സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടും, വാട്‌സ്ആപ്പ് യൂസര്‍നെയിം ഇന്ത്യയിലില്ല; കേന്ദ്രത്തിന്റെ വിലക്ക്

ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാനായാണ് നമ്പര്‍ മാറി യൂസര്‍നെയിമിലേക്ക് വാട്‌സാപ്പ് അപ്‌ഡേഷന്‍ വന്നതെങ്കിലും അത് സുരക്ഷയേക്കാള്‍ കൂടുതല്‍ വെല്ലുവിളിയായി മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടും, വാട്‌സ്ആപ്പ് യൂസര്‍നെയിം ഇന്ത്യയിലില്ല; കേന്ദ്രത്തിന്റെ വിലക്ക്
Published on

ഫോണ്‍ നമ്പര്‍ പങ്കിടാതെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സഹായിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന് താത്കാലികമായി വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ അപ്‌ഡേഷന്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നീക്കം. നിലവില്‍ വാട്‌സ്ആപ്പില്‍ ഒരാളുമായി ആശയവിനിമയം നടത്താന്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ യൂസര്‍നെയിം സംവിധാനം നിലവില്‍ വന്നാല്‍ ഓരോ ഉപയോക്താവിനും പ്രത്യേക യൂസര്‍നെയിം തിരഞ്ഞെടുക്കാനും അതുപയോഗിച്ച് ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാനും സാധിക്കും. ടെലഗ്രാം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സമാന സംവിധാനങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ട്. സ്വകാര്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെറ്റ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

എന്നാല്‍ അപ്‌ഡേഷന്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയുണ്ടെന്നും കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് രാജ്യത്ത് വലിയ ദുരന്തമായി മാറുമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതാണ് മെറ്റയ്ക്ക് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കാനും താത്കാലികമായി അപ്‌ഡേഷന്‍ തടയുന്നതിലേക്കും കേന്ദ്ര സര്‍ക്കാരിനെ നയിച്ചത്.

പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ വഞ്ചനാകുറ്റങ്ങള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റ് കോളുകള്‍ എന്നിവ വര്‍ധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനോടകം തന്നെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വ്യാപകമാണെന്ന സാഹചര്യത്തില്‍ പുതിയ അപ്‌ഡേഷനും അത്തരം കേസുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍, വ്യാജ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതികള്‍, ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍, കസ്റ്റമര്‍ കെയര്‍ തട്ടിപ്പുകള്‍, ഒടിപി തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവയാണ് സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ചിലത്. ഇത്തരം സംഭവങ്ങളില്‍ പലതും വാട്‌സാപ്പ് വഴിയാണ് നടന്നിട്ടുള്ളതും. ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാനായാണ് നമ്പര്‍ മാറി യൂസര്‍നെയിമിലേക്ക് വാട്‌സാപ്പ് അപ്‌ഡേഷന്‍ വന്നതെങ്കിലും അത് സുരക്ഷയേക്കാള്‍ കൂടുതല്‍ വെല്ലുവിളിയായി മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടും, വാട്‌സ്ആപ്പ് യൂസര്‍നെയിം ഇന്ത്യയിലില്ല; കേന്ദ്രത്തിന്റെ വിലക്ക്
17 ശതമാനത്തില്‍ നിന്ന് ഏഴിലേയ്ക്ക്, ഒബിസി സംവരണ പട്ടിക വെട്ടിച്ചുരുക്കി ബിജെപി സര്‍ക്കാര്‍; പശ്ചിമ ബംഗാളിലെ മുസ്ലിം ഉപജാതികള്‍ പുറത്തേക്ക്

പ്രമുഖ വ്യക്തികളുടെ മുഖം ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിക്കാനും അതുവഴി പണം തട്ടാനുള്ള സാധ്യതയുണ്ടെന്നും കാഴ്ചയില്‍ വെരിഫൈഡ് അക്കൗണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള നിരവധി അണ്‍വേരിഫൈഡ് അക്കൗണ്ടുകള്‍ വര്‍ധിക്കാനിടയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പ്രമുഖ കമ്പനികള്‍ എന്നിവയുടെ പേരിനോട് സാമ്യമുള്ള യൂസര്‍നെയിമുകള്‍ സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പിന് ഇരയാക്കാനുമുള്ള സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പങ്കുവെക്കുന്ന ആശങ്കകള്‍. ഇതിലൂടെ ആളുകള്‍ കബളിക്കപ്പെടാനുള്ള സാധ്യത്യയുണ്ടെന്നുമാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ എടുക്കുന്നതില്‍ മെറ്റ ഇതിനോടകം നിരവധി തവണ പരാജയപ്പെട്ടതാണെന്നും അതിനാല്‍ പുതിയ അപ്‌ഡേഷനും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാാന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്നും പ്രമുഖ യൂറ്റിയൂബറും രാഷ്ട്രീയ നിരീക്ഷകനുമായ ധ്രുവ് റാഠിയും വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ വര്‍ധിച്ചതോടെ മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ യൂസര്‍നെയിമിലേക്ക് മാറുമ്പോള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഫോണ്‍ നമ്പര്‍ മറച്ചുവെച്ച് ആശയവിനിമയം നടത്താന്‍ കഴിയുന്നത് സ്വകാര്യതയുടെ കാര്യത്തില്‍ വലിയൊരു നേട്ടമാണെങ്കിലും ശക്തമായ വെരിഫിക്കേഷന്‍ സംവിധാനങ്ങളും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തി വേഗത്തില്‍ നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും തട്ടിപ്പുകള്‍ തടയാനുള്ള മുന്‍കരുതലുകളും ഇല്ലെങ്കില്‍ ഇന്ത്യ തട്ടിപ്പുകാരുടെ താവളമായി മാറുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Summary

The Central Government has temporarily halted WhatsApp's proposed username feature, citing concerns that it could significantly increase cyber fraud and online scams in India. The feature would allow users to communicate without sharing their phone numbers by using unique usernames, similar to Telegram. While Meta says the update is designed to improve user privacy, cybersecurity experts warn that it could make it easier for fraudsters to create fake identities, impersonate public figures, banks, government agencies, and companies, making scams more difficult to detect.

Madism Digital
madismdigital.com