നാല് തവണ ഭൂമിയെ ചുറ്റി, 22 മണിക്കൂറിലേറെ നീണ്ട യാത്ര; സ്റ്റാർഷിപ്പിനെ തിരിച്ചിറക്കി ചരിത്രമായി സ്പേസ് എക്സ്

പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് വികസിപ്പിക്കുക എന്ന സ്പേസ് എക്സിന്റെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിത്
നാല് തവണ ഭൂമിയെ ചുറ്റി, 22 മണിക്കൂറിലേറെ നീണ്ട യാത്ര;  സ്റ്റാർഷിപ്പിനെ തിരിച്ചിറക്കി ചരിത്രമായി സ്പേസ് എക്സ്
Published on: 

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് നിർണായക മുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. 22 മണിക്കൂറിലേറെ നീണ്ട പരീക്ഷണ യാത്ര പൂർത്തിയാക്കി സ്റ്റാർഷിപ്പ് പേടകത്തെ വിജയകരമായി ഭൂമിയിലെത്തിച്ചു. ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലെ പ്രത്യേക പാഡിലേക്ക് തിരിച്ചെത്തിയ പേടകത്തെ മെക്കാസില്ല എന്നറിയപ്പെടുന്ന ഭീമൻ യന്ത്രക്കൈകൾ ഉപയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു. പൂർണമായും പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് വികസിപ്പിക്കുക എന്ന സ്പേസ് എക്സിന്റെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണിത്.

ഏകദേശം 52 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് 14 തവണ ഭൂമിയെ ചുറ്റിയ ശേഷമാണ് വിക്ഷേപണ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയത്. നവംബർ 14ന് ഇന്ത്യൻ സമയം പുലർച്ചെ 4.17നായിരുന്നു സ്റ്റാർഷിപ്പിന്റെ പതിനഞ്ചാമത്തെ പരീക്ഷണ വിക്ഷേപണം. ബഹിരാകാശ യാത്രയ്ക്കുശേഷം പേടകങ്ങളെ ഭൂമിയിൽ തിരിച്ചിറക്കുന്നത് സാധാരണമാണ്. എന്നാൽ, ഒരു ഭീമൻ റോക്കറ്റിനെ ഭ്രമണപഥത്തിലേക്ക് അയച്ച് അതേ വിക്ഷേപണ കേന്ദ്രത്തിൽത്തന്നെ തിരിച്ചെത്തിച്ച് വീണ്ടെടുക്കുകയെന്നത് അതീവ സങ്കീർണമായ സാങ്കേതിക ദൗത്യമാണ്.

സൂപ്പർ ഹെവി ബൂസ്റ്ററും സ്റ്റാർഷിപ്പ് പേടകവും ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. വിക്ഷേപണത്തിനുശേഷം ആദ്യഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്ററിനെ ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിച്ച് യന്ത്രക്കൈകൾ ഉപയോഗിച്ച് പിടിക്കാനായിരുന്നു പദ്ധതി. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഈ ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചു. വിക്ഷേപണം കഴിഞ്ഞ് ഏകദേശം ആറര മിനിറ്റിനുശേഷം ബൂസ്റ്റർ കടലിൽ പതിച്ചു.

അതേസമയം, രണ്ടാം ഘട്ടമായ സ്റ്റാർഷിപ്പ് ദൗത്യം തുടർന്നു. ബഹിരാകാശത്തെത്തിയ പേടകം 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിന്യസിച്ചു. തുടർന്ന് ഏകദേശം 22 മണിക്കൂറും 32 മിനിറ്റും നീണ്ട യാത്ര പൂർത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോഴുണ്ടാകുന്ന അതിശക്തമായ ചൂടിനെ അതിജീവിക്കുകയും വേഗത നിയന്ത്രിച്ച് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുക എന്നതായിരുന്നു ദൗത്യത്തിലെ പ്രധാന വെല്ലുവിളികൾ.

ഈ നിർണായക ഘട്ടങ്ങളെല്ലാം വിജയകരമായി മറികടന്ന സ്റ്റാർഷിപ്പിനെ സ്റ്റാർബേസിലെത്തിയതോടെ മെക്കാസില്ലയുടെ കൂറ്റൻ യന്ത്രക്കൈകൾ സുരക്ഷിതമായി പിടിച്ചെടുത്തു. ഒരു ബഹിരാകാശ പേടകത്തെ വിക്ഷേപിച്ചശേഷം അതേ സംവിധാനത്തിലൂടെ തിരിച്ചുപിടിക്കാനുള്ള സ്പേസ് എക്സിന്റെ ശ്രമത്തിൽ ഇത് വലിയ നേട്ടമാണ്.

നിരവധി പരീക്ഷണങ്ങളും പരാജയങ്ങളും റോക്കറ്റ് പൊട്ടിത്തെറികളും പിന്നിട്ടാണ് കമ്പനി ഈ ഘട്ടത്തിലെത്തിയത്. എന്നാൽ, സമ്പൂർണ പുനരുപയോഗ സംവിധാനം യാഥാർഥ്യമാകാൻ ഇനിയും കടമ്പകളുണ്ട്. അടുത്ത ഘട്ടത്തിൽ സൂപ്പർ ഹെവി ബൂസ്റ്ററിനെയും സ്റ്റാർഷിപ്പിനെയും ഒരുപോലെ സുരക്ഷിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിനുപിന്നാലെ തുടർച്ചയായ വിക്ഷേപണങ്ങൾ, ബഹിരാകാശത്ത് വച്ച് രണ്ട് സ്റ്റാർഷിപ്പുകൾ തമ്മിൽ ബന്ധിപ്പിച്ച് ഇന്ധനം കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്നിവയും പരീക്ഷിക്കേണ്ടതുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ യാത്രകൾക്ക് വഴിയൊരുക്കുക എന്നതാണ് സ്റ്റാർഷിപ്പ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളിലും ഈ റോക്കറ്റിന് നിർണായക പങ്കുണ്ട്. മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാനുള്ള പദ്ധതിയിൽ ലാൻഡറായി ഉപയോഗിക്കാൻ പരിഗണിക്കുന്നത് സ്റ്റാർഷിപ്പിന്റെ പ്രത്യേക പതിപ്പാണ്. അതുകൊണ്ടുതന്നെ സ്പേസ് എക്സിന്റെ പുതിയ പരീക്ഷണവിജയം നാസയുടെ ചാന്ദ്രദൗത്യങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ്.