

ഹാരി രാജകുമാരൻ, ജെന്നിഫർ ആനിസ്റ്റൺ, കിം കർദാഷിയൻ... സ്മാർട്ട് റിങ്ങുകൾ ധരിക്കുന്ന സെലിബ്രിറ്റികളിൽ പ്രമുഖരാണ് ഇവർ. ഈ സെലിബ്രിറ്റികളുടെ വിരലുകൾക്ക് അലങ്കാരമാകുന്നതിനാൽ ഫിന്നിഷ്-അമേരിക്കൻ വെയറബിൾ കമ്പനിയായ ഔറയുടെ സ്മാർട്ട് റിങ്ങുകളുടെ ജനപ്രീതി അനുദിനം വർധിക്കുകയാണ്. കമ്പനി ഇതുവരെ നൂറ്റി അൻപതിലധികം രാജ്യങ്ങളിലായി 55 ലക്ഷത്തിലധികം സ്മാർട്ട് റിങ്ങുകൾ വിറ്റുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് റിങ്ങായ 'റിങ് 5' അവതരിപ്പിക്കുയാണ് കമ്പനി ഇപ്പോൾ.
മുൻ തലമുറയായ റിങ് 4-നേക്കാൾ 40 ശതമാനം വലിപ്പം കുറഞ്ഞതാണ് റിങ് 5. 2.28 മില്ലിമീറ്റർ മാത്രം കനമുള്ള ഈ റിങ് ആഭരണം പോലെ വിരലിൽ അണിയാം. സ്മാർട്ട് വാച്ചുകളിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെല്ലാം തന്നെ ഈ ചെറിയ മോതിരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഉറക്കം, മാനസിക സമ്മർദ്ദം, ഹൃദയാരോഗ്യം എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാൻ ഇതിനാകും. ജൂൺ നാലു മുതൽ വിപണിയിലെത്തുന്ന ഈ ഉപകരണത്തിന് 399 പൗണ്ട്/യൂറോ/ഡോളർ ആണ് വില.
മുൻ നോക്കിയ, പോളാർ എഞ്ചിനീയർമാരായ പെറ്റേരി ലാഹ്‌തേല, മർക്കു കോസ്‌കെല, കാരി കിവേല എന്നിവർ ചേർന്ന് 2013-ൽ ഫിൻലാൻഡിലെ ഓലുവിൽ സ്ഥാപിച്ച കമ്പനിയാണ് ഔറ ഹെൽത്ത്. 2015-ൽ കിക്ക്‌സ്റ്റാർട്ടർ വഴി 650,000 ഡോളറിലധികം സമാഹരിച്ചാണ് ഇവർ തുടക്കമിട്ടത്. നിലവിൽ 50 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബർമാരുള്ള ഔറയുടെ വരുമാനം രണ്ട് വർഷത്തിനിടെ നാലിരട്ടിയായി വർദ്ധിച്ച് 2025-ൽ നൂറ് കോടി ഡോളറിലെത്തി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന പ്രാഥമിക ഓഹരി വിപണി പ്രവേശനത്തിന് (IPO) മുന്നോടിയായി കമ്പനിയുടെ മൂല്യം ഇപ്പോൾ 1100 കോടി ഡോളറായി ഉയർന്നിട്ടുണ്ട്.
സ്മാർട്ട് വാച്ച് വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ സ്മാർട്ട് റിങ് വിപണി ചെറുതാണെങ്കിലും വളർച്ച അതിവേഗത്തിലാണ്. 2025-ൽ ലോകമെമ്പാടും 40 ലക്ഷം സ്മാർട്ട് റിങ്ങുകൾ വിറ്റഴിച്ചപ്പോൾ സ്മാർട്ട് വാച്ചുകൾ 17.5 കോടിയായിരുന്നു. എന്നാൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രിയങ്കരമായ ഈ മോതിരങ്ങൾ ആപ്പിൾ പോലുള്ള വൻകിട കമ്പനികൾ ശ്രദ്ധിക്കാത്ത വിപണിയിടങ്ങളെയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യനിരീക്ഷണത്തിനായി വലിയ വാച്ചുകൾ ധരിക്കുന്നതിനേക്കാൾ സുഖകരമായി ഉറക്കത്തിൽ പോലും ധരിക്കാമെന്നതാണ് സ്മാർട്ട് റിങ്ങുകളുടെ പ്രധാന ആകർഷണം.
സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുവന്നതാണ് ഔറയുടെ മറ്റൊരു സവിശേഷത. ശരീര താപനിലയിലെ വ്യത്യാസങ്ങൾ, ആർത്തവ ചക്രം, ആർത്തവവിരാമം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. കേവലം വിവരങ്ങൾ ശേഖരിക്കുന്നതിനപ്പുറം, ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളെ മുൻകൂട്ടി പ്രവചിക്കുന്ന 'ഹെൽത്ത് റഡാർ' പോലുള്ള അത്യാധുനിക സോഫ്റ്റ്‌വെയർ ഫീച്ചറുകളും കമ്പനി പുതുതായി അവതരിപ്പിക്കുന്നു.
രക്തസമ്മർദ്ദത്തിലെ വ്യത്യാസങ്ങൾ, ഉറക്കത്തിലെ ശ്വസന തടസ്സങ്ങൾ എന്നിവ തിരിച്ചറിയാൻ ഇത് സഹായിക്കും. കൂടാതെ, നിലവിൽ ആഗോളതലത്തിൽ തരംഗമായ ജിഎൽപി-1 ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്, അവയുടെ ഡോസേജും ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ നിരീക്ഷിക്കാനുള്ള പ്രത്യേക ഫീച്ചറും പുതിയ അപ്‌ഡേറ്റിലൂടെ ഔറ ലഭ്യമാക്കുന്നുണ്ട്.
English Summary: Oura has launched the ultra-thin Ring 5, marketed as the world’s smallest smart ring with advanced health tracking features. The wearable tech company is rapidly expanding ahead of its planned IPO, driven by growing demand for smart health devices.