ഓൺലൈനിൽ ഒരു ഉൽപ്പന്നം തിരയുന്നതും അതിന്റെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്യുന്നതുമൊക്കെ ഇനി പഴയ കഥ. ഷോപ്പിങ് അനുഭവത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) മാന്ത്രികതയുമായി ഗൂഗിൾ ഇന്ത്യയിൽ സജീവമാകുന്നു. പ്രത്യേക ആപ്പുകളോ പ്രോംപ്റ്റുകളോ പഠിക്കാതെ തന്നെ, നിലവിലുള്ള ഗൂഗിൾ സെർച്ചിലൂടെയും ജെമിനി ആപ്പിലൂടെയും ഏറ്റവും മികച്ച ഡീലുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.
എന്തൊക്കെയാണ് മാറ്റങ്ങൾ?
ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ജെമിനി ഇനി നിങ്ങളുടെ ഒരു 'പേഴ്സണൽ ഷോപ്പിങ് അസിസ്റ്റന്റ്' ആയി മാറും. സാധനങ്ങൾ വാങ്ങുന്നതിന് മുൻപുള്ള ചർച്ചകൾ മുതൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ജെമിനി ആപ്പിലൂടെ തന്നെ ചെയ്യാം. ഉദാഹരണത്തിന്, ഒരു ഫോൺ വാങ്ങണമെന്നുണ്ടെങ്കിൽ ജെമിനിയോട് അഭിപ്രായം ചോദിക്കാം. വെറും ടെക്സ്റ്റ് മറുപടികൾക്ക് പകരം വിവിധ വെബ്സൈറ്റുകളിലെ വിലനിലവാരം, അവ തമ്മിലുള്ള താരതമ്യ പട്ടികകൾ, റേറ്റിങ് എന്നിവ ജെമിനി കാണിച്ചുതരും. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഈ സേവനം ലഭ്യമാകുക.
സംസാരിച്ച് വാങ്ങാം; ഗൂഗിൾ സെർച്ചിലെ മാറ്റങ്ങൾ
ഗൂഗിൾ സെർച്ചിലെ എഐ മോഡ് ഇനി വായനക്കാരോട് സംവദിക്കുന്ന രീതിയിലാകും പ്രവർത്തിക്കുക. സെർച്ച് റിസൾട്ടുകൾ വെറും ലിങ്കുകളായിട്ടല്ല, മറിച്ച് ചിത്രങ്ങളും കൃത്യമായ വിവരങ്ങളും ഉൾപ്പെടുത്തി ബുദ്ധിപരമായി അടുക്കിവെച്ച രീതിയിലാകും ലഭിക്കുക. മറ്റ് സമാന ഉൽപ്പന്നങ്ങളുടെ ലിസ്റ്റും ഉപഭോക്താക്കളുടെ റിവ്യൂവുകളും ഇതിനോടൊപ്പം കാണാം.
ഷോപ്പിങ് ഗ്രാഫ്: പിന്നിലെ കരുത്ത്
ഈ സേവനങ്ങളെല്ലാം സാധ്യമാക്കുന്നത് ഗൂഗിളിന്റെ 'ഷോപ്പിങ് ഗ്രാഫ്' എന്ന സംവിധാനമാണ്. 2021-ൽ പുറത്തിറങ്ങിയ ഈ ടൂൾ ഇന്റർനെറ്റിലെ കോടിക്കണക്കിന് ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ തത്സമയം ശേഖരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്നു. ബ്രാൻഡുകളും വ്യാപാരികളും നേരിട്ട് നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുന്നതിനാൽ കൃത്യമായ വിലയും ലഭ്യതയും ഉറപ്പാക്കാൻ ഇതിന് കഴിയും.
സർക്കിൾ ടു സെർച്ച്: ഇനി ചിത്രത്തിൽ നോക്കി ഷോപ്പ് ചെയ്യാം
ഗൂഗിൾ പിക്സൽ 10, സാംസങ് ഗാലക്സി എസ് 26 സീരീസ് ഫോണുകളിൽ 'സർക്കിൾ ടു സെർച്ച്' സംവിധാനം കൂടുതൽ കരുത്തുറ്റതാക്കി. സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ചിത്രത്തിലെ ഒന്നിലധികം ഉൽപ്പന്നങ്ങൾ ഒരേസമയം സെർച്ച് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഉദാഹരണത്തിന്, ഒരു മോഡൽ ധരിച്ചിരിക്കുന്ന വസ്ത്രം, ഷൂസ്, ബാഗ് എന്നിവയിൽ ഒന്നിന് ചുറ്റും വട്ടം വരച്ചാൽ ആ ഉൽപ്പന്നങ്ങൾ എവിടെ ലഭിക്കുമെന്ന വിവരം നിമിഷങ്ങൾക്കുള്ളിൽ മുന്നിലെത്തും.
ചുരുക്കത്തിൽ, ഉപഭോക്താവിന്റെ സമയം ലാഭിക്കാനും ഏറ്റവും മികച്ച ഉൽപ്പന്നം ഏറ്റവും കുറഞ്ഞ വിലയിൽ കണ്ടെത്താനും ഗൂഗിളിന്റെ ഈ എഐ മാറ്റങ്ങൾ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് വിപണിയെ അടിമുടി മാറ്റുമെന്നുറപ്പാണ്.
English Summary: Google is revolutionizing the Indian e-commerce landscape by integrating advanced Gemini AI models into Google Search and the Gemini app. This upgrade eliminates the need for complex prompts, offering shoppers a conversational interface to discover, compare, and buy products seamlessly.