ഡൽഹി ജന്തർ മന്തറിൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രതിഷേധങ്ങൾക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചിത്രങ്ങളെടുക്കാനും വീഡിയോകൾ റെക്കോർഡ് ചെയ്യാനും കഴിയുന്ന സ്മാർട്ട് ഗ്ലാസുകൾ ധരിച്ചിരുന്നതായി ആരോപണം ഉയർന്നിരുന്നു. പ്രതിഷേധ വേദിയായ ജന്തർ മന്തറിന് സമീപം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനമുള്ള നിരവധി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത്തരം പോയിൻ്റ്-ഓഫ്-വ്യൂ ഉപകരണങ്ങളുടെ ഉപയോഗം പ്രതിഷേധക്കാരുടെ സ്വകാര്യതയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഈ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു എന്നത് ഈ ആശങ്കയുടെ വ്യാപ്തി വർധിപ്പിക്കുന്നതാണ്.
കാഴ്ചയിൽ സാധാരണ കണ്ണടകൾ പോലെ തോന്നിക്കുന്ന മെറ്റ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറകളും മൈക്രോഫോണുകളുമാണ് ഈ സ്വകാര്യതാ ലംഘനങ്ങളുടെ പ്രധാന കേന്ദ്രം. ഒരാളുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ അവരുടെ ചിത്രം പകർത്തി, അത് മുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ആപ്പുകളുമായോ സോഫ്റ്റ്‌വെയറുകളുമായോ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഒരാളുടെ പേരും ഫോൺ നമ്പറും വീട്ടുചെലവുകളും ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അവരുടെ യാതൊരു സമ്മതവുമില്ലാതെ നിമിഷനേരം കൊണ്ട് ചോർത്തിയെടുക്കാൻ ഇത്തരം ഉപകരണങ്ങളിലൂടെ എളുപ്പത്തിൽ സാധിക്കുമെന്നത് ഒരു വലിയ ഭീഷണിയാണ്. ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർഥികൾ അടുത്തിടെ ഈ ഗ്ലാസുകൾ ഉപയോഗിച്ച് തെരുവിലൂടെ നടക്കുന്ന അപരിചിതരുടെ വിവരങ്ങൾ കണ്ടെത്തിയത് ഇതിന്റെ അപകടസാധ്യത വെളിപ്പെടുത്തുന്നതായിരുന്നു.
ഉപയോക്താക്കൾ ചിത്രങ്ങളോ വീഡിയോകളോ റെക്കോർഡ് ചെയ്യുമ്പോൾ മറ്റുള്ളവരെ അറിയിക്കാനായി ഗ്ലാസിന്റെ ഫ്രെയിമിൽ ഒരു ചെറിയ എൽഇഡി ലൈറ്റ് മെറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലൈറ്റ് മറച്ചുവെച്ചാൽ റെക്കോർഡിങ് സാധ്യമാകില്ലെന്ന സുരക്ഷാ ഫീച്ചറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തിരക്കേറിയ നിരത്തുകളിലോ പകൽ വെളിച്ചത്തിലോ പ്രതിഷേധ വേദികളിലെ ബഹളങ്ങൾക്കിടയിലോ ഈ ചെറിയ പ്രകാശം മറ്റുള്ളവർ ശ്രദ്ധിക്കണമെന്നില്ല. പൊലീസോ മറ്റ് വ്യക്തികളോ ഇത്തരം ഗ്ലാസുകൾ ധരിച്ച് നിൽക്കുമ്പോൾ, തങ്ങൾ നിരീക്ഷിക്കപ്പെടുകയാണെന്ന് തിരിച്ചറിയാൻ സാധാരണക്കാർക്ക് ഒരു മാർഗ്ഗവുമില്ല. ഗ്ലാസിലെ സുരക്ഷാ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കാൻ ഹാക്കർമാർക്കും എളുപ്പത്തിൽ സാധിക്കും.
പൊതു ഇടങ്ങളിൽ ഇത്തരം സ്മാർട്ട് ഗ്ലാസുകളുടെ ഉപയോഗം വർധിക്കുന്നത് ഒരു വലിയ നിരീക്ഷണ വലയത്തിലേക്ക് സമൂഹത്തെ തള്ളിവിടുന്നു. നിയമപാലകർ പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരം രഹസ്യ ക്യാമറകൾ ഉപയോഗിക്കുന്നത് ജനങ്ങളിൽ ഭയം ജനിപ്പിക്കുകയും, സർക്കാരിനെതിരെയോ മറ്റ് വിഷയങ്ങളിലോ പ്രതികരിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും എവിടെ സൂക്ഷിക്കുന്നു, ആർക്കൊക്കെ ഇത് ലഭ്യമാകും, അത് എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാം എന്നതിനെക്കുറിച്ചൊന്നും വ്യക്തമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ല. സാങ്കേതികവിദ്യയുടെ ഈ അനിയന്ത്രിതമായ കടന്നുകയറ്റം സാധാരണക്കാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
പൊതുസ്ഥലങ്ങളിൽ ആളുകളുടെ സ്വകാര്യത ലംഘിക്കുന്നതിനപ്പുറം ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. പണത്തിനായി ആളുകളെ ഭീഷണിപ്പെടുത്തുന്നതിനും, കർശന നിയന്ത്രണങ്ങളുള്ള കോടതി മുറികളിൽ രഹസ്യമായി ഉപയോഗിക്കുന്നതിനും സ്മാർട്ട് ഗ്ലാസുകൾ കാരണമായിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു സംസ്ഥാന സുരക്ഷാ പരീക്ഷയിൽ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് കോപ്പിയടിച്ചതിന് ഒരാൾക്കെതിരെ ക്രിമിനൽ കേസെടുത്ത സംഭവം ഇതിന്റെ ദുരുപയോഗത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങൾ എഐ പരിശീലനത്തിനായി ഉപയോഗിക്കുന്നു എന്ന ഗുരുതരമായ ആരോപണവും മെറ്റ നേരിടുന്നുണ്ട്. "Hey Meta" കമാൻഡ് വഴി റെക്കോർഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ എഐ-യെ പരിശീലിപ്പിക്കുന്നതിനായി കമ്പനി ഉപയോഗിക്കുന്നുണ്ട്. സ്വീഡിഷ് മാധ്യമമായ 'സ്വെൻസ്ക ഡാഗ്ബ്ലാഡെറ്റ്' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആളുകളുടെ ലൈംഗിക ജീവിതവും ബാത്ത്റൂം ദൃശ്യങ്ങളും ബാങ്കിങ് വിവരങ്ങളും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ മെറ്റയുടെ കരാർ തൊഴിലാളികൾക്ക് പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാര്യങ്ങൾ കമ്പനിയുടെ സേവന നിബന്ധനകളിൽ (Terms of service) ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഉപയോക്താക്കളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്.
അതേസമയം, സ്മാർട്ട് ഗ്ലാസുകൾ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു എന്ന വിമർശനങ്ങൾ വ്യാപകമാകുന്നുണ്ടെങ്കിലും, ഇവയുടെ വിൽപ്പനയിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഗിസ്‌മോഡോ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, മെറ്റ റേ-ബാൻ ഗ്ലാസുകളുടെ സഹനിർമാതാക്കളായ എസ്സിലർ ലക്സോട്ടിക്കയുടെ (EssilorLuxottica) സ്മാർട്ട് ഗ്ലാസ് വരുമാനം ഈ വർഷം രണ്ടാം പാദത്തിൽ മുൻവർഷത്തേക്കാൾ ഇരട്ടിയോളമായി വർദ്ധിച്ചു. സ്വകാര്യതാ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും, 2025-ൽ മാത്രം മെറ്റാ 70 ലക്ഷം എഐ ഗ്ലാസുകളാണ് വിറ്റഴിച്ചത് എന്നത് ഈ ഉപകരണങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതിയാണ് കാണിക്കുന്നത്.
ഗൂഗിളും സാംസങ്ങും ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നത് സ്മാർട്ട് ഗ്ലാസുകളുടെ വ്യാപനം വർധിപ്പിക്കും. എന്നാൽ, സാങ്കേതികവിദ്യയുടെ ഈ മുന്നേറ്റം കർശനമായ നിയമനിർമാണങ്ങൾക്കും നിയന്ത്രണങ്ങൾക്കും വഴിതുറക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
The use of smart glasses, particularly Meta’s AI-powered Ray-Ban glasses, is raising significant privacy concerns. A recent incident during a protest in Delhi, where a police officer was allegedly seen wearing these glasses, highlighted the potential for non-consensual surveillance. These devices, equipped with hidden cameras and microphones, can covertly record individuals and potentially link to facial recognition software. Despite these alarming privacy risks and reports of misuse—including cheating and exposure of sensitive data by Meta's contractors—the sales of smart glasses continue to surge. As major tech players like Google and Samsung enter the market, the conflict between technological advancement and the fundamental right to privacy is intensifying.