ആപ്പും വേണ്ട അക്കൗണ്ടും വേണ്ട; വാട്ട്‌സ്ആപ്പിൽ കോളുകൾ ചെയ്യാൻ പുതിയ ഫീച്ചർ

പുതിയ ഗസ്റ്റ് കോളിങ് ഫീച്ചർ ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പുകളിൽ ഘട്ടംഘട്ടമായി ലഭ്യമാക്കുകയാണ്
ആപ്പും വേണ്ട അക്കൗണ്ടും വേണ്ട; വാട്ട്‌സ്ആപ്പിൽ കോളുകൾ ചെയ്യാൻ പുതിയ ഫീച്ചർ
Published on: 

വാട്ട്‌സ്ആപ്പ് അക്കൗണ്ടോ ഫോണിൽ ആപ്പോ ഇല്ലാത്തവർക്കും ഇനി വാട്ട്‌സ്ആപ്പ് മീറ്റിങ്ങുകളിലും കോളുകളിലും പങ്കെടുക്കാൻ അവസരമൊരുങ്ങുന്നു. വാട്ട്‌സ്ആപ്പ് പുതിയതായി അവതരിപ്പിക്കുന്ന 'ഗസ്റ്റ് കോളിങ്' ഫീച്ചറിലൂടെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കോൾ ലിങ്ക് വഴി മറ്റുള്ളവരെ ക്ഷണിക്കാവുന്ന സംവിധാനത്തിലൂടെ വാട്സ്ആപ്പ് ഉപയോഗിക്കാത്തവർക്കും പ്ലാറ്റ്‌ഫോമിന്റെ കോളിങ് സേവനം പ്രയോജനപ്പെടുത്താം.

സൗജന്യമായി ലഭിക്കുന്ന കോളുകൾക്ക് സമയപരിധിയില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയും ഉറപ്പുനൽകുന്നുണ്ട്. ഔദ്യോഗിക മീറ്റിങ്ങുകൾ, ഓൺലൈൻ ക്ലാസുകൾ, അതുപോലെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത സാഹചര്യങ്ങൾ എന്നിവയ്ക്ക് ഈ ഗസ്റ്റ് കോളിങ് ഫീച്ചർ വളരെ ഉപകാരപ്രദമാകും.

എങ്ങനെ ഗസ്റ്റ് കോൾ ചെയ്യാം?

വാട്സ്ആപ്പിലെ കോൾസ് ടാബിൽ പ്രവേശിച്ച് പ്ലസ് (+) ചിഹ്നത്തിൽ ടാപ്പ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് കോൾ ലിങ്ക് സൃഷ്ടിച്ച് പങ്കെടുക്കേണ്ടവർക്ക് അയച്ചുനൽകാം. ലിങ്ക് ലഭിക്കുന്നവർക്ക് ബ്രൗസറിൽ ഓപ്പൺ ചെയ്ത് സ്വന്തം പേര് മാത്രം നൽകി കോളിൽ ചേരാനുള്ള അപേക്ഷ നൽകാം. എന്നാൽ ഇത് സ്വയമേവ കണക്ട് ആകില്ല. ഇതിനായി വാട്ട്‌സ്ആപ്പ് ഒരു വെയിറ്റിങ് റൂം സജ്ജീകരിച്ചിട്ടുണ്ട്. ലിങ്ക് നിർമ്മിച്ച വ്യക്തി ഈ അപേക്ഷ അംഗീകരിക്കുന്നതോടെ മാത്രമേ ഗസ്റ്റിന് കോളിൽ പങ്കെടുക്കാനാകൂ. നിലവിൽ വാട്സ്ആപ്പ് അക്കൗണ്ടുള്ളവർക്ക് മാത്രമേ കോൾ ലിങ്ക് സൃഷ്ടിക്കാൻ കഴിയൂ. ആവശ്യമെങ്കിൽ ഇവരെ കോളിൽ നിന്ന് പുറത്താക്കാനുള്ള അധികാരവും ഹോസ്റ്റിന് ഉണ്ടായിരിക്കും.

ആപ്പും വേണ്ട അക്കൗണ്ടും വേണ്ട; വാട്ട്‌സ്ആപ്പിൽ കോളുകൾ ചെയ്യാൻ പുതിയ ഫീച്ചർ
'സീറോ-ക്ലിക്ക്' സ്‌പൈവെയറുകള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളെ ആയുധങ്ങളാകുന്നു, ക്ലിക്ക് ചെയ്യാതെയും ഫോണ്‍ ചോര്‍ത്താം; മുന്നറിയിപ്പുമായി സിറ്റിസണ്‍ ലാബ്

കോളിനിടെ സ്ക്രീൻ പങ്കുവെച്ച് രേഖകളും മറ്റ് വിവരങ്ങളും പരിശോധിക്കാം. തംബ്സ് അപ്പ്, ഹാർട്ട് തുടങ്ങിയ ഇമോജികൾ ഉപയോഗിച്ച് പ്രതികരിക്കാനും സംസാരിക്കാൻ അവസരം തേടി കൈ ഉയർത്താനും സാധിക്കും. ഇതിലൂടെ ഓൺലൈൻ മീറ്റിങ്ങുകളിൽ ആശയവിനിമയം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യം.

ഗ്രൂപ്പ് കോളുകളിലും വൺ-ടു-വൺ കോളുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ ഫീച്ചറിൽ പരമാവധി 32 പേർക്ക് വരെ ഒരേസമയം പങ്കെടുക്കാം. എന്നാൽ മറ്റ് അംഗങ്ങളുടെ ഫോൺ നമ്പർ കാണാനോ, ടെക്സ്റ്റ് മെസ്സേജുകൾ അയക്കാനോ, പുതിയ ആളുകളെ കോളിലേക്ക് ആഡ് ചെയ്യാനോ അക്കൗണ്ട് ഇല്ലാത്ത ഗസ്റ്റുകൾക്ക് സാധിക്കില്ല.

ഘട്ടംഘട്ടമായി ലഭ്യമാക്കുന്നു

പുതിയ ഗസ്റ്റ് കോളിങ് ഫീച്ചർ ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പുകളിൽ ഘട്ടംഘട്ടമായി ലഭ്യമാക്കുകയാണ്. അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഈ ഓപ്ഷൻ ലഭിച്ചേക്കില്ല. കോളുകളിൽ പങ്കെടുക്കാൻ അക്കൗണ്ട് നിർബന്ധമാക്കുന്ന പരമ്പരാഗത രീതിയിൽനിന്ന് മാറി, ലിങ്ക് വഴി കൂടുതൽ ആളുകളിലേക്ക് എത്താനുള്ള ശ്രമമാണ് വാട്സ്ആപ്പ് നടത്തുന്നത്. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ഓൺലൈൻ മീറ്റിങ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കുന്നതിനും പുതിയ സംവിധാനം സഹായകമായേക്കും. ഫീച്ചർ ലഭ്യമല്ലെങ്കിൽ വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത് പരിശോധിക്കാം.

Summary

WhatsApp has introduced a guest calling feature that allows people to join free, end-to-end encrypted voice and video calls without installing the app or creating an account. Users can share call links with guests, with up to 32 participants allowed in a call. Guests must receive the host’s approval to join and cannot view other participants’ phone numbers or send messages. WhatsApp also plans to integrate calling with Google Calendar and Outlook later this year. The feature is being rolled out gradually.

Madism Digital
madismdigital.com