

സ്വന്തമായി എഐ ചിപ്പ് വികസിപ്പിക്കാനുള്ള ഓപ്പൺ എഐയുടെ നീക്കം എൻവിഡിയയ്ക്ക് വെല്ലുവിളിയാകുമെന്ന റിപ്പോർട്ടുകൾക്കിടെ, ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്. എഐ ഹാർഡ്‌വേർ രംഗത്തെ പതിറ്റാണ്ടുകളുടെ പരിചയവും വൻതോതിലുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശേഷിയും എൻവിഡിയയ്ക്ക് ശക്തമായ മേൽക്കൈ നൽകുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹുവാങ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ ഉപഭോക്താക്കളിൽ ഒരാൾ തന്നെ എൻവിഡിയയുമായി മത്സരിക്കാവുന്ന ചിപ്പ് വികസിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നില്ലേയെന്ന ചോദ്യത്തിന്, ഇത്തരത്തിലുള്ള മത്സരങ്ങൾ പുതിയ കാര്യമല്ലെന്നായിരുന്നു ഹുവാങ്ങിന്റെ മറുപടി. നിരവധി എക്സ്‌പിയു ചിപ്പുകൾ വിപണിയിൽ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും, ഉയർന്ന നിലവാരത്തിലുള്ള ചിപ്പുകളും അവയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുക എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 33 വർഷമായി എൻവിഡിയ ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഹുവാങ് ചൂണ്ടിക്കാട്ടി.
വൻതോതിൽ സാങ്കേതികവിദ്യ വികസിപ്പിക്കാനും പ്രമുഖ എഐ കമ്പനികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുമുള്ള കഴിവാണ് എൻവിഡിയയുടെ പ്രധാന ശക്തിയെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പുതിയ മത്സരങ്ങളെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും, തങ്ങളുടെ സാങ്കേതികവിദ്യയിലും വിപണിയിലെ മുന്നേറ്റത്തിലും കമ്പനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും ഹുവാങ് വ്യക്തമാക്കി.
എഐ ചിപ്പുകൾക്കായി എൻവിഡിയയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ ഓപ്പൺ എഐ ഉൾപ്പെടെയുള്ള പ്രമുഖ എഐ കമ്പനികൾ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രതികരണം.
ഓപ്പൺ എഐയുടെ ‘ഹാലപെന്യോ’ ചിപ്പ്
സെമികണ്ടക്ടർ കമ്പനിയായ ബ്രോഡ്കോമുമായി സഹകരിച്ചാണ് ഓപ്പൺ എഐ സ്വന്തമായി എഐ ചിപ്പ് വികസിപ്പിക്കുന്നത്. ‘ഹാലപെന്യോ’ (Jalapeño) എന്ന് പേരിട്ടിരിക്കുന്ന ചിപ്പ് ഓപ്പൺ എഐയുടെ സ്വന്തം എഐ മോഡലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്നതാണ്.
എഐ മോഡലുകൾക്ക് ലഭിക്കുന്ന നിർദേശങ്ങൾ പ്രോസസ് ചെയ്ത് ഉപയോക്താക്കൾക്ക് മറുപടി നൽകുന്ന ഇൻഫറൻസ് പ്രവർത്തനങ്ങൾക്കാണ് ചിപ്പ് പ്രധാനമായും ഉപയോഗിക്കുക. മികച്ച പ്രകടനത്തിനൊപ്പം കൂടുതൽ ഊർജക്ഷമതയും ലക്ഷ്യമിടുന്ന ചിപ്പ്, ഭാവിയിൽ എഐ മോഡലുകളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സ്വന്തം ചിപ്പ് വികസിപ്പിക്കുന്നതിലൂടെ എൻവിഡിയ പോലുള്ള പുറം വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും എഐ അടിസ്ഥാനസൗകര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനുമാണ് ഓപ്പൺ എഐ ലക്ഷ്യമിടുന്നത്.
OpenAI’s plans to develop its own ‘Halapenyo’ AI chip do not pose a concern for Nvidia, CEO Jensen Huang has said. Speaking to CNBC, Huang said Nvidia’s advantage lies in its 33 years of experience in AI hardware, along with its ability to develop advanced technologies and large-scale infrastructure. He also said that new competition should not be taken personally