ഭയത്തെ ആക്രമിച്ച് കീഴടക്കിയ തിലക്; നിസ്സഹായതയിൽ നിന്ന് റെക്കോർഡ് സെഞ്ച്വറിയിലേക്കൊരു 45 പന്ത് 'റോക്കറ്റ്' യാത്ര!

ആദ്യ 20 പന്തിൽ റണ്ണെടുക്കാൻ പതറി, സ്വന്തം ബാറ്റിനോട് പോലും ദേഷ്യം തോന്നി; ഒടുവിൽ ഹാർദിക് നൽകിയ ആ ഒരൊറ്റ ഉപദേശം തിലകിന്റെ കരിയർ തന്നെ മാറ്റിമറിച്ചു
Tilak Varma - Mumbai Indians
Tilak Varma - Mumbai IndiansBCCI
Published on

സ്പോർട്സിൽ 'മൈൻഡ് ഗെയിം' എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ തിലക് വർമ്മ നടത്തിയ പ്രകടനം.മത്സരത്തിന്റെ ആദ്യ പകുതിയിൽ നാം കണ്ടത് ക്രീസിൽ വല്ലാതെ കഷ്ടപ്പെടുന്ന ഒരു തിലകിനെയാണ്. മുംബൈ 5.5 ഓവറിൽ മൂന്ന് വിക്കറ്റിന് 46 റൺസ് എന്ന നിലയിൽ തകർന്നുനിൽക്കുമ്പോൾ, ക്രീസിലെത്തിയ തിലക് വല്ലാതെ സമ്മർദ്ദത്തിലായിരുന്നു. ആദ്യ 22 പന്തിൽ വെറും 19 റൺസ് മാത്രം. ഒരു സിക്സർ പോലും നേടാനാകാതെ, റാഷിദ് ഖാന്റെ പന്തുകളിൽ സിംഗിൾ എടുക്കാൻ പോലും സാധിക്കാതെ വന്നപ്പോൾ തിലക് തന്റെ ബാറ്റുകൊണ്ട് പാഡിൽ ആഞ്ഞടിക്കുന്നത് കണ്ടു. ആത്മരോഷമായിരുന്നു അത്.

ഹാർദിക്കിന്റെ മന്ത്രം: "ജസ്റ്റ് ഹിറ്റ് ദ ബോൾ"

മുംബൈ കോച്ച് മഹേല ജയവർധന തിലകിനെ 'റിട്ടയേർഡ് ഔട്ട്' ആക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സമയം. അവിടെയാണ് നായകൻ ഹാർദിക് പാണ്ഡ്യയുടെ ഇടപെടലുണ്ടാകുന്നത്. തന്റെ സുഹൃത്ത് മാനസികമായി തളരുന്നത് കണ്ട ഹാർദിക് ടൈം ഔട്ടിൽ നൽകിയ ഉപദേശം ലളിതമായിരുന്നു: "നീ വലിയ പ്രതിഭയാണ്, ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട. പന്ത് കാണുക, അടിക്കുക."

ആ വാക്കുകൾ തിലകിനെ തന്റെ ഉള്ളിലെ ഭയത്തിൽ നിന്ന് പുറത്തുകൊണ്ടുവന്നു. പിന്നീട് കണ്ടത് മറ്റൊരു തിലകിനെയാണ്. റാഷിദ് ഖാനെ ക്രീസിന് പുറത്തിറങ്ങി സിക്സറിന് തൂക്കിയതോടെ ആത്മവിശ്വാസം വാനോളമുയർന്നു.

Tilak Varma - Mumbai Indians
Tilak Varma - Mumbai IndiansBCCI

അശോക് ശർമയെ തകർത്തെറിഞ്ഞ 18-ാം ഓവർ

മത്സരത്തിന്റെ ഗതി മാറ്റിയത് 18-ാം ഓവറായിരുന്നു. അശോക് ശർമ എറിഞ്ഞ ആ ഓവറിൽ 6, 4, 4, 6, 6 എന്നിങ്ങനെ റൺസ് വാരിക്കൂട്ടിയ തിലക് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. 150 കിലോമീറ്റർ വേഗതയിൽ വന്ന പന്തുകളെ അനായാസം ഗാലറിയിലെത്തിച്ചപ്പോൾ അത് വെറുമൊരു ബാറ്റിംഗ് മാത്രമായിരുന്നില്ല, മുംബൈയുടെ തിരിച്ചുവരവിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. 22 പന്തിൽ 19 റൺസ് എന്ന നിലയിൽ നിന്ന് വെറും 15 പന്തുകൾ കൊണ്ട് തന്റെ സ്കോർ 75-ൽ എത്തിച്ച തിലക്, 45-ാം പന്തിൽ ഐപിഎൽ കരിയറിലെ കന്നി സെഞ്ച്വറിയും പൂർത്തിയാക്കി.

Tilak Varma - Mumbai Indians
ടീമിന്റെ തോൽവിയിൽ ഉള്ളുലഞ്ഞ് വൈഭവ്; ആശ്വസിപ്പിക്കാൻ ഓടിയെത്തി എതിർ ടീം പരിശീലകൻ-വീഡിയോ

ജയസൂര്യയുടെ റെക്കോർഡിനൊപ്പം

18 വർഷങ്ങൾക്ക് മുമ്പ് ലങ്കൻ ഇതിഹാസം സനത് ജയസൂര്യ സ്ഥാപിച്ച മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോർഡിനൊപ്പമാണ് തിലക് ഇന്ന് എത്തിയത്. അഞ്ചാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടുന്ന ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ താരം എന്ന അപൂർവ്വ നേട്ടവും ഈ 23-കാരൻ സ്വന്തമാക്കി.

തന്റെ ഉള്ളിലെ നിരാശയെ അഡ്രിനാലിൻ പ്രവാഹമാക്കി മാറ്റിയ തിലക് വർമ്മ, മുംബൈ ഇന്ത്യൻസിന് നൽകുന്നത് വലിയൊരു സന്ദേശമാണ്- പ്ലേ ഓഫ് മോഹങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന്!

English Summary: Tilak Varma rides 45-ball rollercoaster to IPL glory. From 19 off 22 balls to equalling the record for MI's fastest century, this was one wild ride

Related Stories

No stories found.
Madism Digital
madismdigital.com