'ലീഗാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്', മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്നും 'നിലമൊരുക്കാന്‍' ബിജെപി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ വിഭജന രാഷ്ട്രീയം കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം
'ലീഗാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്', മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്നും 'നിലമൊരുക്കാന്‍'  ബിജെപി
Published on

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച കോൺഗ്രസ് തീരുമാനം ലീഗിന്റെ സമ്മർദം മൂലമാണെന്ന ചർച്ച സജീവമാക്കി ബിജെപി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടാണ് ഇത്തരം ഒരു ചർച്ചയ്ക്ക് വഴിമരുന്നിടുന്നത്. ആര് മുഖ്യമന്ത്രിയായാലും ആദ്യം പാണക്കാട് എത്തുമെന്ന നിലയിൽ മുഖ്യമന്ത്രി ചർച്ചകൾക്കിടെ തന്നെ ബിജെപി നേതാക്കൾ പ്രതികരണങ്ങൾ നടത്തുന്നു. ഇതിനിടെ ലിഗ് ശക്തമായി പിന്തുണച്ച വി ഡി സതീശനെ മുഖ്യമന്ത്രിയായും പ്രഖ്യാപിച്ചതോടെ ആരോപണം കടുപ്പിക്കുകയാണ് ബിജെപി.

'ലീഗാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്', മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്നും 'നിലമൊരുക്കാന്‍'  ബിജെപി
അവസാന റൗണ്ടില്‍ ലീഡ് പിടിച്ച വി ഡി; ഹൈക്കമാന്‍ഡിനെ തിരുത്തിയ ഘടകങ്ങള്‍

കോൺഗ്രസിന്റെ 63 എംഎൽഎമാരേക്കാൾ ശക്തരാണ് മുസ്ലീം ലീഗിന്റെ 22 എംഎൽഎമാർ എന്ന് ഖ്യാതി സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. കോൺഗ്രസിനൊരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെങ്കിൽ ലീഗിന്റെ അനുവാദം വേണമെന്ന പഴയ ലൈനാണ് ബിജെപി ആവർത്തിക്കുന്നത്. അതായത്, ഇത്രനാൾ കാത്തിരുന്ന് കേരളത്തിനൊരു മുഖ്യമന്ത്രിയെ കിട്ടിയതിനേക്കാൾ, ലീഗിന്റെ സ്വാധീനമാണ് ബിജെപി ചർച്ചയാക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻ്റ് ലീഗ് നേതൃത്വത്തിന് മുന്നിൽ മുട്ട് കുത്തിയെന്ന് ബിജെപി നേതാവ് എം ടി രമേശ് ആരോപിച്ചിരുന്നു.

'ലീഗാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്', മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്നും 'നിലമൊരുക്കാന്‍'  ബിജെപി
'തിരിച്ചടിയിലും നയിക്കട്ടെ', പിണറായി പ്രതിപക്ഷ നേതാവ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ വിഭജന രാഷ്ട്രീയം കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം. രാഹുൽ ഗാന്ധിയും ഖാർഗെയും സാദിഖലി തങ്ങളുടെ കാലിൽ വീഴുന്ന വിധത്തിലുള്ള പോസ്റ്ററുകളും ബിജെപി ഹാൻഡിലുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പമാണ് സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിന്റെ സ്വാധീനം നഷ്ടമായെന്ന നിലയുള്ള ചർച്ചകൾ.

തങ്ങളുടെ അജണ്ടകൾക്ക് അനുകൂലമായി ബിജെപിക്ക് വീണുകിട്ടിയ ഒരു തുറുപ്പുചീട്ടാണ് വി.ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനം എന്നാണ് മറ്റൊരുവാദം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് പരസ്യ നിലപാട് എടുത്ത വി ഡി സതീശന്റെ വാക്കുകൾ ഉൾപ്പെടെ ഇതിനെ സാധൂകരിക്കാൻ ബിജെപി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്..

അതേസമയം ഇതാദ്യമായല്ല, ലീഗിന്റെ പേരിൽ കോൺഗ്രസ് വിവാദത്തിൽ പെടുന്നത്. അസമിൽ കോൺഗ്രസിനെ മുസ്ലിം ലീഗ് പാർട്ടി എന്ന് വിശേഷിപ്പിച്ചത് എഐയുഡിഎഫ് അധ്യക്ഷൻ ബദ്‌റുദ്ദീൻ അജ്മലാണ്. അസമിൽ കോൺഗ്രസിന്റെ 19ൽ 18 എംഎൽഎമാരും മുസ്ലിങ്ങളാണ് എന്ന ബിജെപിയുടെ വിമർശനത്തിന് പവൻ ഖേര നൽകിയ മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം. ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾക്ക് ഒരുപോലെ പ്രാതിനിധ്യം നൽകാത്തതിന് കാരണം കോൺഗ്രസ് ഒരു മുസ്ലിം ലീഗ് പാർട്ടിയായി മാറിയതാണെന്നായിരുന്നു അജ്മലിന്റെ വാക്കുകൾ.

ഇതേ പ്രസ്താവന ബിഹാർ ഇലക്ഷന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കോൺഗ്രസ് മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിന്റെ നീക്കങ്ങൾ ഘടകക്ഷികളെ ഉൾപ്പടെ പ്രതികൂലമായി ബാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങളോടെ ബിജെപി നടത്തിയ ക്യാംപെയ്‌നുകളും സുവേന്ദു അധികാരിയുടെ വിവാദ പ്രസ്താവനകളും ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. മുസ്ലിങ്ങളുടെ വോട്ട് നേടിയ മമത പരാജയപ്പെട്ടതും തന്റെ വിജയവും ഹിന്ദുത്വയുടെ വിജയം ആണെന്നായിരുന്നു അധികാരിയുടെ പരാമർശം.

English Summary: Congress picks V. D. Satheesan as Kerala CM; BJP fires ‘Muslim League’ jibes. Is the BJP attempting to replicate the strategy that helped it consolidate the Hindi heartland? And how do these jibes reinforce its broader political agenda?

Madism Digital
madismdigital.com