

ക്രിയേറ്റർ റവന്യൂ ഷെയറിങ് പദ്ധതി നിർത്തലാക്കി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ടെക് ഭീമൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്, റെവന്യൂ ഷെയറിങ്ങിന് പകരം പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. കൂടുതൽ കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും ഒറിജിനൽ കണ്ടമന്റിന് കൂടുതൽ പ്രാധാന്യം നൽകുന്നതുമാണ് പുതിയ പദ്ധതി. 2026 ഓഗസ്റ്റ് 7 മുതൽ എക്‌സ് പുതിയ ക്രിയേറ്റർമാരെ റവന്യൂ ഷെയറിങ് പദ്ധതിയിൽ ചേർക്കുന്നത് നിർത്തിയിരുന്നു. 2026 സെപ്റ്റംബർ 7ന് നിലവിലെ പദ്ധതി പൂർണമായും നിർത്തലാക്കും.
എന്നാൽ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ക്രിയേറ്റർമാർക്ക് ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ല. സെപ്റ്റംബർ 7 വരെ അവർക്ക് വരുമാനം ലഭിച്ചുകൊണ്ടിരിക്കും. തുടർന്ന് മൂന്നു അവസാന പേയ്മെന്റുകൾ ലഭിക്കും. ഓഗസ്റ്റ് 14 നും ഓഗസ്റ്റ് 28നും ഓരോ പേയ്മെന്റും. സെപ്റ്റംബർ 7 വരെ ലഭിച്ച വരുമാനത്തിന്റെ അവസാന പേയ്മെന്റ് സെപ്റ്റംബർ 11ഓടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സെപ്റ്റംബർ എട്ട് മുതൽ നിലവിലെ റവന്യൂ ഷെയറിങ് പദ്ധതിയിലെ അംഗങ്ങൾക്ക് എക്‌സിന്റെ പുതിയ ഒറിജിനൽ കണ്ടന്റ് റിവാർഡ്സ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിച്ചുതുടങ്ങും. ക്രിയേറ്റർമാർക്ക് പ്രതിഫലം നൽകുന്ന രീതിയിലാണ് പ്രധാന മാറ്റം. നിലവാരമുള്ള ഒറിജിനൽ ഉള്ളടക്കത്തിനാണ് പുതിയ പദ്ധതി പ്രത്യേകമായി പ്രതിഫലം നൽകുക. പോസ്റ്റ്, ലേഖനം, വീഡിയോ, ഫോട്ടോ തുടങ്ങി വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇതിൽ ഉൾപ്പെടും.
സ്വന്തം ശബ്ദം, വൈദഗ്ധ്യം, കാഴ്ചപ്പാട്, സർഗാത്മകത എന്നിവ പ്രതിഫലിക്കുന്ന ഉള്ളടക്കങ്ങൾക്ക് അർഹതയുണ്ടാകുമെന്ന് എക്‌സ് വ്യക്തമാക്കി. അതായത്, വാർത്തകളെയോ സാംസ്കാരിക സംഭവങ്ങളെയോ കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങൾ, വിശകലനങ്ങൾ, പ്രതികരണങ്ങൾ എന്നിവയും അതിൽ പുതിയതായി എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടെങ്കിൽ ഒറിജിനൽ കണ്ടന്റായി പരിഗണിക്കും. എന്നാൽ മറ്റൊരാളുടെ ഉള്ളടക്കം അതേപടി റീപോസ്റ്റ് ചെയ്യുന്നതിന് പ്രതിഫലം ലഭിക്കില്ല. മറ്റുള്ളവരുടെ പോസ്റ്റുകൾ, വീഡിയോകൾ, ചിത്രങ്ങൾ എന്നിവ പകർത്തിയുള്ള ഉള്ളടക്കം, ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയ കണ്ടന്റ്, വിവിധ ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കം കൂട്ടിച്ചേർത്തത്, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് എടുത്ത് മറ്റൊരാൾ എക്‌സിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ എന്നിവയും പേയ്മെന്റിന് അർഹമായിരിക്കില്ല. പുതിയ പദ്ധതിയിൽ ക്രിയേറ്റർമാർക്ക് കർശനമായ യോഗ്യതാ മാനദണ്ഡങ്ങളാണ് എക്‌സ് ഏർപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷിക്കാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട യോഗ്യതകൾ
18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം
എക്‌സ് അക്കൗണ്ട് നല്ല നിലയിലുള്ളതായിരിക്കണം
പെര്‍സണല്‍ അക്കൗണ്ട് അല്ലെങ്കിൽ ബിസ്നസ്
അക്കൗണ്ട് ഉണ്ടായിരിക്കണം
അക്ടീവ് എക്സ് പ്രീമിയം, പ്രീമിയം പ്ലസ് അല്ലെങ്കിൽ പ്രീമിയം ബിസിനസ് സബ്‌സ്‌ക്രിപ്ഷൻ ഉണ്ടായിരിക്കണം
കഴിഞ്ഞ 90 ദിവസത്തിനിടെ വെരിഫൈഡ് ഉപയോക്താക്കളിൽനിന്ന് കുറഞ്ഞത് 5 ലക്ഷം ഹോം ടൈംലൈന്‍ ഇംപ്രഷനുകൾ ലഭിച്ചിരിക്കണം
കുറഞ്ഞത് 500 വെരിഫൈഡ് ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം
സ്ഥിരമായി ഒറിജിനൽ ഉള്ളടക്കം പോസ്റ്റ് ചെയ്യണം
രാഷ്ട്രീയ പാർട്ടികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകൾക്ക് ഈ പദ്ധതിയിൽ അർഹതയുണ്ടാകില്ല
ഈ യോഗ്യതകളെല്ലാം പാലിച്ചാലും പുതിയ പദ്ധതിയിൽ അംഗത്വം ലഭിക്കുമെന്ന് ഉറപ്പില്ലെന്നും എക്‌സ് വ്യക്തമാക്കുന്നു. യോഗ്യത നേടുന്ന ക്രിയേറ്റർമാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിച്ച ശേഷം മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എക്‌സ് മറുപടി നൽകുമെന്നും കമ്പനി അറിയിച്ചു.
ക്രിയേറ്റർമാരുടെ ഒറിജിനൽ കണ്ടന്റിന് ലഭിക്കുന്ന യോഗ്യമായ ഇംപ്രഷനുകളുടെ അടിസ്ഥാനത്തിലായിരിക്കും പുതിയ എക്‌സ് മോണിറ്റൈസേഷൻ പദ്ധതിയിൽ അർഹരായവർക്ക് പ്രതിഫലം നൽകുക. യോഗ്യമായ ഇംപ്രഷൻ എന്നത്, എക്‌സ് പ്രീമിയം സബ്‌സ്‌ക്രൈബർ ഒരു പോസ്റ്റ് Home Timeline-ൽ കാണുമ്പോൾ, ആ പോസ്റ്റിന്റെ കുറഞ്ഞത് 50 ശതമാനം സ്ക്രീനിൽ ദൃശ്യമായിരിക്കുന്ന സാഹചര്യത്തിൽ ലഭിക്കുന്ന വ്യത്യസ്തമായ ഒരു ഇംപ്രഷനെയാണ് സൂചിപ്പിക്കുന്നത്.
ഒരു പോസ്റ്റിന് ഒരേ അക്കൗണ്ടിൽനിന്ന് ആവർത്തിച്ച് ലഭിക്കുന്ന ഇംപ്രഷനുകൾ എക്‌സ് കണക്കാക്കില്ല. കൂടാതെ പണം നൽകി നേടിയതോ പ്രമോട്ട് ചെയ്തതോ ആയ ഇംപ്രഷനുകൾ, കൃത്രിമമായി സൃഷ്ടിച്ച ഇംപ്രഷനുകൾ, തട്ടിപ്പിലൂടെ നേടിയ ഇംപ്രഷനുകൾ എന്നിവയും പരിഗണിക്കില്ല.
ക്രിയേറ്ററും അവരുടെ ഉള്ളടക്കവും എക്‌സിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കുന്നിടത്തോളം, രണ്ടാഴ്ച കൂടുമ്പോൾ പേയ്മെന്റ് ലഭിക്കും. പകർത്തിയതോ എഐ ഉപയോഗിച്ച് നിര്‍മിച്ചതോ ആയ സ്പാം ഉള്ളടക്കത്തിന് പണം ലഭിക്കില്ല.
ഉള്ളടക്കം പകർത്തി വീണ്ടും പോസ്റ്റ് ചെയ്യുകയോ മോണിറ്റൈസേഷൻ സംവിധാനം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് എക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. കോപ്പി ചെയ്തതോ വലിയ തോതിൽ പുനർനിർമിച്ചതോ, ഓട്ടോമാറ്റിക്കായി സൃഷ്ടിച്ചതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, എക്‌സിന്റെ നിയമങ്ങൾ ലംഘിക്കുന്നതോ ആയ ഉള്ളടക്കങ്ങൾക്കും പേയ്മെന്റ് ലഭിക്കില്ല. കമ്മ്യൂണിറ്റി ലഭിച്ചിട്ടുള്ള ഉള്ളടക്കവും പേയ്മെന്റിൽനിന്ന് ഒഴിവാക്കപ്പെടാം.
ലൈക്കുകൾ, ഫോളോവേഴ്‌സ്, വ്യൂസ്, കമന്റുകൾ, ഷെയറുകൾ എന്നിവ കൃത്രിമമായി വർധിപ്പിക്കാൻ ക്രിയേറ്റർമാർ ബോട്ടുകളോ മറ്റ് ഓട്ടോമേറ്റഡ് ടൂളുകളോ ഉപയോഗിക്കരുത്. മോണിറ്റൈസേഷൻ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഉപയോക്താക്കളോട് പോസ്റ്റുകളിൽ ഇടപെടാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും എക്‌സ് നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകളെ പദ്ധതിയിൽനിന്ന് താൽക്കാലികമായോ സ്ഥിരമായോ നീക്കം ചെയ്യാൻ കഴിയുമെന്നും പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
നിലവിലെ റവന്യൂ ഷെയറിങ് ക്രിയേറ്റർമാർക്ക് എന്ത് സംഭവിക്കും? നിലവിൽ എക്‌സിന്റെ ക്രിയേറ്റര്‍ റവന്യൂ ഷെയറിങ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർ ഉടൻ തന്നെ പുതിയ പദ്ധതിയിലേക്ക് മാറേണ്ടതില്ല. സെപ്റ്റംബർ 7 വരെ നിലവിലെ പദ്ധതിയിലൂടെ വരുമാനം നേടുന്നത് തുടരാം. തുടർന്ന് സെപ്റ്റംബർ എട്ട് മുതൽ ഒറിജിനല്‍ കണ്ടന്‍റ് പദ്ധതിയിലേക്ക് പ്രവേശനം നൽകിത്തുടങ്ങും.
നേരത്തെ തന്നെ ഐഡി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും സാധുവായ പേയ്മെന്റ് മാർഗം ബന്ധിപ്പിക്കുകയും ചെയ്തിട്ടുള്ള ക്രിയേറ്റർമാർ ഈ നടപടികൾ വീണ്ടും പൂർത്തിയാക്കേണ്ടതില്ല. എന്നാൽ, മുൻകാല നയലംഘനത്തെ തുടർന്ന് നിലവിൽ മോണിറ്റൈസേഷൻ താൽക്കാലികമായി നിർത്തിവച്ചിട്ടുള്ളവർക്ക് ഇപ്പോൾ പുതിയ പദ്ധതിയിൽ ചേരാൻ അർഹതയുണ്ടാകില്ലെന്ന് എക്‌സ് വ്യക്തമാക്കി.
X, the prominent social media platform, has discontinued its Creator Revenue Sharing programme. The platform, owned by tech billionaire Elon Musk, is set to replace the Revenue Sharing programme with a new Original Content Rewards programme. The new programme will have stricter eligibility criteria and will place greater emphasis on original content.
X stopped accepting new creators into the Revenue Sharing programme from August 7, 2026. The existing programme will be completely discontinued on September 7, 2026.