറപ്പാക്കാനും ഫോട്ടോയോ നേരത്തെ റെക്കോര്‍ഡ് ചെയ്ത വീഡിയോയോ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ഇത് സഹായിക്കും.
എഐ ഡീപ്ഫേക്കുകളെയും തിരിച്ചറിയും
എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ്ഫേക്ക് വീഡിയോകളുടെ കാലത്ത് പുതിയ സംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ചും ഗൂഗിള്‍ വിശദീകരിച്ചിട്ടുണ്ട്. റഫറന്‍സ് വീഡിയോയുമായുള്ള താരതമ്യത്തിന് പുറമെ, ക്യാമറയ്ക്ക് മുന്നിലുള്ളത് യഥാര്‍ഥ വ്യക്തിയാണോ എന്ന് പരിശോധിക്കുന്നതിനുള്ള നിരവധി സുരക്ഷാ സംവിധാനങ്ങളും ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രൗസര്‍ ക്രമീകരണങ്ങള്‍, ഐപി വിലാസം, ലൊക്കേഷന്‍, സൈന്‍-ഇന്‍ ശ്രമം അസാധാരണമാണോ തുടങ്ങിയ വിവിധ സുരക്ഷാ സൂചനകളും ഗൂഗിളിന്റെ സംവിധാനങ്ങള്‍ പരിശോധിക്കും.
മുഖം ഉള്‍പ്പെടുന്ന വിവരങ്ങള്‍ ബയോമെട്രിക് ഡാറ്റയായതിനാല്‍ സ്വകാര്യത സംബന്ധിച്ച ആശങ്കകളും സ്വാഭാവികമാണ്. ഉപയോക്താവിന്റെ അനുമതിയോടെയാണ് റഫറന്‍സ് സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതെന്നും എന്‍ക്രിപ്റ്റ് ചെയ്യപ്പെടുമെന്നും ഗൂഗിള്‍ പറയുന്നു.
ഗൂഗിള്‍ അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് ഈ വീഡിയോ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും കഴിയും. ഡിഫോള്‍ട്ടായി, സേവ് ചെയ്യുന്ന വീഡിയോ സൈന്‍-ഇന്‍, അക്കൗണ്ട് റിക്കവറി ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഉപയോഗിക്കുക. എന്നാല്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി അധിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അനുമതി നല്‍കാനും കഴിയും. അതേസമയം, പാസ്സ്‌കീസ്, ബാക്ക്അപ്പ്‌കോഡ്‌സ്, റിക്കവറി ഫോണ്‍ നമ്പര്‍, റിക്കവറി ഇമെയില്‍ തുടങ്ങിയ മറ്റ് അക്കൗണ്ട് റിക്കവറി മാര്‍ഗങ്ങളും സജീവമായി നിലനിര്‍ത്തണമെന്ന് ഗൂഗിള്‍ നിര്‍ദേശിക്കുന്നു. ലോകമെമ്പാടുമുള്ള ഗൂഗിള്‍ അക്കൗണ്ട് ഉപയോക്താക്കള്‍ക്കായി സെല്‍ഫി വീഡിയോ ഫീച്ചര്‍ ഘട്ടംഘട്ടമായി ലഭ്യമാക്കുകയാണ്.
Google is introducing a new selfie video-based account recovery feature for Gmail users. If users lose access to their password, recovery email, phone number, or two-factor authentication, they can verify their identity using a previously recorded selfie video. The system compares a new live video with the stored reference video while checking additional security signals such as device information, IP address, location, and unusual sign-in attempts. Google says the videos are encrypted, can be deleted at any time, and are used only for account recovery unless users opt in to help improve identity verification. The feature will be rolled out globally in phases.