

കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് ശക്തമാവുന്നതിനിടെ പുതിയ നീക്കങ്ങളുമായി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ഗ്രൂപ്പുകൾ. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുന്നത്. വി.ഡി സതീശനൊപ്പമാണെന്ന് ലീഗ് നേരത്തെ തന്നെ പരസ്യമായി വ്യക്തമായിരുന്നു. എന്നാല്‍ ലീഗിലെ മറ്റു നേതാക്കളെ ഒപ്പം നിര്‍ത്താനായാല്‍ ആര്‍.സി, കെ.സി പക്ഷങ്ങൾക്ക് ആശ്വാസമാകും. ലീഗ് ആധികാരികമായി വി.ഡി സതീശനെ പിന്തുണച്ചിട്ടില്ലെന്ന വാദവും ഇതോടെ ഇരു ഗ്രൂപ്പുകള്‍ക്കും മുന്നോട്ടുവെക്കാം.
കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ കരുനീക്കങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എഐസിസി ചുമതലകള്‍ ഒഴിവാക്കി കേരളത്തിലേക്ക് കെ.സി ചേക്കേറുന്നതിനെ രാഹുല്‍ ഗാന്ധി പിന്തുണച്ചാല്‍ സ്ഥിതിഗതികള്‍ എല്ലാ മാറിമറിയും. രാഹുലിന്റെ സമ്മതം ലഭിച്ചാല്‍ കെ.സി നിയമസഭയിലെത്തുമെന്നതില്‍ സംശയവുമില്ല, എന്നാല്‍ മറിച്ചാണ് കാര്യങ്ങളെങ്കില്‍ കെ.സി ആരെ പിന്തുണയ്ക്കുമെന്നതും നിര്‍ണായകമാണ്. വോട്ടെണ്ണല്‍ തിയതി അടുത്തിട്ടും മുഖ്യമന്ത്രി കളത്തില്‍ ശക്തമായ സാന്നിധ്യമായി കെ.സി തുടരുന്നത് അണികളിലും ആകാംക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.
മൂന്നാം ഇടത് സര്‍ക്കാര്‍ വരില്ലെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്ഥാപിക്കാന്‍ സാധിക്കില്ലെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലേറുമെന്ന് തന്നെയാണ് ട്രെന്‍ഡ്. ഘടകകക്ഷികള്‍ വലിയ വിലപേശല്‍ നടത്തിയേക്കാവുന്ന സാഹചര്യം ഇതോടെ അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ സതീശനെ പിന്തുണച്ച ലീഗിന് മുന്നില്‍ മറ്റു വലിയ ഓഫറുകള്‍ വന്നാല്‍ ട്വിസ്റ്റുണ്ടാവാനുള്ള സാധ്യതകളും തള്ളാനായിട്ടില്ല. ധനമന്ത്രി സ്ഥാനം മുതല്‍ നിര്‍ണായക പങ്കാളിത്തമാണ് ഇത്തവണ ലീഗ് ആവശ്യപ്പെടാന്‍ സാധ്യത. പി.കെ കുഞ്ഞാലിക്കുട്ടിക്ക് നിര്‍ണായക സ്ഥാനം ലഭിക്കണമെന്ന കാര്യത്തില്‍ പാണാക്കാടുനിന്ന് സമ്മര്‍ദ്ദവും ഉണ്ടാവും. ആര്‍.സി, കെ.സി ഗ്രൂപ്പുകള്‍ പുതിയ ഓഫറുകള്‍ ലീഗിന് മുന്നില്‍വെക്കുമോയെന്ന് വരും ദിവസങ്ങളിലറിയാം.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍
ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നത്. പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍, സിഎന്‍എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് സുപ്രധാന പ്രവചനങ്ങള്‍.
English Summary: K. C. Venugopal and Ramesh Chennithala camps are making strategic moves in the Congress chief ministerial race. While V. D. Satheesan has backing from Indian Union Muslim League, rival factions are trying to secure broader support, making the leadership battle more intense ahead of final results.