

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗത്തിലുള്ള വളർച്ച വലിയ സാമ്പത്തിക വെല്ലുവിളിക്കും തൊഴിൽ മേഖലയിൽ വലിയ അനിശ്ചിതത്വങ്ങളിലേക്കും നയിക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക വിദഗ്ധർ, എ ഐ ഗവേഷകർ, വ്യവസായ പ്രമുഖർ ഉൾപ്പെട്ട വിശാല കൂട്ടായ്മയാണ് വരും കാലം വലിയ വെല്ലുവിളിയാകുമെന്ന് തുറന്ന കത്തിലൂടെ വിവിധ സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഓപ്പൺ എഐ, ആന്ത്രോപിക്, ഗൂഗിൾ എന്നിവയിലെ ഗവേഷകരും 15 നോബൽ സമ്മാന ജേതാക്കളും ഉൾപ്പടെ 200ലധികം പേരാണ് ഒപ്പുവെച്ചത്. സമൂഹത്തിൽ എഐ കൊണ്ടുവരാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് സമ്പദ്വ്യവസ്ഥയെ സജ്ജമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
സമയം കുറയുകയാണെന്ന് വിദഗ്ധർ
വൈദ്യുതി, കമ്പ്യൂട്ടർ എന്നിവയുമായി പൊരുത്തപ്പെടാൻ ആളുകൾ പതിറ്റാണ്ടുകളോളം സമയമെടുത്തെന്നും എന്നാൽ എഐ ചുരുങ്ങിയ സമയം കൊണ്ട് നിയന്ത്രണം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ ഒപ്പുവെച്ച വിദഗ്ധർ പറയുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങൾ സമൂഹത്തിൽ പ്രതിഫലിച്ച് തുടങ്ങുന്നത് വരെ സർക്കാരുകൾ കാത്തിരിക്കരുതെന്നും കത്തിൽ കൂട്ടിച്ചേർത്തു. പകരം, ഉൽപ്പാദനക്ഷമത, തൊഴിൽ എന്നിവയിൽ എഐയുടെ ദീർഘകാല സ്വാധീനം നന്നായി മനസ്സിലാക്കുന്നതിനും അവ നിയന്ത്രിക്കാൻ കഴിയുന്ന നയങ്ങൾ രൂപീകരിക്കാനുള്ള ഗവേഷണത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നൊബേൽ സമ്മാന ജേതാക്കളായ മൈക്കൽ സ്പെൻസ്, ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സാമ്പത്തിക വിദഗ്ധരും ഈ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്. എഐയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധ നൽകണമെന്ന വർധിച്ചു വരുന്ന അഭിപ്രായത്തെ അടിവരയിടുന്നതാണ് ഈ പ്രസ്താവന.
പ്രത്യേക നിയന്ത്രണങ്ങൾ നിർദേശിക്കുന്നില്ലെങ്കിലും വലിയ തോതിലുള്ള സാമ്പത്തിക മാറ്റങ്ങൾ നിയന്തിക്കാൻ കഴിയുന്ന സ്ഥാപനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കത്തിൽ ഊന്നിപ്പറയുന്നു. സര്‍ക്കാരുകള്‍ ഉചിതമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ, എഐ അധിഷ്ഠിത ഓട്ടോമേഷൻ തൊഴിലവസരങ്ങൾ ഗണ്യമായി വർധിക്കുകയും അത് തൊഴിൽ മേഖലിയിൽ വലിയ മാറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
സോഫ്റ്റ്‌വെയർ വികസനം, ഉപഭോക്തൃ സേവനം, ഗവേഷണം, ഓഫീസ് ജോലികൾ എന്നിവയിലുടനീളം എഐ സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പ്രമുഖരുടെ ഇടപെടൽ വരുന്നത്. ഇത് സാങ്കേതികവിദ്യ തൊഴിൽ വിപണികളെ എത്ര വേഗത്തിൽ മാറ്റുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടുന്നതാണ്.
More than 200 economists and AI experts have warned that artificial intelligence could transform the job market faster than the Industrial Revolution, leaving millions of workers unprepared. In an open letter, they urged governments, businesses, and educational institutions to act quickly to help workers adapt to rapid technological change. The experts argue that AI is advancing at an unprecedented pace, automating both routine and skilled tasks across multiple industries. Without timely investment in reskilling, education, and social safety measures, they warn that job displacement and economic inequality could increase significantly.