വാട്സ്ആപ്പിന്റെ അസാധാരണ നടപടി; ഇന്ത്യയിൽ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി

ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങളുടെ ഭാ​ഗമായാണ് അക്കൗണ്ടുകൾ താൽക്കാലികമായി നിയന്ത്രിച്ചതെന്നും തെറ്റായ നടപടി സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും മെറ്റ അറിയിച്ചു
വാട്സ്ആപ്പിന്റെ അസാധാരണ നടപടി; ഇന്ത്യയിൽ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി
Published on

ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ ദിവസേന ആശയവിനിമയത്തിനായി ഉപയോ​ഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ ഇന്ത്യയിലെ നിരവധി ആളുകളുടെ വാട്സ്ആപ്പ് അക്കൗണ്ട് തിങ്കളാഴ്ച താൽക്കാലികമായി തടയപ്പെട്ടു.

മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് നിരവധിപേരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. മെസേജ് അയക്കാനോ കോൾ ചെയ്യാനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് വാട്സ്ആപ്പിനെതിരെ ഉയർന്നത്.

ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾക്ക് അക്കൗണ്ടുകൾ വിധേയമായതിന് പിന്നാലെയാണ് ചിലർക്ക് വാട്സ്ആപ്പ് സേവനങ്ങൾ താൽക്കാലികമായി തടസപ്പെട്ടത്. വാട്സ്ആപ്പിന്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനക്കായാണ് അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തതെന്നാണ് ലോ​ഗിൻ സമയത്ത് ഉപയോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശം.

വാട്സ്ആപ്പിന്റെ അസാധാരണ നടപടി; ഇന്ത്യയിൽ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി
പാസ്പോര്‍ട്ട് മുതല്‍ ഗ്യാസ് ബില്‍ വരെ, ഇന്ത്യക്കാരും നിരീക്ഷണത്തില്‍; ചൈനയിലെ ക്യാമറകള്‍ വിദേശികളുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നത് എങ്ങനെ?

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അക്കൗണ്ട് പരിശോധനക്ക് വിധേയമാക്കിയതെന്നും പിന്നീട് താൽക്കാലികമായി വിലക്കിയതെന്നും നിരവധിപേർ പരാതിപ്പെട്ടു. തങ്ങൾ വാട്സ്ആപ്പിന്റെ ഔദ്യോഗിക പതിപ്പാണ് ഉപയോഗിക്കുന്നതെന്നും അസാധാരണമായ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾക്ക്, അവരുടെ അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്ന സന്ദേശമാണ് ലഭിച്ചത്. ഉപയോക്താക്കളുടെ പ്രവർത്തനങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച് വാട്സ്ആപ്പിന്റെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണെന്നും 24 മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി തീരുമാനം അറിയിക്കുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

അതേസമയം, അക്കൗണ്ട് ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോ​ഗിക്കാമെന്നതിനെ കുറിച്ചും വ്യാജ അക്കൗണ്ടുകളെ കുറിച്ച് കൂടുതൽ അറിയാനുള്ള സഹായ ലിങ്കുകളും വാട്സ്ആപ്പ് അവരുടെ സന്ദേശത്തിൽ പങ്കുവെച്ചിട്ടുണ്ട്.

വാട്സ്ആപ്പിന്റെ അസാധാരണ നടപടി; ഇന്ത്യയിൽ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പരാതി
സുരക്ഷാ ആശങ്ക, ഉപഗ്രഹ ചിത്രങ്ങളിലും എഐ കൃത്രിമം; പുതിയ 'എര്‍ത്ത് എഐ' ടൂള്‍ പിന്‍വലിച്ച് ഗൂഗിള്‍

അതിനിടെ, പരാതികൾ ശരിവെച്ച് മെറ്റ രം​ഗത്തെത്തി. സേവനങ്ങൾ ദുരുപയോ​ഗം ചെയ്യാൻ ശ്രമിക്കുന്ന അക്കൗണ്ടുകളെ കണ്ടെത്തി മറ്റ് ഉപയോക്താക്കളെ വഞ്ചനയിൽ നിന്ന് സുരക്ഷിതമാക്കാനുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോ​ഗിച്ചതായി മെറ്റ സ്ഥിരീകരിച്ചു. ആപ്പിന്റെ ഭാ​ഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കുമെന്നും മെറ്റ അറിയിച്ചു. എന്നാൽ പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമാണോ അതോ മറ്റ് രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടോ എന്നതിൽ കമ്പനി വിശദീകരണം നൽകിയിട്ടില്ല.

നിരവധി പേരാണ് കഴിഞ്ഞ ദിവസം റിവ്യൂ പേജിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കൊണ്ട് സഹായം അഭ്യർഥിച്ചത്. വ്യക്തി​ഗത ആവശ്യത്തിനപ്പുറം ജോലിയെയും ബിസിനസിനെയും സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും താൽക്കാലിക നിയന്ത്രണം ബാധിച്ചെന്ന് നിരവധിപേർ പരാതിപ്പെട്ടു. അതിനിടെ, പരാതിപ്പെട്ടതിന് പിന്നാലെ ചിലർക്ക് വാട്സ്ആപ്പ് അക്കൗണ്ടുകൾ തിരികെ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

സ്പാം, ബൾക്ക് മെസേജിങ്, മറ്റ് നയലംഘനങ്ങൾ എന്നിവ കണ്ടെത്താൻ വാട്ട്‌സ്ആപ്പ് ദീർഘകാലമായി ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നിയമാനുസൃത അക്കൗണ്ടുകൾ പോലും ചില സമയങ്ങളിൽ റിവ്യൂവിന് വിധേയമാക്കാറുണ്ട്. എത്ര ഉപയോക്താക്കളെ പ്രശ്നം ബാധിച്ചുവെന്നോ, റിപ്പോർട്ടുകൾ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതാണോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക കണക്കുകളില്ല. ഈ അനിശ്ചിതത്വം വാട്സ്ആപ്പിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Madism Digital
madismdigital.com