സൈബര്‍ ആക്രമണങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും വ്യാജ സന്ദേശങ്ങളും മെയിലുകളും നിര്‍മ്മിക്കാനും ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ ഹാക്കിങ് സംഘം എ.ഐ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതായി സൗത്ത് കൊറിയന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ ജിനിയന്‍സിന്റെ വെളിപ്പെടുത്തല്‍. ഉത്തര കൊറിയന്‍ ഭരണകൂടവുമായി ബന്ധമുള്ള 'കിംസുകി' എന്ന ഹാക്കിങ് സംഘമാണ് ഇത്തരം എ.ഐ ഉപകരങ്ങള്‍ ഒരുക്കുന്നത്. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതിനപ്പുറം, മോഷ്ടിച്ച വിവരങ്ങള്‍ വിശകലനം ചെയ്യാനും പുതിയ വൈറസുകള്‍ വികസിപ്പിക്കാനും ആക്രമണങ്ങള്‍ പൂര്‍ണ്ണമായും തനിയെ നടത്താനും സഹായിക്കുന്ന എ.ഐ മാതൃകകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്.
ഒല്ലാമ, ജി.പി.ടി 4 ഓള്‍, എം.എസ്.ടി.വൈ തുടങ്ങിയ പ്രാദേശികമായി പ്രവര്‍ത്തിപ്പിക്കാവുന്ന എ.ഐ പ്ലാറ്റ്ഫോമുകളും വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ആര്‍.എ.ജി സാങ്കേതികവിദ്യയും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിദേശ സെര്‍വറുകളിലേക്ക് വിവരങ്ങള്‍ കൈമാറാതെ തന്നെ സ്വകാര്യ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ ഇത്തരം സംവിധാനങ്ങള്‍ ഹാക്കര്‍മാരെ സഹായിക്കും. ഇതിനുപുറമേ, വോയ്സ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും വാചകങ്ങളാക്കി മാറ്റാനുമുള്ള സോഫ്റ്റ്വെയറുകള്‍, എ.ഐ കോഡിങ് ടൂളായ കര്‍സര്‍, എ.ഐ ഏജന്റ് ഡെവലപ്മെന്റ് ഫ്രെയിംവര്‍ക്കുകള്‍ എന്നിവയും കിംസുകിയുടെ ശൃംഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളെയും ക്രിപ്റ്റോകറന്‍സി നിക്ഷേപകരെയും ലക്ഷ്യമിട്ട്, യഥാര്‍ത്ഥ റിപ്പോര്‍ട്ടുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ രേഖകള്‍ നിര്‍മ്മിക്കാനും ഇവര്‍ എ.ഐ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കണ്ടെത്തലുകള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കിംസുകി ഗ്രൂപ്പ്, സാമ്പത്തിക തട്ടിപ്പുകള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നതിനുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2023-ല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
A South Korean cybersecurity agency, Genians, has reported that the North Korea-linked hacking group Kimsuky is developing AI tools to make cyberattacks easier and create highly convincing fake messages and emails. The tools are reportedly being used not only for phishing but also to analyse stolen data, develop new malware and potentially automate cyberattacks.